ഇന്ത്യൻ ഓഹരി വിപണിയിൽ നവംബർ ആദ്യ പകുതിയിൽ (നവംബർ 1 മുതൽ 15 വരെ) വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (FPI) നിക്ഷേപം പ്രധാനമായും രണ്ട് മേഖലകളിൽ വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിച്ചത്. ഈ കാലയളവിൽ വിപണിയിൽ മൊത്തം 5.2 കോടി (52 മില്യൺ) ഡോളറിന്റെ അറ്റ നിക്ഷേപമാണ് (net inflow) രേഖപ്പെടുത്തിയത്.
വിദേശ നിക്ഷേപം ഏറ്റവും അധികം ഒഴുകിയെത്തിയ മേഖലയായി ടെലികമ്മ്യൂണിക്കേഷൻ മാറി. ഈ രംഗത്തേക്ക് 1,061 മില്യൺ ഡോളറിന്റെ വൻകിട നിക്ഷേപമാണ് എഫ്‌പിഐകൾ നടത്തിയത്. ഇത് മറ്റ് എല്ലാ മേഖലകളേക്കാളും വളരെ ഉയർന്ന ഒഴുക്കായിരുന്നു. ഇതിന് പിന്നാലെ സോവറിൻ ഡെറ്റ് ഫണ്ടുകൾ (454 മില്യൺ ഡോളർ), ഓയിൽ, ഗ്യാസ്, കൺസ്യൂമബിൾ ഫ്യുവൽസ് (337 മില്യൺ ഡോളർ) എന്നീ മേഖലകളിലേക്കും കാര്യമായ നിക്ഷേപം എത്തിയതായി നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററീസ് ലിമിറ്റഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാൽ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിൽ വിൽപ്പന തുടര്‍ന്നു. ഈ കാലയളവിലെ ഏറ്റവും വലിയ മേഖലാപരമായ പുറത്തേക്കുള്ള ഒഴുക്ക് (outflow) ഐടിയിലാണ് രേഖപ്പെടുത്തിയത്- 518 മില്യൺ ഡോളർ. ഈ വർഷം ജനുവരി മുതൽ ഏകദേശം 8,572 മില്യൺ ഡോളറാണ് ഐടിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്. ഐടിക്ക് പുറമെ ഉപഭോക്തൃ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിലും കാര്യമായ വിൽപ്പന നടന്നു.
ആഗോളതലത്തില്‍ സാങ്കേതിക ചെലവുകളില്‍ ജാഗ്രത പാലിക്കുന്നതാണ് ഐടി മേഖലയിലെ ഈ തുടർച്ചയായ വിൽപ്പനയ്ക്ക് കാരണം. എങ്കിലും, നിലവിലെ ആകർഷകമായ മൂല്യനിർണയങ്ങളും രൂപയുടെ മൂല്യത്തിലുള്ള കുറവും എഐ (AI) സേവനങ്ങളുടെ വളരുന്ന ആവശ്യകതയും ഐടി മേഖലയ്ക്ക് ഒരു തിരിച്ചു വരവിന് അവസരമൊരുക്കുന്നുണ്ടെന്ന് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സമീപ ഭാവിയിൽ ഐടി ഓഹരികളുടെ പ്രകടനത്തിൽ ഇത് മാറ്റം വരുത്താനിടയുണ്ട്.
Foreign investment in the market in mid-November: Telecom sector gains, IT stocks sell off.
Read DhanamOnline in English
Subscribe to Dhanam Magazine