ഇന്ത്യന്‍ ഓഹരി വിപണിയിലെ വ്യാപാര സമയത്തിലും ക്ലോസിംഗ് രീതികളിലും ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതല്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പിലാകുന്നു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓഹരികള്‍ക്കായി 'ക്ലോസിംഗ് ഓക്ഷന്‍ സെഷന്‍' (CAS) എന്ന പുതിയ സംവിധാനമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NYSE), ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (LSE) തുടങ്ങിയ ആഗോള വിപണികളില്‍ നിലവിലുള്ള മാതൃകയാണിത്.
നിലവില്‍, ഒരു വ്യാപാരദിനത്തിലെ അവസാന 30 മിനിറ്റില്‍ നടക്കുന്ന ഇടപാടുകളുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് (Volume-Weighted Average Price) ഓഹരികളുടെ ആ ദിവസത്തെ ക്ലോസിംഗ് വില നിശ്ചയിക്കുന്നത്. എന്നാല്‍ പുതിയ രീതി അനുസരിച്ച്, വിപണി അവസാനിക്കുന്ന സമയത്ത് എത്തുന്ന വാങ്ങല്‍-വില്‍പന ഓര്‍ഡറുകള്‍ ഒരുമിച്ച് ശേഖരിച്ച് (Pooled), അവ ഒത്തുപോകുന്ന ഒരൊറ്റ സമതുലിത വിലയില്‍ (Single Equilibrium Price) വ്യാപാരം പൂര്‍ത്തിയാക്കും.
പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ പുതിയ നീക്കം:
പാസീവ് ഫണ്ടുകള്‍ക്ക് തുണ: മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഡെക്‌സ് ഫണ്ടുകളും വിപണി അടയ്ക്കുന്ന സമയത്താണ് വലിയ തോതില്‍ ഓഹരികള്‍ വാങ്ങാറുള്ളത്. അവസാന നിമിഷങ്ങളിലെ വലിയ ഓര്‍ഡറുകള്‍ ഓഹരി വിലയില്‍ അനാവശ്യ ചാഞ്ചാട്ടം ഉണ്ടാക്കുകയും ട്രാക്കിംഗ് എററുകള്‍ക്ക് (Tracking Error) കാരണമാകുകയും ചെയ്യാറുണ്ട്. പുതിയ രീതി ഇത് ഒഴിവാക്കും.
വില കൃത്രിമത്വം തടയാം: വ്യാപാരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വന്‍കിട ഓര്‍ഡറുകള്‍ നല്‍കി ഓഹരി വിലയും അതുവഴി വിപണി സൂചികകളെയും കൃത്രിമമായി സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എഫ് ആന്റ് ഒ ക്ലോസിംഗ് ഓക്ഷന്‍ സെഷന്‍ വരുന്നതോടെ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനാകും.വ്യാപാര സമയത്തിലും വ്യത്യാസം
പുതിയ നിര്‍ദേശം വരുന്നതോടെ ട്രേഡ് ചെയ്യുന്ന സെഗ്മെന്റ് അനുസരിച്ച് വിപണി അടയ്ക്കുന്ന സമയത്തിലും വ്യത്യാസമുണ്ടാകും. എഫ് ആന്റ് ഒ ഓഹരികള്‍ ഉച്ചയ്ക്ക് 3:15-ന് ഇവയുടെ സാധാരണ വ്യാപാരം അവസാനിക്കുകയും ക്ലോസിംഗ് ഓക്ഷന്‍ സെഷനിലേക്ക് മാറുകയും ചെയ്യും. മറ്റ് സാധാരണ ഓഹരികള്‍ (Non-F&O) പതിവുപോലെ വൈകുന്നേരം 3:30 വരെ വ്യാപാരം തുടരും. ഇന്‍ഡെക്സ് & സ്റ്റോക്ക് F&O കോണ്‍ട്രാക്ടുകള്‍ വൈകുന്നേരം 3:40 വരെ വ്യാപാരം നടക്കും.
ഈ പുതിയ രീതി വിപണിക്ക് സുതാര്യത നല്‍കുമെങ്കിലും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപകരെ കാര്യം പറഞ്ഞു മനസ്സിലാക്കുക എന്നത് തുടക്കത്തില്‍ വലിയ വെല്ലുവിളിയാകും. വ്യത്യസ്ത സെഗ്മെന്റുകള്‍ വ്യത്യസ്ത സമയങ്ങളില്‍ ക്ലോസ് ചെയ്യുന്നത് നിക്ഷേപകരില്‍ സംശയങ്ങള്‍ക്ക് ഇടയാക്കാം. കൂടാതെ, ബ്രോക്കറേജ് വരുമാനത്തില്‍ 1 മുതല്‍ 5 ശതമാനം വരെ ഇടിവുണ്ടാകാനും ഈ പരിഷ്‌കാരം കാരണമായേക്കാം എന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine