പ്രതീകാത്മക ചിത്രം Image Source: Canva
Markets

എന്താണ് ഇവ‌രെ ആകർഷിക്കുന്നത്? വിദേശ ഫണ്ടുകളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുപോലെ വാങ്ങിക്കൂട്ടുന്ന 3 മെറ്റൽ ഓഹരികൾ

എഫ്.ഐ.ഐ-കളും ഡി.ഐ.ഐ-കളും ഒരുമിച്ച് ഓഹരി വിഹിതം കൂട്ടിയ ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഗോദാവരി പവർ & ഇസ്പാത്, മഹാരാഷ്ട്ര സീംലെസ് എന്നിവയിലുള്ള ആകർഷകണമെന്ത്?

Dhanam News Desk

2026 ജൂൺ പാദത്തിൽ മെറ്റൽ മേഖലയിലെ മൂന്ന് പ്രധാന ഓഹരികളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുമിച്ച് വിഹിതം ഉയർത്തിയതോടെ മേഖലയിലേക്കുള്ള വിശ്വാസം ശക്തമാകുന്നു. ആഗോള വിതരണ കുറവ്, സ്റ്റീൽ ഉത്പാദകർക്കുള്ള നയപരമായ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ മെറ്റൽ സൂചികയ്ക്ക് കരുത്തേകുമ്പോൾ ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഗോദാവരി പവർ & ഇസ്പാത്, മഹാരാഷ്ട്ര സീംലെസ് എന്നിവ ശ്രദ്ധാകേന്ദ്രമാകുന്നു.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും (FIIs) മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (DIIs) ഇന്ത്യൻ ഓഹരി വിപണിയുടെ അഭിവാജ്യ ഘടകങ്ങളാണ്. മിക്കപ്പോഴും ഒരേ ഓഹരിയിൽ വ്യത്യസ്ത നിലപാടുകളാണ് ഇരുകൂട്ടരും സ്വീകരിക്കാറുള്ളത്. എന്നാൽ 2026 ജൂൺ സാമ്പത്തിക പാദത്തിൽ, വിപണിയിൽ മുന്നേറ്റം നടത്തുന്ന മെറ്റൽ മേഖലയിലെ ഏതാനും ഓഹരികളിൽ ഇരുവിഭാ​ഗം സ്ഥാപന നിക്ഷേപകരും (​Institutional investors) ഒരുപോലെ നിക്ഷേപ വിഹിതം ഉയർത്തിയത് ശ്രദ്ധേയമാകുന്നു.

ആഗോള വിതരണത്തിലെ കുറവ്, ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്കുള്ള നയപരമായ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് മെറ്റൽ സൂചികയ്ക്ക് കരുത്തേകുന്നത്. വിദേശ നിക്ഷേപകരും ആഭ്യന്തര സ്ഥാപന നിക്ഷേപകരും ഒരുപോലെ താത്പര്യം കാണിച്ച 3 പ്രധാന മെറ്റൽ ഓഹരികളുടെ വിശകലനം നോക്കാം.

ജെ.എസ്.ഡബ്ല്യു സ്റ്റീൽ

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരായ ജെ.എസ്.ഡബ്ല്യു സ്റ്റീലിൽ (BSE: 500228, NSE: JSWSTEEL) വിദേശ നിക്ഷേപകരുടെ ഓ​​ഹരി വിഹിതം 25.37 ശതമാനത്തിൽ നിന്ന് 25.91 ശതമാനമായും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വിഹിതം അര ശതമാനത്തിലധികവും വർധിച്ചു.

  • സാമ്പത്തിക പ്രകടനം: 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 25,510 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭ മാർജിൻ (Operating Margin) 13 ശതമാനത്തിൽ നിന്ന് 16 ശതമാനമായി മെച്ചപ്പെട്ടു.

  • ശ്രദ്ധിക്കേണ്ട ഘടകം: ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY-26) ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ലാഭത്തിൽ ഏകദേശം 18,490 കോടി രൂപയുടെ അസാധാരണ വരുമാനവും (Exceptional Other Income) ഉൾപ്പെടുന്നുണ്ട്. ഇതിൽ 18,051 കോടി രൂപയും ബി.പി.എസ്.എൽ (BPSL) സ്റ്റീൽ ബിസിനസ്സിന്റെ 'സ്ലംപ് സെയിൽ' (slump sale), ഡീ-കൺസോളിഡേഷൻ എന്നിവയിലൂടെ ലഭിച്ച ഒറ്റത്തവണ അക്കൗണ്ടിംഗ് നേട്ടമാണ്.

ഗോദാവരി പവർ & ഇസ്പാത്

റായ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോദാവരി പവർ & ഇസ്പാത് (BSE: 532734, NSE: GPIL) കമ്പനിയിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 0.57 ശതമാനവും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 6 ശതമാനം വരെയുമായി നിക്ഷേപം ഉയർത്തി.

  • സാമ്പത്തിക പ്രകടനം: സ്വന്തമായി ഇരുമ്പയിര് ഘനികളുള്ളത് കമ്പനിക്ക് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ ചെറുക്കാൻ സഹായകമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) അറ്റാദായം 19.46 ശതമാനം വർധിച്ച് 920 കോടി രൂപയായി.

  • ഭാവി സാധ്യത: സ്റ്റീലിന് പുറമെ, 700 കോടി രൂപ നിക്ഷേപത്തിൽ 20 ​ജി​ഗാവാട്ട് അവർ (GWh) ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത് നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുന്നു.

മഹാരാഷ്ട്ര സീംലെസ്

കഴിഞ്ഞ സാമ്പത്തിക വർഷം ബിസിനസ് പ്രകടനം (അറ്റാദായം 720 കോടിയായി കുറഞ്ഞിരുന്നു) അൽപ്പം മങ്ങിപ്പോയെങ്കിലും മഹാരാഷ്ട്ര സീംലെസിൽ (BSE: 500265, NSE: MAHSEAMLES) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 2.56 ശതമാനത്തിൽ നിന്ന് 3.09 ശതമാനമായും വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 9.72 ശതമാനമായും വർധിപ്പിച്ചു. (FY26-ൽ

  • പോസിറ്റീവ് ഘടകങ്ങൾ: വ്യവസായ മേഖലയുടെ ശരാശരി പി.ഇ അനുപാതമായ 26 മടങ്ങിനെ അപേക്ഷിച്ച് 10 മടങ്ങിലുള്ള താഴ്ന്ന വാല്യുവേഷൻ, കടബാധ്യയില്ലാത്ത ബാലൻസ് ഷീറ്റ്, ഓഹരിയൊന്നിന് 10 രൂപ വീതം ഡിവിഡന്റ് എന്നിവ കമ്പനിയെ ആകർഷകമാക്കുന്നു.

  • കമ്പനിയെ രണ്ടാക്കി വിഭജിക്കാനുള്ള (Demerger) ഡയറക്ടർ ബോർഡ് തീരുമാനവും ഭാവിയിൽ വിപണി മൂല്യം ഉയർത്താൻ സഹായിച്ചേക്കാം.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ഥാപന നിക്ഷേപകർ ഓഹരി പങ്കാളിത്തം ഉയർത്തിയെന്നതുകൊണ്ട് മാത്രം നിക്ഷേപത്തിനായി അത് മാനദണ്ഡമാക്കരുത്. അന്താരാഷ്ട്ര കമ്മോഡിറ്റി വിലകളിലെ ചാഞ്ചാട്ടങ്ങൾ മെറ്റൽ കമ്പനികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കാറുണ്ട്. കമ്പനിയുടെ ബിസിനസ് നിലവാരം, ഓഹരിയുടെ നിലവിലെ വാല്യുവേഷൻ എന്നിവ സ്വതന്ത്രമായി വിലയിരുത്തിയ ശേഷം മാത്രമേ നിക്ഷേപ സംബന്ധമായ തീരുമാനം കൈക്കൊള്ളുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT