Image courtesy: Canva
Markets

ഇന്ത്യയുടെ ഭദ്രതയില്‍ അവര്‍ക്ക് പേടിയില്ല, പാക് സംഘര്‍ഷത്തിനിടയിലും ഇന്ത്യന്‍ വിപണിയില്‍ പണമൊഴുക്കി വിദേശ നിക്ഷേപകര്‍; 14 ദിവസത്തിനിടയില്‍ എത്തിയത് ₹ 44,000 കോടി

കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ദൈർഘ്യമേറിയ വാങ്ങൽ പരമ്പര

Dhanam News Desk

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ സന്ദര്‍ഭത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യൻ ഓഹരി വിപണിയോടുള്ള സമീപനം ശ്രദ്ധേയമാകുകയാണ്. വിദേശ നിക്ഷേപകര്‍ വലിയ ശുഭാപ്തിവിശ്വാസമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രകടിപ്പിക്കുന്നത്.

ഏപ്രില്‍ 22 നാണ് ഭീകരര്‍ പഹൽഗാമില്‍ അതിക്രൂരമായ ആക്രമണം നടത്തുന്നത്. അതിനു ശേഷം തുടർച്ചയായ 14-ാം സെഷനിലും അവർ മികച്ച വാങ്ങൽ തുടരുകയാണ്. ഇന്ത്യൻ ഓഹരി വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നതാണ് ഇത്. ഇന്ത്യൻ ഓഹരികളിലേക്ക് ആകെ 43,940 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്.

പടിഞ്ഞാറന്‍ വിപണികളെക്കാൾ മികച്ച പ്രകടനം

ഈ കാലയളവിൽ നിഫ്റ്റി 50, സെന്‍സെക്‌സ് എന്നിവ ഒന്‍പത് ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്. പടിഞ്ഞാറന്‍, ഏഷ്യൻ വിപണികളെക്കാൾ മികച്ച പ്രകടനമാണ് ആഭ്യന്തര വിപണി കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിദേശ നിക്ഷേപകരുടെ ഏറ്റവും ദൈർഘ്യമേറിയ വാങ്ങൽ പരമ്പരയാണ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും നടന്നത്.

സെപ്റ്റംബറിൽ ഇന്ത്യൻ സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തിയതിനുശേഷമുളള മാസങ്ങളിൽ വലിയതോതിൽ വിദേശ നിക്ഷേപകർ വിൽപ്പനക്കാരായി മാറിയിരുന്നു. 2024 ഒക്ടോബറിന് ശേഷം വിദേശ നിക്ഷേപകര്‍ ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചു.

നഷ്ടങ്ങളിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചു

എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ആഗോള വ്യാപാര മാന്ദ്യത്തെ മറ്റു രാജ്യങ്ങളേക്കാള്‍ നന്നായി അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസം വളർന്നുവരുന്ന സാഹചര്യമാണ് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിനുളള കാരണം. അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നാണ് കരുതുന്നത്. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളെക്കുറിച്ച് കഴിഞ്ഞയാഴ്ച, പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും താരിഫ് കരാറിന് അന്തിമരൂപം നൽകുന്നതിന് അടുത്തെത്തിയതായും ട്രംപ് സൂചന നല്‍കി.

ആഭ്യന്തര വാങ്ങലിനൊപ്പം വിദേശ നിക്ഷേപവും എത്തിയതോടെ ഇന്ത്യൻ വിപണി അവയുടെ നഷ്ടങ്ങളിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചു. നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആർ‌ബി‌ഐ റിപ്പോ നിരക്ക് രണ്ടുതവണ കുറച്ചതും വായ്പകള്‍ വർദ്ധിപ്പിക്കുന്നതിനായി സാമ്പദ് വ്യവസ്ഥയിലേക്ക് പണം ലഭ്യമാക്കിയതും അടക്കമുളള ആഭ്യന്തര അടിസ്ഥാന ഘടകങ്ങളും വിപണിയുടെ തിരിച്ചു വരവിനുളള കാരണങ്ങളാണ്.

Despite Indo-Pak tensions, foreign investors pumped ₹44,000 crore into Indian markets in just 14 days.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT