Image courtesy: Canva
Markets

മൂന്ന് മാസത്തിനിടെ വിദേശ നിക്ഷേപകർ വാങ്ങിയ 50 രൂപയിൽ താഴെയുള്ള 2 കുഞ്ഞൻ ഓഹരികൾ; നിങ്ങളുടെ കൈവശമുണ്ടോ?

ബാങ്കിങ്, ഹെൽത്ത്കെയർ മേഖലയിൽ നിന്നുള്ള ഓരോ സ്മോൾ ക്യാപ് ഓഹരികളിലാണ് ഇക്കഴിഞ്ഞ ഡിസംബർ പാ​ദത്തിനിടെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 7 ശതമാനത്തിലധികം വർധിച്ചിട്ടുള്ളത്.

Dhanam News Desk

ഒരു ലി​സ്റ്റഡ് കമ്പനിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്ഐഐ) ഓഹരി പങ്കാളിത്തത്തിന്റെ തോത് എത്രത്തോളം ഉണ്ടെന്നത് അതിന്റെ ക്വാളിറ്റിയിലേക്കും കൂടിയുള്ള ചൂണ്ടുപലകയാണ്. കമ്പനിയും അത് ഉൾപ്പെടുന്ന സെക്ടറിനെയും കുറിച്ചു ആഴത്തിലും ശാസ്ത്രീയമായും പഠിക്കാനുള്ള ശേഷിയും ട്രെൻഡ് മാറ്റം തിരിച്ചറിഞ്ഞുള്ള നിക്ഷേപ രീതിയും ഒക്കെയാണ് ഇതിനുള്ള കാരണം.

അടുത്തിടെയായി വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം വർധിപ്പിക്കുന്ന ഏതാനും ഓഹരികളുണ്ട്. ഇക്കൂട്ടത്തിൽ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 7 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ വിപണി വില 50 രൂപ നിലവാരത്തിൽ താഴെയുള്ളതുമായ രണ്ട് ഓഹരികൾ ഉൾപ്പെടുന്നു. ഈ കുഞ്ഞൻ ഓഹരികളുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.

1. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

2016 നവംബറിൽ റിസർവ് ബാങ്കിൽ നിന്നും ലൈസൻസ് ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ വാരണാസി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ധനകാര്യ സ്ഥാപനമാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്. വൻകിട ബാങ്കുകളിൽ നിന്നും സേവനം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന താഴ്ന്ന വരുമാനക്കാരെയും ചെറുകിട ബിസിനസ് സ്ഥാപനങ്ങളേയും ലക്ഷ്യമിട്ടുള്ള ധനകാര്യ സേവനങ്ങളിലാണ് ഈ ബാങ്ക് ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ​ഗണ്യമായി വർധിച്ചതു കാണാം.

2025 സെപ്റ്റംബർ പാദത്തിനൊടുവിൽ 1.68 ശതമാനം ഉണ്ടായിരുന്ന ഓ​ഹരി വിഹിതം 2025 ഡിസംബ‌ർ പാദത്തിനൊടുവിൽ 11.80 ശതമാനത്തിലേക്കാണ് വിദേശ നിക്ഷേപകർ ഉയർത്തിയത്. മൂന്ന് മാസത്തിനിടെ 10.12 ശതമാനം വർധന. വ്യാഴാഴ്ച രാവിലെ 14.10 രൂപ നിലവാരത്തിലാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ ഓഹരിയിൽ 25 ശതമാനം ഇടിവ് നേരിട്ടു. മൈക്രോഫിനാൻസ് മേഖലയിൽ നിന്നുള്ള സമ്മർദം കാരണം സമീപകാലത്ത് ബാങ്കിന്റെ ബിസിനസ് പ്രകടനം അത്ര മെച്ചമായിരുന്നില്ല.

2. ലുക്ക് ഹെൽത്ത് സർവീസസ്

സ്കിൻ കെയർ, ഹെയർ ട്രാൻസ്പ്ലാന്റ്, ഡെന്റൽ സർജറി എന്നിവ ഉൾപ്പെടുന്ന കോസ്മെറ്റിക്, നോൺ-കോസ്മെറ്റിക് ചികിത്സ സേവനങ്ങൾ നൽകുന്ന ക്ലിനിക് ശൃംഖലയാണ് ലുക്ക് ഹെൽത്ത് സർവീസസ് ലിമിറ്റഡ്. മുംബൈ, ​ഗോവ എന്നിവടങ്ങളിലാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. 2011-ലാണ് കമ്പനിയുടെ തുടക്കം. നിലവിൽ ലുക്ക് ഹെൽത്ത് സർവീസസിന്റെ വിപണി മൂല്യം 6.41 കോടി രൂപയാണ്. മറ്റ് സാമ്പത്തിക ഘടകങ്ങളും അത്ര ആരോ​ഗ്യകരമായ നിലവാരത്തിലല്ല രേഖപ്പെടുത്തുന്നത്. പ്രൊമോട്ടറുടെ കമ്പനിയിലെ ഓഹരി വിഹിതം പൂജ്യത്തിലേക്ക് താഴ്ന്നു.

പക്ഷേ അടുത്തിടെയായി ലുക്ക് ഹെൽത്ത് സർവീസസിൽ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ​ഗണ്യമായി വർധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ പാദത്തിൽ 9.31 ശതമാനമായിരുന്ന കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓ​ഹരി വിഹിതം 2025 ഡിസംബ‌ർ പാദത്തിനു ശേഷം 16.99 ശതമാനത്തിലേക്കാണ് ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓ​ഹരി പങ്കാളിത്തത്തിൽ 7.68 ശതമാനം വർധന. അതേസമയം 6.50 രൂപ നിലവാരത്തിലാണ് ഇപ്പോൾ ലുക്ക് ഹെൽത്ത് സർവീസസ് ഓഹരി ബിഎസ്ഇയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ ഓഹരിയുടെ ഫേസ് വാല്യൂ 10 രൂപ നിലവാരത്തിലും പ്രതിയോഹരി ബുക്ക് വാല്യൂ 14.13 രൂപ നിലവാരത്തിലുണ്ടെന്നതും ശ്രദ്ധേയം.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

വിദേശ നിക്ഷേപകർ വാങ്ങുന്നു എന്നതുകൊണ്ട് മാത്രം ഒരു ഓഹരി മികച്ചതായിരിക്കണം എന്നില്ല. കമ്പനിയുടെ ബിസിനസിന് ഭാവിയിൽ എത്രത്തോളം സാധ്യതയുണ്ട്, സ്ഥരിതയാ‌ർന്ന നിലയിൽ വരുമാന വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ടോ, മുഖ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള ക്യാഷ് ഫ്ലോയുടെ നിലവാരം, അച്ചടക്കത്തോടെയുള്ള മൂലധന വിന്യാസം, നീതികരിക്കാവുന്ന നിലയിലുള്ള ഓഹരിയുടെ മൂല്യമതിപ്പ് (വാല്യൂവേഷൻ) എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ മെച്ചപ്പെട്ട നിലവാരവും പ്രകടനവും കാഴ്ച വെക്കുമ്പോഴാണ് ഒരു ഓഹരിക്ക് ദീർഘകാലയളവിൽ നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിക്കാൻ കഴിയുകയുള്ളൂ.

Disclaimer:

മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT