പ്രവാസി മലയാളി സംരംഭകനായ ഡോ. ഷംഷീര്‍ വയലിലില്‍ (Dr. Shamsheer Vayalil) നേതൃത്വം നല്‍കുന്ന അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ (Almasar Alshamil Education) ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം. സൗദി എക്‌സ്‌ചേഞ്ചിന്റെ പ്രധാന വിപണിയിലെ ലിസ്റ്റിങ്ങിന് മുന്നോടിയായാണ് ഐ.പി.ഒ വന്‍ മുന്നേറ്റമുണ്ടാക്കുന്നത്. ജിസിസിയിലെ സ്‌പെഷ്യലൈസ്ഡ് എജ്യൂക്കേഷന്‍ രംഗത്തെ മുന്‍നിര ദാതാവായ ഗ്രൂപ്പിന്റെ ബുക്ക് ബില്‍ഡിംഗ് പ്രക്രിയ ഏകദേശം 61.6 ബില്യണ്‍ സൗദി റിയാല്‍ (1.456 ട്രില്യണ്‍ രൂപ) മൂല്യം നേടി 102.9 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷനോടെ വിജയകരമായി പൂര്‍ത്തിയായി. അന്തിമ ഓഹരി വില 19.50 സൗദി റിയാലായി (460.53 രൂപ) ക്രമീകരിച്ചു.
ഏകദേശം 599 മില്യണ്‍ സൗദി റിയാല്‍ (14.14 ബില്യണ്‍ രൂപ) മൂല്യമുള്ള ഓഹരികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലിസ്റ്റിംഗ് സമയത്തെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 1,997 മില്യണ്‍ സൗദി റിയാലായിരിക്കും (47.17 ബില്യണ്‍ രൂപ).
മൂന്ന് ദിവസത്തേക്കാണ് വ്യക്തിഗത സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഐ.പി.ഒയില്‍ പങ്കെടുക്കാന്‍ അവസരം. നവംബര്‍ 18 ന് ആരംഭിക്കുന്ന ഓഫറിംഗ് നവംബര്‍ 20 ന് സൗദി സമയം രണ്ട് മണിക്ക് അവസാനിക്കും. അന്തിമ ഓഹരി വിലയിലായിരിക്കും ഓഹരികള്‍ വാങ്ങേണ്ടത്.
ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ നിക്ഷേപകര്‍ക്കുള്ള ശക്തമായ വിശ്വാസമാണ് മികച്ച പ്രതികരണത്തിലൂടെ പ്രകടമാക്കുന്നതെന്ന് അല്‍മസാര്‍ അല്‍ഷാമില്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. മുന്നോട്ടുള്ള യാത്രയിലും സമൂഹത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നല്ല മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഈ യാത്രയിലേക്ക് പുതിയ ഓഹരിയുടമകളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഓഫര്‍ ഷെയറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിഗത സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫോം പൂരിപ്പിച്ച് റിസീവിംഗ് ഏജന്റുമാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചെയ്യാം. മുന്‍പ് ഐ.പി.ഒയില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് അവരുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും, ലൈസന്‍സുള്ള ബ്രോക്കറേജില്‍ സജീവമായ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ഉണ്ടെങ്കിലും അവരുടെ റിസീവിംഗ് ഏജന്റ് നല്‍കുന്ന ഇന്റര്‍നെറ്റ്, ഫോണ്‍ അല്ലെങ്കില്‍ എടിഎം ചാനലുകള്‍ വഴിയും അപേക്ഷിക്കാം.
അന്തിമ അലോട്ട്‌മെന്റ് പ്രഖ്യാപനം നവംബര്‍ 26 നകം നടത്തും. കൂടാതെ അധിക സബ്സ്‌ക്രിപ്ഷന്‍ തുകകള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ രണ്ടിനകം തിരികെ നല്‍കും. ഓഫറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം കമ്പനിയുടെ ഓഹരികള്‍ സൗദി എക്‌സ്‌ചേഞ്ചിന്റെ പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്യും.
ജിസിസി മേഖലയിലെ വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോള്‍ഡിങ്സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് അല്‍മസാര്‍ അല്‍ഷാമില്‍ എജ്യുക്കേഷന്‍.
Read DhanamOnline in English
Subscribe to Dhanam Magazine