കറന്‍സിയുടെ വിനിമയ നിരക്ക് കരുത്തിന്റെ സൂചികയല്ല. മറിച്ച് ആഭ്യന്തര വിലക്കയറ്റവും വിദേശ വ്യാപാരത്തിന്റെ തോതും മൂലധന പ്രവാഹവും എല്ലാം ചേര്‍ന്നുകണ്ടെത്തുന്ന ഒരുസംഖ്യ, അല്ലെങ്കില്‍ നിരക്ക് മാത്രമാണ്. അതിനെച്ചൊല്ലി അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് ധനശാസ്ത്രജ്ഞര്‍ പറയും. കറന്‍സിയുടെ ഉപയോഗം-രാജ്യാന്തര വ്യാപാരം-സുഗമമായി നടക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്നാണ് അവര്‍ ഉപദേശിക്കുക.
യു.എസ് ഡോളര്‍ 100 രൂപയിലേക്ക് അടുക്കുന്നതിലെ ആകുലത അസ്ഥാനത്താണെന്ന് ഐ.എം.എഫിന്റെ മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഹാര്‍വഡ് പ്രൊഫസറുമായ മലയാളി ഗീത ഗോപിനാഥും 16-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ അരവിന്ദ് പനഗഢിയയും പറയുന്നു. പക്ഷേ ആര്‍.എസ്.എസ് പ്രസ്ഥാനത്തിലെ സ്വദേശി ജാഗരണ്‍ മഞ്ചും രാജ്യത്തെ പ്രതിപക്ഷവും രൂപയുടെ താഴ്ച അപകടമാണെന്നാണ് വിലയിരുത്തുന്നത്.
മെയ് 22ന് അവസാനിച്ച ആഴ്ച ഡോളര്‍ 96.99 രൂപവരെ ഉയര്‍ന്ന ശേഷം, രണ്ട് ദിവസം താഴ്ന്ന് 95.69 രൂപയില്‍ ക്ലോസ് ചെയ്തു. 100 രൂപയിലേക്ക് ഡോളര്‍ എത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭരണാധികാരികള്‍ ഭയപ്പെടുന്നത് മൂലമാകണം റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റ് രൂപയെ തിരിച്ചുകയറ്റിയത്. എങ്കിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുംമൂലം രൂപയുടെ നിരക്ക് താഴുമെന്ന ഭീഷണി നിലനില്‍ക്കുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാറും രക്ഷാനടപടികള്‍ എടുത്താലും സെപ്റ്റംബര്‍ അവസാനത്തോടെ ഡോളര്‍ 97.50 രൂപയില്‍ ആകുമെന്നാണ് പലരും വിലയിരുത്തുന്നത്.
രൂപയുടെ രക്ഷക്ക് സര്‍ക്കാര്‍ ചെലവ് ചുരുക്കലാണ് ആയുധമാക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഇന്ധന വില കൂട്ടി, ജനങ്ങളോട് ചെലവ് ചുരുക്കാന്‍ ആഹ്വാനം ചെയ്തു. റിസര്‍വ് ബാങ്ക് രൂപയിന്മേലുള്ള ഊഹക്കച്ചവടം തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, വിപണിയില്‍ വലിയ തോതില്‍ ഡോളര്‍ ഇറക്കി. ഇവയൊക്കെ മുന്‍കാലത്തും ചെയ്തിട്ടുണ്ടെങ്കിലും ഫലിച്ചിട്ടില്ല. ഇപ്പോഴും ഫലിക്കുമെന്ന് ഉറപ്പില്ല. ഡോളര്‍ വില്‍പന ഏതാനും ദിവസം ഫലിക്കും. തുടര്‍ച്ചയായി ഫലം ചെയ്യില്ല. കഴിഞ്ഞ ധനകാര്യ വര്‍ഷം റിസര്‍വ് ബാങ്ക് ശേഖരത്തില്‍ നിന്ന് 5,310 കോടി ഡോളര്‍ വിറ്റു. പക്ഷേ രൂപ 9.88 ശതമാനം ഇടിഞ്ഞു. അതിന് മുന്‍ വര്‍ഷം 4,110 കോടി ഡോളര്‍ വിപണിയിലിറക്കി. രൂപ 5.14 ശതമാനം താഴ്ന്നു.
കൂടുതല്‍ ഡോളര്‍ ഇറക്കി കറന്‍സിയെ താങ്ങിനിര്‍ത്താം എന്നത് വ്യാമോഹം മാത്രമാണ്. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ മാത്രമെ അത് സഹായിക്കൂ. ഫലപ്രദമായ ഏക മാര്‍ഗം രാജ്യത്തേക്ക് വ്യാപാര കണക്കിലോ, മൂലധന കണക്കിലോ കൂടുതല്‍ ഡോളര്‍ വരുത്തുന്നതാണ്. കയറ്റുമതി വര്‍ധിപ്പിക്കലും വിദേശ മൂലധന നിക്ഷേപമോ പ്രവാസികളില്‍ നിന്ന് ബാങ്ക് നിക്ഷേപമോ ആകര്‍ഷിക്കലും വായ്പ എടുക്കലുമാണ് അതിനുള്ള ഉപാധികള്‍. ഇറാന്‍ യുദ്ധം വേഗം തീര്‍ന്ന് ഇന്ധനനീക്കം സുഗമമായാല്‍ ക്രൂഡ് ഓയില്‍ വില ഇടിയും. അപ്പോള്‍ രൂപക്ക് തിരിച്ചുകയറാം. അതിന് റിസര്‍വ് ബാങ്കോ സര്‍ക്കാറോ ഒന്നും ചെയ്യേണ്ടതില്ല. അനുകൂല വ്യവസ്ഥകളോടെ അമേരിക്കയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍കഴിഞ്ഞാലും രൂപ കരുത്തു നേടും.
രൂപ തകരുന്നതില്‍ വലിയൊരു പങ്ക് ഇന്ത്യയിലെ ഓഹരി വിപണിക്കുമുണ്ട്. വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരി വിറ്റ് മടങ്ങിപ്പോകുന്നത് വലിയ വിഷയമാണല്ലോ. ധാരാളം എതിര്‍ഘടകങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോഴും ഉയര്‍ന്ന പിഇ അനുപാതത്തിലാണ്. തലേ വര്‍ഷത്തെ ലാഭം വെച്ച് 20-22 പിഇ അനുപാതത്തിലാണ് ഓഹരികള്‍. വിദേശത്തുള്ളതിന്റെ ഇരട്ടിയോളം. വിറ്റുമാറാന്‍ നല്ല അവസരം. ഓഹരികള്‍ കുറഞ്ഞ പിഇ അനുപാതത്തിലേക്ക് താണാല്‍ വില്‍പന കുറയും. അത്രയും ഡോളര്‍ പ്രവാഹവും കുറയും. പക്ഷേ രാജ്യത്ത് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴിയും മറ്റും സ്ഥിരമായി ഓഹരി വിപണിയില്‍ വലിയ തോതില്‍ പണമെത്തുന്നു. അതിനാല്‍ ഓഹരികള്‍ ഉയര്‍ന്നുനില്‍ക്കുന്നു. വിറ്റുമാറുന്നത് ലാഭകരമായി തുടരുകയും രൂപ ക്ഷീണിക്കുകയും ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine