ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം വീണ്ടും ഉയര്‍ത്തി വിദേശ നിക്ഷേപകര്‍(Foreign Portfolio Investors/FPIs). മേയ് രണ്ട് മുതല്‍ മെയ് പതിനഞ്ചു വരെയുള്ള വ്യാപാരദിനങ്ങളില്‍ 24,739 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ എഫ്.പി.ഐകള്‍ നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ടു മാസം നിക്ഷേപം പിന്‍വലിക്കല്‍ നടത്തിയ വിദേശ നിക്ഷേപകര്‍ മേയില്‍ ഇതു വരെ നിക്ഷേപകരായി തുടരുകയാണ്. ഈ മാസത്തെ ആദ്യ വ്യാപാര ദിനമായ മെയ് രണ്ടിന് 6,469 കോടി രൂപയുടെ നിക്ഷേപം നടത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിക്ഷേപമാണിത്. ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയുമായിരുന്നു ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം.
Source: nsdl.co.in
നിക്ഷേപമൊഴുക്ക് തുടരും
മറ്റു വിപണികളെ അപേക്ഷിച്ച് ഉയര്‍ന്ന വാല്വേഷന്‍ നിലനിന്നിരുന്നതാണ് വിദേശ നിക്ഷേപകരെ ഈ വര്‍ഷമാദ്യം ഓഹരികള്‍ വിറ്റൊഴിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്ക് അനുകൂലമാണ് ഘടകങ്ങളെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
അടുത്തു തന്നെ ഡോളറിന്റെ മൂല്യം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി തുടരാനാണ് സാധ്യത. യു.എസ്.ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതും യു.എസിലെ ധനകാര്യ സേവന മേഖല സ്ഥിരത പ്രാപിച്ചതും ഇന്ത്യന്‍ കമ്പനികളുടെ വരുമാനം മെച്ചപ്പെട്ടതുമാണ് എഫ്.പി.ഐകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.
ഇന്ത്യയിലെ അഭ്യന്തര വിപണിയെ ആശ്രയിച്ചു നില്‍ക്കുന്ന ക്യാപിറ്റല്‍ ഗുഡ്‌സ്, ഊര്‍ജം, പഞ്ചസാര, ധനകാര്യം, വ്യാവസായം, റിയല്‍ എസ്റ്റേറ്റ്, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ് എന്നീ മേഖലകളിലാണ് എഫ്.പി.ഐകള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine