Markets

ഓഹരി വിപണിയെ ഞെട്ടിച്ച് അവധൂത് സാഠേ, ₹546 കോടി തിരികെ നല്‍കാന്‍ ഉത്തരവിട്ട് സെബി, വിപണി വിലക്ക് വേറെയും

ഒരു ഫിന്‍-ഇന്‍ഫ്‌ളുവന്‍സറിനെതിരെ സെബി എടുക്കുന്ന ഏറ്റവും വലിയ നടപടികളില്‍ ഒന്നാണിത്

Dhanam News Desk

ഓഹരി വിപണിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു തട്ടിപ്പ് വാര്‍ത്ത കൂടി പുറത്തു വരികയാണ്. ഓഹരി വിപണിയിലെ പരിശീലന പരിപാടികളുടെ മറവില്‍ നിയമവിരുദ്ധമായി നിക്ഷേപ ഉപദേശവും റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങളും നല്‍കിയെന്നാരോപിച്ച് പ്രമുഖ ഫിന്‍-ഇന്‍ഫ്‌ലുവന്‍സര്‍ ആയ അവധൂത് ദിന്‍കര്‍ സാഠേയ്ക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സാഠേ ട്രേഡിങ് അക്കാദമിക്കും (ASTA) സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്ക് ഏര്‍പ്പെടുത്തി.

മാത്രമല്ല, ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ 546.16 കോടി രൂപയുടെ ലാഭം (Unlawful Gains) തിരികെ നല്‍കാനും സെബി ഉത്തരവിട്ടു. ഒരു ഫിന്‍-ഇന്‍ഫ്‌ളുവന്‍സറിനെതിരെ സെബി എടുക്കുന്ന ഏറ്റവും വലിയ നടപടികളില്‍ ഒന്നാണിത്.

തട്ടിപ്പ് ഇങ്ങനെ

2017 മുതല്‍ 2025 വരെയുള്ള കാലയളവിലെ സാഠേയുടെ പ്രവര്‍ത്തനങ്ങളാണ് സെബി നിരീക്ഷിച്ചത്. ഇക്കാലയളവില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് പരിശീലന കോഴ്‌സുകളുടെ മറവില്‍ സാഠേയും അക്കാദമിയും 3.37 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് 601 കോടി രൂപ പിരിച്ചെടുത്തതായി കണ്ടെത്തി. 2024 മാര്‍ച്ചില്‍ സാഠേയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനാലാണ് കടുത്ത നടപടിയിലേക്ക് സെബി നീങ്ങിയത്.

അവധൂത് സാഠേയ്‌ക്കോ അക്കാദമിക്കോ നിക്ഷേപ ഉപദേഷ്ടാവ് (Investment Advisor) അല്ലെങ്കില്‍ റിസര്‍ച്ച് അനലിസ്റ്റ് (Research Analyst) ആയി സെബിയില്‍ രജിസ്‌ട്രേഷനില്ല. കോഴ്‌സ് നടത്തുന്നതിനിടയിലും ക്ലോസ്ഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും സാഠെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ (Stock Tips), ടാര്‍ഗെറ്റുകള്‍, സ്റ്റോപ്പ്-ലോസ് ലെവലുകള്‍ എന്നിവ നല്‍കി. കോഴ്‌സുകളില്‍ പങ്കെടുത്തവരുടെ ലാഭമുണ്ടാക്കിയ ട്രേഡുകള്‍ മാത്രം തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുകയും വന്‍ വരുമാനം ഉറപ്പുനല്‍കി പരസ്യം ചെയ്യുകയും ചെയ്തുകൊണ്ട് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പരിശീലന സെഷനുകളില്‍ തത്സമയ വിപണി ഡാറ്റ (Live Market Data) ഉപയോഗിച്ചതായും സെബി കണ്ടെത്തി.

അക്കാദമിക്കും സാഠേയ്ക്കും എതിരെ കര്‍ശനമായ നടപടികളാണ് സെബി സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ ഉത്തരവുണ്ടാകുന്നതുവരെ സെക്യൂരിറ്റീസ് വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും ഓഹരി വ്യാപാരം നടത്തുന്നതില്‍ നിന്നും ഇരുവരെയും വിലക്കി. ഇതുവഴി സമ്പാദിച്ച 546.16 കോടി രൂപ തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഈ തുക അവധൂത് സാഠേയും അദ്ദേഹത്തിന്റെ അക്കാദമിയും സംയുക്തമായി നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശക അല്ലെങ്കില്‍ റിസര്‍ച്ച് അനലിസ്റ്റ് സേവനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാദമിയുമായി ബന്ധപ്പെട്ട എല്ലാ വെബ്‌സൈറ്റുകളും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും നീക്കം ചെയ്യണം. നിലവിലെ കോഴ്‌സ് പങ്കാളികളില്‍ നിന്ന് ഇനി ഫീസ് വാങ്ങരുതെന്നും താക്കീത് നല്‍കിയിട്ടുണ്ട്.

ആരാണ് അവധൂത് സാഠേ

പൂനെയില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് സാഠേ. ഹെക്‌സാവെയര്‍ ടെക്‌നോളജീസില്‍ ജോലി ചെയ്തിരുന്ന സാഠേ പിന്നീട് മുഴുവന്‍ സമയ വ്യാപാരിയും (ട്രേഡര്‍) പരിശീലകനുമായി മാറി. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തുള്ള സമയത്താണ് അദ്ദേഹത്തിന് ഓഹരി വിപണികളില്‍ താല്‍പര്യം വര്‍ദ്ധിച്ചത്. തുടര്‍ന്ന് 2007-ല്‍ മുഴുവന്‍ സമയ ട്രേഡിംഗിനായി ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചു.

2008-ല്‍, വെറും 12 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സാഠേ തന്റെ ആദ്യത്തെ സെമിനാര്‍ ആരംഭിച്ചു. കാലക്രമേണ, അദ്ദേഹത്തിന്റെ 'അവധൂത് സാഠേ ട്രേഡിംഗ് അക്കാദമി' ഇന്ത്യയിലുടനീളം വികസിച്ചു. നാല് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളായിരുന്നു നടത്തിയിരുന്നത്. ഏകദേശം 18,000 രൂപയായിരുന്നു ഫീസ്. ടെക്‌നിക്കല്‍ അനാലിസിസ്, ലൈവ്-മാര്‍ക്കറ്റ് സെഷനുകള്‍, മെന്റര്‍ഷിപ്പ് എന്നിവ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രചോദനാത്മകമായ സംസാരരീതി, വൈകാരിക ശൈലി, ചെറുകിട നഗരങ്ങളിലെ നിക്ഷേപകരുമായുള്ള ശക്തമായ ബന്ധം എന്നിവ കാരണം പെട്ടെന്ന് പ്രശസ്തനായി. സാഠേയുടെ യൂട്യൂബ് ഫോളോവേഴ്‌സിന്റെ എണ്ണം 10 ലക്ഷത്തിലധികമാണ്.

SEBI bans finfluencer Avadhut Sathe, orders ₹546 crore refund for illegal advisory services.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT