പ്രതീകാത്മക ചിത്രം Image Source: Canva/www.mudhra.com
Markets

3 ദിവസത്തിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 36% ഇടിഞ്ഞു; ഇമുദ്രയിൽ സംഭവിക്കുന്നത് എന്ത്?

ഇതൊരു "മോശം ദിവസത്തിൽ സംഭവിച്ച ഒറ്റപ്പെട്ട സംഭവം" മാത്രമാണെന്നാണ് ഇമുദ്രയുടെ സഹസ്ഥാപകനായ കൗശിക് ശ്രീനിവാസൻ പ്രതികരിച്ചത്

Dhanam News Desk

CERT-In നൽകിയ സുരക്ഷാവീഴ്ച മുന്നറിയിപ്പിനെ തുടർന്ന് ഇ-മുദ്ര ഓഹരിയുടെ വില 36% ഇടിഞ്ഞു. ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ രഹസ്യ കോഡുകൾ ചോർന്നത് നിക്ഷേപകരിൽ ആശങ്ക പടർന്നു. എന്നാൽ, ഈ പ്രശ്നം കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സുകളെ ബാധിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) നൽകിയ ഗുരുതര സുരക്ഷാവീഴ്ചാ മുന്നറിയിപ്പിനെ തുടർന്ന് ഡിജിറ്റൽ സിഗ്നേച്ചർ രംഗത്തെ പ്രമുഖരായ ഇ-മുദ്ര ലിമിറ്റഡിന്റെ (BSE: 543533, NSE: EMUDHRA) ഓഹരികൾക്ക് വിപണിയിൽ വൻ തിരിച്ചടി. വ്യാഴാഴ്ചത്തെ (ഒക്ടോബർ 22) വ്യാപാരത്തിനിടയിലും 20 ശതമാനത്തോളം ഇടിവ് നേരിട്ട ഈ സ്മോൾ ക്യാപ് ഓഹരി 347 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരു വർഷ കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഇതോടെ തുടർച്ചയായ മൂന്ന് വ്യാപാര സെഷനുകളിലായി ഇമുദ്രയുടെ ഓഹരി വിലയിൽ 36 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.

എന്തുകൊണ്ടാണ് ഓ​ഹരി കൂപ്പുകുത്തിയത്?

വെബ്‌സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എട്ട് ഇന്റർമീഡിയറ്റ് സി.എ (Intermediate Certificate Authority) സർട്ടിഫിക്കറ്റുകളുടെ രഹസ്യ കോഡുകൾ (private keys) ചോർന്നതായി സർക്കാർ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) മുന്നറിയിപ്പ് നൽകിയതോടെയാണ് നിക്ഷേപകർക്കിടയിൽ ആശങ്ക പടർന്നത്. വെബ്‌സൈറ്റുകൾ, ഓൺലൈൻ ആശയവിനിമയങ്ങൾ, സോഫ്റ്റ്‌‍വെയർ എന്നിവ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഇമുദ്രയുടെ ആഗോളതലത്തിൽ വിശ്വസനീയമായ ഡിജിറ്റൽ-സർട്ടിഫിക്കറ്റ് ബിസിനസുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം.

അതേസമയം കമ്പനിയുടെ ഇന്ത്യ നിയന്ത്രിത ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റിനെയും ഇ-സൈൻ (eSign) സേവനങ്ങളെയും ഇത് ബാധിക്കില്ല. കേന്ദ്ര ഇലക്ട്രേണിക്സ്, ഐടി മന്ത്രാലയം (MeitY) ഇമുദ്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ സുരക്ഷാവീഴ്ച ഇന്ത്യൻ വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും ഉണ്ടാക്കിയ സ്വാധീനം വളരെ പരിമിതവും ഹ്രസ്വകാലവുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മാനേജ്‌മെന്റിന്റെ പ്രതികരണം

ഇതൊരു "മോശം ദിവസത്തിൽ സംഭവിച്ച ഒറ്റപ്പെട്ട സംഭവം" മാത്രമാണെന്നാണ് ഇമുദ്രയുടെ സഹസ്ഥാപകനായ കൗശിക് ശ്രീനിവാസൻ പ്രതികരിച്ചത്. സാങ്കേതിക തകരാറിനേക്കാളുപരിയായി കോഡിങ് സ്ക്രിപ്റ്റിലെ പിഴവാണ് ഇതിന് കാരണമായതെന്നും, കമ്പനിയുടെ ആന്തരിക സുരക്ഷാ-ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാവീഴ്ചയുണ്ടായ ബിസിനസ് വിഭാഗം, ഇമുദ്രയുടെ ആഗോള വരുമാനത്തിന്റെ ഏകദേശം ഒരു ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സായ ഡിജിറ്റൽ എന്റർപ്രൈസ് മേഖലയെ (Digital Enterprise Revenue) ഇത് ഒട്ടും ബാധിച്ചിട്ടില്ലെന്നും കൗശിക് ശ്രീനിവാസൻ വ്യക്തമാക്കി. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയഉദ്യോഗസ്ഥർ കമ്പനി സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇ-മുദ്ര തുടർന്നും ആവശ്യമായ വിവരങ്ങൾ നൽകിവരുന്നുണ്ട്. നിലവിലെ സാഹചര്യം കമ്പനിയുടെ മറ്റ് ബിസിനസ് മേഖലകളിലേക്ക് കൂടി വ്യാപിക്കുമെന്ന് കരുതുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

eMudhra shares fell sharply following a CERT-In security alert involving intermediate certificate authority private keys, raising questions about the incident’s business impact.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT