Markets

വിദേശികള്‍ക്കൊപ്പം ബോണ്ടും രൂപയും ചതിച്ചു, നാലാം നാളും നഷ്ടക്കച്ചവടം തുടര്‍ന്ന് വിപണി, നിക്ഷേപകരുടെ നഷ്ടം ₹2.76 ലക്ഷം കോടി

പ്രധാന സൂചികകളെക്കാള്‍ കനത്ത തിരിച്ചടി നേരിട്ടത് മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലാണ്

Resya Raveendran

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ച രേഖപ്പെടുത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തിയതും സൂചികകളില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് 31 പോയിന്റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്റ് നഷ്‌ത്തോടെ 25,986ല്‍ ക്ലോസ് ചെയ്തു. പ്രധാന സൂചികകളെക്കാള്‍ കനത്ത തിരിച്ചടി നേരിട്ടത് മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.43 ശതമാനവും ഇടിവിലാണ്.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

യുഎസ് ഫെഡ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ നിര്‍ണ്ണായക പണനയ പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതായാണ് കാണുന്നത്. ഇതിനൊപ്പം ജാപ്പനീസ് ബോണ്ട് നേട്ടം ഉയര്‍ന്നതും വിപണി വികാരം പ്രതികൂലമാക്കി. ശക്തമായ രണ്ടാം പാദ ജിഡിപി കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, റിസര്‍വ് ബാങ്കിന്റെ ഈ ആഴ്ചയിലെ പണനയ തീരുമാനവും നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തലുകള്‍.

ഐടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് ഇന്ന് വിപണിക്ക് താങ്ങായത്. വിപ്രോയാണ് (1.61%) പ്രധാന നേട്ടമുണ്ടാക്കിയ ഓഹരി. ഹിന്ദുസ്ഥാന്‍ സിങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും നേരിയ നേട്ടം സ്വന്തമാക്കി.

ഇന്ന് പൊതുമേഖലാ ബാങ്ക് (PSU Bank) സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. മൂന്ന് ശതമാനത്തോളമാണ് ഇടിവ്.

പൊതുമേഖലാ ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയര്‍ത്താന്‍ നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് ഈ സെക്ടറില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇടയാക്കിയത്.

നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി, ഓയില്‍ & ഗ്യാസ്, കെമിക്കല്‍സ്, മെറ്റല്‍ തുടങ്ങിയ പ്രധാന സെക്ടര്‍ സൂചികകളെല്ലാം 0.50% മുതല്‍ 1.20% വരെ നഷ്ടം രേഖപ്പെടുത്തി.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

വെള്ളി വില പുതിയ ഉയരങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി രണ്ട് ശതമാനം ഉയര്‍ന്നു. ബി.പി.സി.എല്ലിനായി ജെ.എഫ്.ഇ സ്റ്റീലുമായി സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ശക്തമായി തിരികെ കയറിയെങ്കിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഇന്‍ഡിഗോ ഓഹരിക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഓഹരി ഏകദേശം 5 ശതമാനം ഇടിഞ്ഞു.

നവംബറിലെ ദുര്‍ബലമായ വ്യാപാര വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എയ്ഞ്ചല്‍ വണ്‍ ഓഹരി 5 ശതമാനം ഇടിഞ്ഞു. എഫ്&ഒ വ്യാപാരത്തിനായി സെബി യോഗ്യതാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ബിഎസ്ഇ ഓഹരി 3 ശതമാനം ഇടിവിലാണ്.

മാക്സ് ഹെല്‍ത്ത് ആണ് നഷ്ടത്തില്‍ മുന്നില്‍. ബെല്‍, അദാനി എന്റര്‍പ്രൈസസ്, ടാറ്റാ കണ്‍സ്യൂമര്‍ എന്നിവയും രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

കേരള ഓഹരികളിലും നിരാശ

കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളും ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. പ്രൈമ ഇന്‍ഡസ്ട്രീസ്, യൂണിറോയല്‍ മറൈന്‍ എക്സ്പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ 5 ശതമാനത്തിനടുത്ത് മുന്നേറ്റം നടത്തിയപ്പോള്‍, ബാങ്കിംഗ് മേഖല കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായി. സിഎസ്ബി ബാങ്ക് ഓഹരി വില 3.61 ശതമാനം ഇടിഞ്ഞ് 398.05 രൂപയിലെത്തി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നഷ്ടം 1.09 ശതമാനമാണ്. ധനലക്ഷ്മി ബാങ്ക് 1.66 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഫെഡറല്‍ ബാങ്ക് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും നഷ്ടം രേഖപ്പെടുത്തി.

പ്രൈമ അഗ്രോ ഈ ഓഹരി 0.42 ഇടിഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ( 1.49%) ഈസ്റ്റേണ്‍ ട്രെഡ്‌സ് ( 2.49%), വി-ഗാര്‍ഡ് (1.77%) തുടങ്ങിയവയും നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT