ഒരു സാധാരണ നിക്ഷേപകന്‍ ഇപ്പോള്‍ ആശങ്കയുടെ നടുവിലാകും. പ്രതീക്ഷയോടെ നടത്തിയ പല നിക്ഷേപങ്ങളുടെയും പ്രകടനം കാണുമ്പോള്‍ എങ്ങനെ സമാധാനം കിട്ടും? അനിശ്ചിതത്വം നിറയുന്ന ഈ കാലത്ത് ക്ഷമയും വിവേകവുമാണ് നിക്ഷേപകര്‍ക്ക് വേണ്ട രണ്ട് ഗുണങ്ങള്‍. എല്ലാ മുട്ടയും ഒരു കുട്ടയില്‍ നിക്ഷേപിക്കരുതെന്ന് പണ്ടേ പറയുന്നതു പോലെ നിക്ഷേപമെല്ലാം ഒരിടത്താക്കാതെ വൈവിധ്യവല്‍ക്കരിക്കണം. ക്ഷമയോടെ ദീര്‍ഘനാള്‍ കാത്തിരിക്കാനുള്ള മനസും വേണം.
നിലവില്‍ ലോകരാജ്യങ്ങളും സമ്പദ്വ്യവസ്ഥകളുമെന്ന പോലെ സാധാരണക്കാരും ഉറ്റുനോക്കുന്നത് യുദ്ധത്തിന്റെ പരിസമാപ്തിയിലേക്കാണ്. 'രണ്ട് ആഴ്ചക്കുള്ളില്‍ യുദ്ധം അവസാനിച്ചാല്‍ നഷ്ടം പരിമിതമായിരിക്കും. എന്നാല്‍ യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ബ്രെന്റ് ക്രൂഡ് വില 100 ഡോളറിനടുത്ത് തുടരുകയും ചെയ്താല്‍ സമ്പദ്വ്യവസ്ഥ, കറന്‍സി, ഓഹരി വിപണി എന്നിവയില്‍ ഗണ്യമായ സ്വാധീനമുണ്ടാകും. സാഹചര്യം കൂടുതല്‍ വഷളായി ക്രൂഡ് വില വീണ്ടും ഉയര്‍ന്നാല്‍ അതിന്റെ ആഘാതം ഗുരുതരമായിരിക്കാം,'' ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ പറയുന്നു.
ക്രൂഡ് വില ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കുകയും അതിലൂടെ രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാന്‍ ഇടയാക്കുകയും ചെയ്യും. ഇതോടെ ഇറക്കുമതികളുടെ ചെലവ് ഉയര്‍ന്ന് 'ഇംപോര്‍ട്ടഡ് ഇന്‍ഫ്ളേഷന്‍' വര്‍ധിക്കും. ആ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് നിലവിലുള്ള ധനനയ പ്രോത്സാഹനം തുടരുന്നത് ബുദ്ധിമുട്ടാകാം. വിലക്കയറ്റം കുത്തനെ ഉയര്‍ന്നാല്‍ പലിശനിരക്കുകള്‍ പോലും ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാകാം. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാം. ഇപ്പോള്‍ വിപണി ഈ ഭീതികളെ മുന്‍കൂട്ടി വിലയിരുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഈ അവസരത്തില്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നത് ബുദ്ധിമോശമായിരിക്കുമെന്നാണ് അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാളിന്റെ അഭിപ്രായം ''ഓഹരി വിപണിയില്‍ വലിയൊരു തിരുത്തല്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ഒട്ടുമിക്ക ഓഹരികളും സ്വരൂപിക്കാന്‍ പറ്റിയ രീതിയില്‍ വളരെ താഴ്ന്ന വിലയിലാണുള്ളത്. എങ്കിലും, അസ്ഥിരത നിലനില്‍ക്കുന്നത് കൊണ്ട് പിടിച്ചുനില്‍ക്കാനുള്ള കഴിവ് ഉണ്ടാകണം. വിപണി തിരിച്ചുവരുമെന്ന് ഉറപ്പാണ്; പക്ഷേ എന്നെന്ന് പറയാനാവില്ല,'' അദ്ദേഹം പറയുന്നു.
ഓരോ താഴ്ചക്കുമൊടുവില്‍ ഒരു ഉയര്‍ച്ചയുണ്ടെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മ ഒരു സന്ദേശത്തില്‍ പറയുന്നത്. ''നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണികള്‍ ചിലപ്പോഴൊക്കെ നിരാശാജനകമായിരിക്കും. ഇപ്പോഴുള്ളത് അത്തരമൊരു സമയമാണ്. മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നത് സംഘര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ വിപണികള്‍ ശക്തമായി തിരിച്ചുവരുന്നതാണ്. അതിനാല്‍ നിക്ഷേപകര്‍ നിക്ഷേപം തുടരണം,'' അദ്ദേഹം പറയുന്നു. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പദ്ധതിയില്ലാതെ ഓഹരി വിപണിയില്‍ പ്രവേശിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.
ഇപ്പോള്‍ തികച്ചും അസ്ഥിരമായ ഒരു വിപണിയാണുള്ളത്. യുദ്ധം നീണ്ടുനിന്നാല്‍ വ്യവസായത്തെയും തന്മൂലം സമ്പദ്ഘടനയെയും അത് ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. യുദ്ധം അവസാനിച്ചാല്‍ ഗള്‍ഫ് പുനര്‍നിര്‍മാണത്തിന് ധാരാളം സാധ്യതകള്‍ തുറക്കുമെന്ന് ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
''ഊര്‍ജം, പ്രതിരോധം, എന്‍ജിനീയറിങ്, ഇന്‍ഫ്ര, മെറ്റല്‍സ്, ഫാര്‍മ, ഹെല്‍ത്ത് എന്നിവയെല്ലാം ശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുള്ള മേഖലകളാണ്. ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നിവയും മുന്നേറും. അതുകൊണ്ടുതന്നെ ഇവയുടെ ഓഹരികളിലുള്ള നിക്ഷേപം നല്ലതായിരിക്കും. എന്നാല്‍, ട്രാവല്‍, എയര്‍ലൈന്‍, ഹോട്ടല്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സാധ്യത ഉടനെ കാണുന്നില്ല'' പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപത്തിന് ബാങ്കിങ് നല്ല മേഖലയാണെന്നാണ് അക്ഷയ് അഗര്‍വാളിന്റെ കണക്കുകൂട്ടല്‍. അതുപോലെ തന്നെ ഹെല്‍ത്ത്, ഫാര്‍മ, പ്രതിരോധം, എഫ്എംസിജി മേഖലകളും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധ്യത ഏറെയാണ്. ഡോ. വിജയകുമാറിന്റെ അഭിപ്രായത്തില്‍ വിവിധ മേഖലകളിലെ ഉയര്‍ന്ന ഫണ്ടമെന്റല്‍സുള്ള ഓഹരികള്‍ തിരിച്ചുയരും. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ മേഖലയിലെയും ഓട്ടോമൊബൈല്‍ മേഖലയിലെയും ഓഹരികള്‍ വീണ്ടെടുപ്പിനെ നയിക്കാനുള്ള സാധ്യതയുണ്ട്.
അടുത്തകാലയളവില്‍ വില കുതിച്ചുകയറിയതിനാല്‍ പെട്ടെന്ന് ഇനിയൊരു മുന്നേറ്റം ഉണ്ടായില്ലെങ്കിലും എക്കാലവും വിശ്വസിക്കാന്‍ പറ്റുന്ന ഒന്നാണ് സ്വര്‍ണമെന്ന് പ്രിന്‍സ് ജോര്‍ജ് അഭിപ്രായപ്പെടുന്നു. 2038-ഓടെ ലോകത്തെ സ്വര്‍ണ ഖനികള്‍ മുഴുവന്‍ ഓര്‍മയായി മാറും. അതുകൊണ്ട് സ്വര്‍ണം എല്ലായ്പോ
ഴും ആകര്‍ഷണീയമായിരിക്കുമെന്ന അഭിപ്രായമാണ് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ സിഇഒ ആന്‍ഡ് എംഡി രാമകൃഷ്ണന്‍ ടി.ബി (രാംകി) പങ്കുവെക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ഓഹരികള്‍ അമിത വിലയിലല്ല. എല്ലാ വ്യവസായത്തിനും ആവശ്യമായ ക്രൂഡ് ഓയിലിന്റെ കുതിപ്പ് ആശങ്കയാണെങ്കിലും വിപണിയുടെ തിരിച്ചുവരവില്‍ ഇപ്പോഴത്തെ നിക്ഷേപം ഒരു നഷ്ടമാവില്ലെന്ന് ഉറപ്പുണ്ട്. സെബി രജിസ്റ്റേര്‍ഡ് അനലിസ്റ്റ് കൂടിയായ രാംകി പറയുന്നു. ഫാര്‍മ, ഹെല്‍ത്ത്, ലോഹങ്ങള്‍, ബാങ്കിങ് എന്നീ മേഖലകളൊക്കെ കുതിച്ചുയരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
'യുദ്ധം മാസങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ വിപണി ഇനിയും ഇടിയുമെന്ന് വേണം കണക്കാക്കാന്‍. കൂടുതല്‍ മോശം വാര്‍ത്തകള്‍ ഉണ്ടാകും. വിപണി അതനുസരിച്ച് താഴും. ഓഹരി വിലകള്‍ കുറയും. അതായത് ഓഹരികള്‍ ലാഭത്തിന് വാങ്ങാവുന്ന സമയം വരാന്‍ പോകുന്നതേ ഉള്ളൂ. കയ്യില്‍ പണം കരുതി അവസരം കാത്തുനില്‍ക്കാം,'' മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനുമായ ടി.സി മാത്യു അഭിപ്രായപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine