കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ. സംഘര്‍ഷങ്ങള്‍ ഹ്രസ്വകാലത്തേക്ക് വിപണിയില്‍ ചില അസ്ഥിരതകൾക്ക് കാരണമാക്കിയേക്കാമെന്നാണ് ഓഹരി വിദഗ്ധർ കരുതുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തിൽ വിപണി ഇവയില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍ പറയുന്നു. ഓഹരി വിപണിയിലെ പ്രമുഖരായ വിജയ് കേഡിയ, പൊറിഞ്ചു വെളിയത്ത്, രാധിക ഗുപ്ത തുടങ്ങിയവർ സർക്കാരിന്റെ നടപടികളെ പ്രശംസിച്ചു.
ഇന്ത്യയുടെ നടപടി പ്രതികാരമല്ലെന്നും, മറിച്ച് നീതിയാണെന്നും പ്രശസ്ത നിക്ഷേപകനായ വിജയ് കേഡിയ പറഞ്ഞു. ഭീകരതയ്ക്ക് സൈനികര്‍ മറുപടി നൽകുമെന്നും വിജയ് കേഡിയ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഈഡല്‍വീസ് മ്യൂച്വൽ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാധിക ഗുപ്ത സമൂഹമാധ്യമമായ എക്സില്‍ എത്തി.
പഹൽഗാമിൽ ആക്രമണം നടത്തിയപ്പോള്‍ ഭീകരര്‍ പറഞ്ഞത് പോയി മോദിയോട് പറയാനാണ്. ഇത് ചൂണ്ടിക്കാട്ടി പൊറിഞ്ചു വെളിയത്ത് പറഞ്ഞത് മോദി അതുകേട്ടു എന്നാണ്.
ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനാൽ വിപണികൾ അസ്ഥിരമായിരിക്കുമെങ്കിലും ദീർഘകാലത്തേക്ക് ഇവയ്ക്ക് സ്വാധീനം ചെലുത്താനാകില്ലെന്ന് കംപ്ലീറ്റ് സർക്കിൾസിന്റെ ഗുർമീത് ഛദ്ദ പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍, ചൈന നിരക്കുകൾ കുറയ്ക്കുന്നത്, യുഎസ് ഫെഡിന്റെ ബോണ്ട് വാങ്ങൽ നടപടി എന്നീ മൂന്ന് പ്രധാന സംഭവവികാസങ്ങൾ വിപണിയെ പോസറ്റീവ് ആയി സ്വാധീനിക്കുമെന്നും ഗുർമീത് ഛദ്ദ പറഞ്ഞു.
ചരിത്രപരമായി ഇത്തരം സംഭവങ്ങളില്‍ ഹ്രസ്വകാല ഇടിവുകളാണ് ഉണ്ടാകാറുളളത്. കാർഗിൽ യുദ്ധം (-4%), പാർലമെന്റ് ആക്രമണം (-3%), മുംബൈ ആക്രമണങ്ങൾ (-4%), ബാലകോട്ട് വ്യോമാക്രമണം (-3%) തുടങ്ങിയ സംഭവിച്ചപ്പോള്‍ വിപണിക്ക് നേരിയ തോതില്‍ നഷ്ടം സംഭവിച്ചു.
എന്നാല്‍ കാർഗിൽ യുദ്ധത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ സെൻസെക്സ് 63 ശതമാനം ഉയർന്നു. പാർലമെന്റ് ആക്രമണത്തിന്റെ അടുത്ത വർഷം അത് 20 ശതമാനത്തിലധികം ഉയർന്നു. മുംബൈ ആക്രമണത്തിനുശേഷം 12 മാസത്തിനുള്ളിൽ സെൻസെക്സ് 60 ശതമാനം നേട്ടമുണ്ടാക്കി, ബാലാകോട്ടിന് ശേഷം വർഷാവസാനത്തോടെ അത് 15 ശതമാനം ഉയർന്നു. വിപണിയില്‍ ഹ്രസ്വകാല ജാഗ്രത ന്യായമാണെങ്കിലും വ്യക്തത തിരികെ വരുമ്പോൾ ഇന്ത്യൻ വിപണികൾ ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Despite short-term volatility from Operation Sindoor, experts highlight strong long-term resilience of Indian markets with historic post-conflict rallies.
Read DhanamOnline in English
Subscribe to Dhanam Magazine