പ്രതീകാത്മക ചിത്രം Image Source: Canva
Markets

അടുത്തിടെ വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടുന്ന 3 ബാങ്കിംഗ് ഓഹരികൾ; വില ₹200-ൽ താഴെ

വിപണിയിൽ വിൽപ്പന സമ്മർദം തുടരുന്നതിനിടയിലും ജമ്മു & കശ്മീർ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡി.സി.ബി ബാങ്ക് എന്നിവയിൽ വിദേശ നിക്ഷേപകർ ഓഹരി വിഹിതം വർധിപ്പിച്ചു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ പരിശോധിക്കാം

Dhanam News Desk

ജമ്മു & കശ്മീർ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡി.സി.ബി ബാങ്ക് എന്നീ 3 സ്വകാര്യ ബാങ്കുകളിലും വിദേശ നിക്ഷേപകർ 2026 ഏപ്രിൽ-ജൂൺ പാദത്തിൽ ഓഹരി വിഹിതം ഉയർത്തി. റെക്കോഡ് ലാഭം, ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു, നിക്ഷേപ-വായ്പ വിഭാഗങ്ങളിലെ വളർച്ച എന്നിവ പൊതുവായ അനുകൂല ഘടകങ്ങളാണ്. നിലവിൽ ഈ ഓഹരികളുടെ വില 200 രൂപയിൽ താഴെയാണ്.

സമീപകാലത്ത് ഇന്ത്യൻ വിപണിയിൽ സ്ഥിരമായി വിൽപ്പന സമ്മർദം ഉയർത്തുന്നവരാണ് വിദേശ സ്ഥാപന നിക്ഷേപകർ (FIIs). എന്നിരുന്നാലും അനുകൂല ഘടകങ്ങൾ മറഞ്ഞിരിക്കുന്ന ഓഹരികൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ ഇക്കൂട്ടർ സജീവമായി നടത്തുന്നുണ്ട്. ഇത്തരത്തിൽ 2026 ഏപ്രിൽ—ജൂൺ ത്രൈമാസ കാലയളവിനിടെ ബാങ്കിംഗ് മേഖലയിൽ നിന്നുള്ള ഓഹരികളിലും അതീവ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പുകളാണ് വിദേശ നിക്ഷേപകർ നടത്തിയിട്ടുള്ളത്. വിപണിയിലെ പൊതുവായ ട്രെൻഡിനേക്കാൾ ഉപരിയായി സ്വന്തം ബിസിനസിൽ ശക്തമായ തിരിച്ചുവരവ് പ്രകടമാക്കുന്ന മൂന്ന് ബാങ്കുകളിലാണ് വിദേശ നിക്ഷേപകർ പ്രധാനമായും ഓഹരി വിഹിതം ഉയർത്തിയത്. ഇതിന്റെ വിശദാംശം നോക്കാം.

ജമ്മു & കശ്മീർ ബാങ്ക്

ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വാണിജ്യ ബാങ്കിം​ഗ് സ്ഥാപനമാണ് ജമ്മു & കശ്മീർ ബാങ്ക് ലിമിറ്റഡ് (BSE: 532209, NSE: J&KBANK). 'പണ്ടത്തെ സ്വകാര്യ മേഖല ബാങ്ക്' എന്ന ​ഗണത്തിലാണ് റിസർവ് ബാങ്ക് (ആർ.ബി.ഐ) ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ജമ്മു & കശ്മീർ ബാങ്കിന്റെ 60 ശതമാനത്തോളം ഓഹരി വിഹിതവും ജമ്മു & കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് ആണെന്നതും ശ്രദ്ധേയം. അതേസമയം ബാങ്കിൽ വിദേശ നിക്ഷേപകർക്കുണ്ടായിരുന്ന ഓഹരി വിഹിതത്തിൽ ജൂൺ പാദത്തിനിടെ ഒരു ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പാദത്തിൽ 8.4 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ജൂൺ പാദത്തിനൊടുവിൽ 9.4 ശതമാനത്തിലേക്ക് ഉയർന്നു.

  • പ്രധാന മാറ്റങ്ങൾ: ഡിപ്പോസിറ്റ് വിപുലീകരണം, ക്രോസ്-സെല്ലിംഗ്, കോ-ലെൻഡിംഗ് പങ്കാളിത്തം എന്നിവയ്ക്കായി പുതിയ വിഭാഗങ്ങൾ ബാങ്ക് സജ്ജമാക്കി. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുഡ് ക്രെഡിറ്റ് കൺസോർഷ്യത്തിൽ വീണ്ടും ഉൾപ്പെടുത്തിയതും ജമ്മു & കശ്മീർ ബാങ്കിനുള്ള അനുകൂല ഘടകമാണ്.

  • സാമ്പത്തിക പ്രകടനം: 2020 സാമ്പത്തിക വർഷത്തിൽ നഷ്ടം രേഖപ്പെടുത്തി ബാങ്ക്, പിന്നീടിങ്ങോട്ട് മികച്ച അറ്റാദായം തുടർച്ചയായി കരസ്ഥമാക്കി ശ്രദ്ധേയ ബിസിനസ് പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിന്റെ പ്രതിഫലനമെന്നോണം 2020 മാർച്ചിൽ 12-13 രൂപ പരിധിയിൽ വ്യാപാരം ചെയ്യപ്പെട്ടിരുന്ന ജമ്മു & കശ്മീർ ബാങ്ക് ഓഹരി ഇപ്പോൾ 175 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് (BSE: 532218, NSE: SOUTHBANK). ഇക്കഴിഞ്ഞ ജൂൺ സാമ്പത്തിക പാദത്തിനിടയിലും ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തിൽ 1.18 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പാദത്തിനൊടുവിൽ 24.21 ശതമാനമായിരുന്ന എഫ്.ഐ.ഐ വിഹിതം ജൂൺ പാദത്തിനൊടുവിൽ 25.39 ശതമാനമായി ഉയർന്നു. ഇതോടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 25 ശതമാനം മറികടന്നു. 2024 സെപ്റ്റംബർ മുതലിങ്ങോട്ടുള്ള എല്ലാ സാമ്പത്തിക പാദങ്ങളിലും വിദേശ നിക്ഷേപകർ സൗത്ത് ഇന്ത്യൻ ബാങ്കിലെ ഓഹരി പങ്കാളിത്തം ക്രമാനു​ഗതമായി വർധിപ്പിക്കുകയാണെന്നതും ശ്രദ്ധേയം.

  • റെക്കോർഡ് ലാഭം: 2025-26 സാമ്പത്തിക വർഷത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയ അറ്റാദായം 1,455 കോടി രൂപയാണ്. ബാങ്ക് വാർഷികമായി കരസ്ഥമാക്കുന്ന എക്കാലത്തെയും മികച്ച ലാഭക്കണക്കുകളാണിത്. ബാങ്കിലെ ആകെ നിക്ഷേപം 15 ശതമാനം വാർഷിക വളർച്ചയോടെ 1,23,346 കോടി രൂപയായി.

  • കിട്ടാക്കടം കുറഞ്ഞു: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം കിട്ടാക്കടം (Gross NPA) 3.2 ശതമാനത്തിൽ നിന്ന് 1.43 ശതമാനമായും അറ്റ കിട്ടാക്കടം (Net NPA) 0.92 ശതമാനത്തിൽ നിന്ന് 0.29 ശതമാനമായും കുറഞ്ഞു. ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപവും ബാങ്കിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സഹായിച്ചു. ചുരുക്കത്തിൽ ബാങ്കിന്റെ ആസ്തിനിലവാരം (Asset Quality) മെച്ചപ്പെട്ടുവെന്ന് സാരം.

ഡി.സി.ബി ബാങ്ക്

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ പുതുതലമുറ ബാങ്കിം​ഗ് സ്ഥാപനങ്ങളിലൊന്നാണ് ഡി.സി.ബി ബാങ്ക് ലിമിറ്റഡ് (BSE: 532772, NSE: DCBBANK). ഇക്കഴിഞ്ഞ ജൂൺ സാമ്പത്തിക പാദത്തിലും ഡിസിബി ബാങ്കിലെ വിദേശ നിക്ഷേപക പങ്കാളിത്തത്തിൽ വർധന പ്രകടമായി. മാർച്ചിലെ 12.7 ശതമാനത്തിൽ നിന്നും ജൂൺ സാമ്പത്തിക പാദത്തിനൊടുവിൽ ബാങ്കിലെ എഫ്.ഐ.ഐ വിഹിതം 13.5 ശതമാനമായി ഉയർന്നു. 2025 സെപ്റ്റംബറിനു ശേഷമുള്ള തുടർച്ചയായ നാല് സാമ്പത്തിക പാദങ്ങളിലും ഡി.സി.ബി ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

  • തുടർച്ചയായ മൂന്നാം പാദത്തിലും റെക്കോഡ്: 2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 206 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഡി.സി.ബി ബാങ്ക് നേടിയത്. ഇതോടെ ബാങ്കിന്റെ വാർഷിക ലാഭം 732 കോടി രൂപയായി ഉയർന്നു.

  • ബിസിനസ് വളർച്ച: ഡി.സി.ബി ബാങ്കിന്റെ വായ്പകൾ (Advances) 18 ശതമാനവും നിക്ഷേപങ്ങൾ (Deposits) 21 ശതമാനം വീതവും വളർച്ച രേഖപ്പെടുത്തി. വായ്പകളിൽ നിന്നും പുതിയ കിട്ടാക്കടമായി മാറുന്നതിന്റെ അനുപാതമായ സ്ലിപ്പേജ് അനുപാതം (Slippage ratio) 3.09 ശതമാനത്തിൽ നിന്ന് 2.28 ശതമാനമായി കുറഞ്ഞതും ബാങ്കിന്റെ സാമ്പത്തിക ഭദ്രത വെളിവാക്കുന്നു.

നിക്ഷേപകർ ശ്രദ്ധിക്കാൻ:

വിദേശ നിക്ഷേപകരുടെ ഓ​ഹരി പങ്കാളിത്തം ക്രമാനു​ഗതമായി ഉയരുന്നത് കമ്പനിയിലുള്ള വിശ്വാസ്യതയുടെ സൂചനയാണെങ്കിലും ഇതു മാത്രം നോക്കി നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം എടുക്കരുത്. വിദേശ വിപണിയിലെ പലിശ നിരക്കുകൾ, രൂപയുടെ വിനിമയ മൂല്യം തുടങ്ങിയ ആഗോള ഘടകങ്ങളും എഫ്.ഐ.ഐ ഒഴുക്കിനെ സ്വാധീനിക്കാറുണ്ട്. അതിനാൽ ബാങ്കിന്റെ അറ്റ പലിശ മാർജിൻ (NIM), ആസ്തി ഗുണനിലവാരം (Asset Quality), ഓഹരിയുടെ വാല്യുവേഷൻ എന്നിവ പരിശോധിച്ച ശേഷം മാത്രം നിക്ഷേപിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT