പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഇന്ത്യൻ വിപണിക്ക് ഇനി നല്ലകാലമോ? 4 മാസത്തെ കടുത്ത വിറ്റൊഴിക്കലിന് ശേഷം വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

നാലുമാസത്തെ കനത്ത വിറ്റൊഴിക്കലിന് വിരാമം കുറിച്ച് ജൂലൈയിൽ 15,412 കോടി രൂപയുടെ അറ്റ നിക്ഷേപവുമായി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തി

Dhanam News Desk

നാലുമാസത്തെ കനത്ത വിറ്റൊഴിക്കലിന് ശേഷം ജൂലൈയിൽ വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിൽ അറ്റ വാങ്ങലുകാരായി മാറി. 15,412 കോടി രൂപയുടെ നിക്ഷേപം വന്നുവെങ്കിലും 2026-ൽ ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ 2.59 ലക്ഷം കോടി രൂപയുടെ അറ്റ വിൽപ്പനയാണ് നടന്നിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തിന് ശമനമായതും ക്രൂഡ് വില ഇടിഞ്ഞതും പോർട്ട്ഫോളിയോയുടെ സാങ്കേതിക പുനഃക്രമീകരണവും ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നു.

തുടർച്ചയായ നാല് മാസത്തെ രൂക്ഷമായ വിറ്റൊഴിക്കലിനു ശേഷം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs), ജൂലൈ മാസത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വാങ്ങുന്നപക്ഷത്ത് (Net Buyers) നിലയുറപ്പിച്ചു. ജൂലൈയിൽ ഇതുവരെയായി 15,412 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ ഇന്ത്യൻ വിപണിയിൽ നടത്തിയിരിക്കുന്നത്. മാർച്ച് മാസത്തിനുശേഷം ഇതാദ്യമായാണ് വിദേശ നിക്ഷേപകരുടെ ഭാ​ഗത്തുനിന്നുമുള്ള വിൽപ്പന സമ്മർദത്തിന് ശമനം കാണുന്നത്.

എൻ.എസ്.ഡി.എൽ (NSDL) നൽകുന്ന കണക്കുകൾ പ്രകാരം മാർച്ചിൽ 1.17 ലക്ഷം കോടി രൂപ, ഏപ്രിലിൽ 60,847 കോടി രൂപ, മേയിൽ 32,963 കോടി രൂപ, ജൂണിൽ 49,340 കോടി രൂപ എന്നിങ്ങനെ മൂല്യംവരുന്ന ഇന്ത്യൻ കമ്പനികളുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത്. ജൂലൈയിൽ പ്രകടമാകുന്ന വിദശ നിക്ഷേപകരുടെ തിരിച്ചുവരവ് ആശ്വാസകരമാണെങ്കിലും 2026-ൽ ഇതുവരെയായി 2.59 ലക്ഷം കോടി രൂപയുടെ അറ്റ വിൽപനയാണ് എഫ്.പി.ഐകൾ ഇന്ത്യൻ വിപണിയിൽ നടത്തിയിട്ടുള്ളത്.

സാങ്കേതിക തിരുത്തൽ മാത്രം?

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവുണ്ടായതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് ജൂലൈയിൽ വിദേശ നിക്ഷേപകരുടെ വിൽപ്പനയിൽ ശമനമുണ്ടായതിനുള്ള പ്രധാന കാരണമെന്ന് അനലി​സ്റ്റുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് ആഗോള ഫണ്ടുകളുടെ നിക്ഷേപത്തിന്റെ സാങ്കേതിക പുനഃക്രമീകരണം (Tactical Repositioning) മാത്രമാണെന്നും സ്ഥിരതയാർന്ന നിലയിൽ വിദേശ നിക്ഷേപകർ ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഇപ്പോഴത്തെ ട്രെൻഡിനെ വച്ച് മാത്രം പറയാനാകില്ലെന്നും അവർ പറയുന്നു.

ഏഷ്യൻ വിപണികളിലെ എ.ഐ (AI) കമ്പനികളുടെ ഓഹരികളിൽ കേന്ദ്രീകരിച്ചിരുന്ന നിക്ഷേപങ്ങളിൽ നിന്നും പെട്ടെന്നുണ്ടായ പിൻവാങ്ങലാണ് മറ്റൊരു കാരണമെന്ന് വേറൊരുവിഭാ​ഗം അനലി​സ്റ്റുകളും ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണ കൊറിയ, തായ്‌‍വാൻ വിപണികളിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കപ്പെട്ടപ്പോൾ, ഇന്ത്യൻ ലാർജ് ക്യാപ് ഓഹരികളിൽ നടന്ന ഷോർട്ട് കവറിംഗ് (Short covering) വിപണിക്ക് കരുത്തായതാണെന്നും അവർ വ്യക്തമാക്കുന്നു.

2026-ലെ എഫ്.പി.ഐ ട്രെൻഡ് ഒറ്റനോട്ടത്തിൽ:

  • മാർച്ച് - ജൂൺ വിറ്റൊഴിക്കൽ --------► ₹2.60 ലക്ഷം കോടിയോളം പുറത്തേക്ക്.

  • ജൂലൈ മാസത്തെ നിക്ഷേപം --------► ₹15,412 കോടി തിരികെ വിപണിയിലേക്ക്.

  • ഐപിഒ/പ്രൈമറി മാർക്കറ്റ് --------► ₹33,000 കോടിയുടെ നിക്ഷേപം (FY26).

ഐ.പി.ഒയിൽ താത്പര്യമേറുന്നു

സെക്കൻഡറി വിപണിയിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഇന്ത്യൻ കമ്പനികളുടെ പ്രാഥമിക പൊതുഓഹരി വിൽപ്പനകളിൽ അഥവാ ഐ.പി.ഒ (IPO) വിപണിയിൽ വിദേശ നിക്ഷേപകർ സജീവമായിരുന്നു. ഈ വർഷം ഇതുവരെ പ്രൈമറി മാർക്കറ്റിലൂടെ 33,000 കോടിയോളം രൂപയാണ് ഇവർ നിക്ഷേപിച്ചിരിക്കുന്നത്. ന്യായമായ വാല്യുവേഷനിൽ ലഭ്യമാകുന്ന പുതിയ ബിസിനസുകളുടെ ഓഹരികളിൽ വിദേശ നിക്ഷേപകർക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നാണ് ഈ നീക്കം വെളിവാക്കുന്നത്.

ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ

വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലിനെ മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഒക്കെ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (DIIs) ശക്തമായി പ്രതിരോധിച്ചു. പ്രതിമാസം 25,000 കോടിയിലധികം രൂപയുടെ നിക്ഷേപം വരുന്ന എസ്.ഐ.പി (SIP) സ്കീമുകളുടെ കരുത്തിൽ ഈ വർഷം ഇതുവരെയായി 5 ലക്ഷം കോടിയിലധികം രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കിയിട്ടുള്ളത്.

അതേസമയം നിലവിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 14 വർഷത്തെ താഴ്ന്ന നിരക്കായ 14.4 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ, മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി വിഹിതം 11.5 ശതമാനമായി ഉയർന്നു. വിദേശ നിക്ഷേപത്തോടുള്ള ഇന്ത്യൻ വിപണിയുടെ അമിത ആശ്രിതത്വം കുറഞ്ഞുവെങ്കിലും ആഭ്യന്തര ഫണ്ടുകളിലെ ക്യാഷ് റിസർവ് കുറയുന്നത് വരും ദിവസങ്ങളിൽ വിപണിയെ ഒരു നിശ്ചിത പരിധിക്കുള്ളിൽ (Range-bound) നിലനിർത്താൻ സാധ്യതയുണ്ടെന്നും അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT