ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധ-എയ്റോസ്പേസ്, പുനരുപയോഗ ഊർജ്ജം എന്നീ വലിയ വളർച്ച പ്രകടമാക്കുന്ന സെക്ടറുകളിൽ പ്രവർത്തിക്കുന്ന ജെ.എസ്.ഡബ്ല്യു ഇൻഫ്രാ, ഡാറ്റ പാറ്റേൺസ്, പ്രീമിയർ എനർജീസ് തുടങ്ങിയ കമ്പനികളിൽ വിദേശ നിക്ഷേപകരും ആഭ്യന്തര ഫണ്ടുകളും ഒരുപോലെ ഓഹരി പങ്കാളിത്തം ഉയർത്തുന്നു. മികച്ച സാമ്പത്തിക അടിത്തറ, വമ്പൻ ഓർഡർ ബുക്ക്, വലിയ ക്യാപെക്സ് പദ്ധതികൾ എന്നിവ ഭാവി വരുമാന സാധ്യതകൾക്ക് പിന്തുണയാകുമ്പോഴും ഉയർന്ന വാല്യുവേഷൻ, പദ്ധതികളിലെ നിർവ്വഹണ റിസ്ക് ഘടകങ്ങളും പ്രത്യേകമായി വിലയിരുത്തണം.
വിദേശ നിക്ഷേപക സ്ഥാപനങ്ങളും (FIIs) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും (DIIs) ഒരു കമ്പനിയിലുള്ള തങ്ങളുടെ ഓഹരി പങ്കാളിത്തം ഒരുപോലെ വർധിപ്പിക്കുന്നതിലൂടെ വിപണിക്ക് ലഭിക്കുന്നത് ശക്തമായ സൂചനയാണ്. കമ്പനിയുടെ ഭാവി വരുമാന സാധ്യതകൾ, കോർപ്പറേറ്റ് ഗവേണൻസ് മികവ്, കൃത്യമായ വാല്യൂവേഷൻ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് ശേഷമാണ് വൻകിട നിക്ഷേപക സ്ഥാപനങ്ങളുടെ മൂലധനം വിപണിയിലേക്ക് എത്തുന്നത്. സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്ക് എളുപ്പത്തിൽ ലഭ്യമാകാത്ത സൗകര്യങ്ങളാണിത്.
വ്യത്യസ്ത നിക്ഷേപ ശൈലിയും വ്യത്യസ്ത നിക്ഷേപ കാലയളവും ഉള്ള ആഭ്യന്തര/വിദേശ ഫണ്ടുകൾ സമാന ലക്ഷ്യത്തോടെ ഒരു ഓഹരിയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നിരുന്നാലും, വൻകിട നിക്ഷേപകരുടെ ഇത്തരം ഓഹരി നിക്ഷേപം എപ്പോഴും കൃത്യമാകണമെന്നില്ല. പോർട്ട്‌ഫോളിയോ പുനഃക്രമീകരണം (Portfolio Rebalancing), സൂചികകളിലെ മാറ്റങ്ങൾ (Index Inclusion), ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കങ്ങൾ എന്നിവയെല്ലാം ചിലപ്പോൾ ഇത്തരത്തിലുള്ള വൻ നിക്ഷേപങ്ങളായി വ്യാഖ്യാനിക്കപ്പെടാം.
ചുരുക്കത്തിൽ, നിക്ഷേപത്തിനായി മികച്ച ഓഹരികളെ കണ്ടെത്തുന്നതിനുള്ള ഒരു മാനദണ്ഡമായി ആഭ്യന്തര/വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിഹിതം ക്രമാനുഗതമായി വർധിക്കുന്നതിനെ കണക്കിലെടുക്കാമെങ്കിലും, ഓഹരി വാങ്ങാനുള്ള ഏക കാരണമായി ഇതിനെ കണക്കാക്കരുതെന്നും വിപണി വിദഗ്ധർ സൂചിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ സാമ്പത്തിക പാദ കാലയളവിൽ (Q1 FY27) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും ഒരുപോലെ വാങ്ങിക്കൂട്ടിയ 3 മികച്ച മിഡ് ക്യാപ് ഓഹരികളുടെ വിശദാംശം നോക്കാം.
തുറമുഖ വികസന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിന്റെ (BSE: 543994, NSE: JSWINFRA) ഓഹരി പങ്കാളിത്ത ഘടനയിൽ പ്രകടമായ മാറ്റം രേഖപ്പെടുത്തിയാണ് ജൂൺ സാമ്പത്തികപാദം കടന്നുപോയത്. വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 6.92 ശതമാനത്തിൽ നിന്ന് 10.71 ശതമാനമായി വർധിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 2.43 ശതമാനത്തിൽ നിന്ന് 9.19 ശതമാനത്തിലേക്കും കുത്തനെ ഉയർന്നു. കമ്പനിയുടെ സാമ്പത്തിക ഭദ്രത വെളിവാക്കുന്ന കഴിഞ്ഞ മൂന്ന് വർഷത്തെ വാർഷിക വളർച്ചാ നിരക്ക് (CAGR) പരിശോധിച്ചാൽ വരുമാനത്തിൽ 18.8 ശതമാനവും അറ്റാദായത്തിൽ (Net Profit) 27.3 ശതമാനം വീതവും സംയോജിത വാർഷിക വളർച്ചയാണ് കുറിച്ചിരിക്കുന്നത്.
അതേസമയം ദീർഘകാല വളർച്ച ലക്ഷ്യമിട്ട് കൃത്യമായ ബിസിനസ്സ് റോഡ്മാപ്പാണ് ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ മുന്നോട്ട് വെക്കുന്നത്. 2030-ഓടെ പോർട്ട് കപ്പാസിറ്റി 2.4 മടങ്ങ് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കമ്പനി, ഇതിനായി 9,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് (Capex) ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ 8,000 കോടി രൂപയുടെ വാർഷിക വരുമാനമാണ് ജെ.എസ്.ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, റെയിൽവേയുടെ 'ഗതിശക്തി' കാർഗോ ടെർമിനലുകളിലേക്കുള്ള വിപുലീകരണ പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.
പ്രതിരോധ—എയ്റോസ്പേസ് ഇലക്ട്രോണിക്സ് മേഖലയിലെ മുൻനിര സ്വകാര്യ കമ്പനിയായ ഡാറ്റ പാറ്റേൺസ് ഇന്ത്യയിൽ (BSE: 543428, NSE: DATAPATTNS) ആഭ്യന്തര ഫണ്ടുകൾക്ക് പിന്നാലെ വിദേശ നിക്ഷേപകരും പങ്കാളിത്തം വർധിപ്പിക്കുകയാണ്. മാർച്ച് സാമ്പത്തിക പാദത്തിലെ 11.54 ശതമാനത്തിൽ നിന്നും വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 12.47 ശതമാനമായി ഉയർന്നപ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 11.68 ശതമാനമായും വർധിച്ചു.
പുതിയ ഓർഡറുകൾ നേടുന്നതിലുണ്ടായ 216 ശതമാനത്തിന്റെ വൻ വളർച്ചയോടെ 2026 സാമ്പത്തിക വർഷം കമ്പനിക്കുള്ള പുതിയ ഓർഡറുകൾ 1,121 കോടി രൂപയിൽ എത്തിയതും മെയ് പകുതിയോടെ മൊത്തം ഓർഡർ ബുക്ക് (കരാർ മൂല്യം) 2,062 കോടി രൂപയായി ഉയർന്നതും വിപണിയിൽ ഡാറ്റ പാറ്റേൺസിനോടുള്ള നിക്ഷേപക താത്പര്യം വർധിപ്പിക്കാൻ സഹായിച്ചുവെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അതുപോലെ കടബാധ്യതകളില്ലാത്ത നെറ്റ്-കാഷ് ബാലൻസ് ഷീറ്റാണ് (Net-Cash Balance Sheet) ഡാറ്റ പാറ്റേൺസിന്റെ ഏറ്റവും വലിയ സാമ്പത്തിക കരുത്ത്. വരും വർഷങ്ങളിൽ ലാഭക്ഷമത 38 മുതൽ 40 ശതമാനം വരെ ഉയർത്തി പ്രവർത്തന ലാഭത്തിന്റെ (EBITDA) മാർജിൻ നിലനിർത്താനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലെ വർധിച്ചുവരുന്ന ആവശ്യകതകൾ മുന്നിൽക്കണ്ട് മികച്ച ബിസിനസ്സ് വളർച്ചയാണ് ദീർഘ കാലയളവിൽ ഡാറ്റ പാറ്റേൺസ് വിഭാവനം ചെയ്യുന്നത്.
ഇന്ത്യയിലെ ഹരിതോർജ്ജ വിപ്ലവത്തിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്നും സോളാർ സെൽ/മോഡ്യൂൾ നിർമ്മാണ രംഗത്തെ പ്രമുഖരുമായ പ്രീമിയർ എനർജീസിലും (BSE: 544238, NSE: PREMIERENE) ഓഹരി ഘടനയിൽ മാറ്റങ്ങൾ ദൃശ്യമാണ്. കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 4.38 ശതമാനത്തിൽ നിന്ന് 5.72 ശതമാനമായി വർധിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 13.69 ശതമാനം എന്ന ഉയർന്ന നിരക്കിൽ സുരക്ഷിതമായി നിലനിർത്തിയിട്ടുമുണ്ട്.
അതേസമയം തെലങ്കാനയിൽ 5.6 ജിഗാവാട്ട് (GW) ശേഷിയുള്ള സോളാർ മോഡ്യൂൾ പ്ലാന്റ് അടുത്തിടെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് വിപണിയിൽ പ്രീമിയർ എനർജീസിന്റെ വിശ്വാസ്യത വീണ്ടും ഉയർത്തി. രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖലയിലുണ്ടാകുന്ന വൻ ഡിമാൻഡ് ലക്ഷ്യമിട്ട് സോളാർ സെല്ലുകൾ, വേഫറുകൾ, ബാറ്ററികൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിനായി 2027 സാമ്പത്തിക വർഷത്തിൽ 5,100 കോടി രൂപയുടെ വമ്പൻ മൂലധന നിക്ഷേപമാണ് (Capex) പ്രീമിയർ എനർജീസ് ആസൂത്രണം ചെയ്യുന്നത്.
അടിസ്ഥാന സൗകര്യ വികസനം (ഇൻഫ്രാ), പ്രതിരോധം, പുനരുപയോഗ ഊർജ്ജം (Renewables) എന്നീ സെക്ടറുകളിൽ പ്രകടമാകുന്ന ശ്രദ്ധേയമായ വളർച്ചയാണ് ഈ മിഡ് ക്യാപ് കമ്പനികളിലേക്ക് സ്ഥാപന നിക്ഷേപകരെ ആകർഷിക്കുന്നത്. എങ്കിലും വൻകിട വികസന പദ്ധതികൾ (Capex) നടത്തുന്ന/നടപ്പിലാക്കുന്ന കമ്പനികളായതുകൊണ്ട് തന്നെ, ഇതിന്റെ നിർവ്വഹണത്തിലുള്ള റിസ്കുകളും ഓഹരികളുടെ ഉയർന്ന വാല്യുവേഷനും റീട്ടെയിൽ നിക്ഷേപകർ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine