ജൂണിൽ എഫ്പിഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ആകെ 49,340 കോടി രൂപ പിൻവലിച്ചെങ്കിലും, ജൂൺ രണ്ടാം പകുതിയിൽ പ്രവണതയിൽ മാറ്റം. ഫിനാൻഷ്യൽ സർവീസസിൽ 14,634 കോടി, കൺസ്ട്രക്ഷൻ, കൺസ്യൂമർ സർവീസസ്, റിയൽറ്റി, ഹെൽത്ത് കെയർ മേഖലകളിൽ നിക്ഷേപം ഒഴുകി. മെറ്റൽ, എനർജി, ഓയിൽ-ഗ്യാസ്, ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ മേഖലകളിൽ വൻ വിറ്റൊഴിക്കൽ തുടർന്നു.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ജൂണില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI) ആകെ പിൻവലിച്ചത് 49,340 കോടി രൂപ. അതേസമയം ചില പ്രത്യേക മേഖലകളിൽ ജൂണ്‍ രണ്ടാം പകുതിയില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം വർദ്ധിപ്പിക്കുന്ന പ്രവണതയും ദൃശ്യമായി. ജൂൺ ആദ്യ പകുതിയിൽ 63,450 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ, ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ 14,109 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി വിപണിയിലേക്ക് തിരിച്ചുവന്നു.
ജൂൺ രണ്ടാം പകുതിയിൽ വിദേശ നിക്ഷേപത്തിന്റെ പ്രധാന ഗുണഭോക്താവ് സാമ്പത്തിക സേവന (Financial Services) മേഖലയാണ്. ആദ്യ പകുതിയിലെ 11,263 കോടി രൂപയുടെ പിൻവലിക്കലിന് വിപരീതമായി രണ്ടാം പകുതിയിൽ ഈ മേഖലയിൽ 14,634 കോടി രൂപയുടെ നിക്ഷേപം എത്തി. നിർമ്മാണ മേഖല (Construction) 3,484 കോടി രൂപയും, കൺസ്യൂമർ സർവീസസ് 3,081 കോടി രൂപയും നിക്ഷേപം ആകർഷിച്ചു. ഇതിനുപുറമെ കൺസ്യൂമർ ഡ്യൂറബിൾസ് (₹2,564 കോടി), റിയൽറ്റി (₹1,893 കോടി), ഹെൽത്ത് കെയർ (₹1,435 കോടി) എന്നീ മേഖലകളിലും വിദേശ നിക്ഷേപകർ താല്പര്യം പ്രകടിപ്പിച്ചു.
അതേസമയം, ചില മേഖലകളിൽ നിന്ന് വലിയ തോതിലുള്ള പിൻവലിക്കൽ തുടർന്നു. മെറ്റൽസ് ആൻഡ് മൈനിംഗ് (Metals & Mining) മേഖലയിൽ നിന്നാണ് കഴിഞ്ഞ മാസം രണ്ടാം പകുതിയില്‍ ഏറ്റവും കൂടുതൽ തുക പിൻവലിക്കപ്പെട്ടത്; ഏകദേശം 4,371 കോടി രൂപ. ഊർജ മേഖല (Power) 3,743 കോടി രൂപയുടെയും, ഓയിൽ ആൻഡ് ഗ്യാസ് മേഖല 2,789 കോടി രൂപയുടെയും വിൽപനയ്ക്ക് സാക്ഷ്യം വഹിച്ചു. ക്യാപിറ്റൽ ഗുഡ്‌സ് (₹1,442 കോടി), ഓട്ടോമൊബൈൽ (₹1,324 കോടി) എന്നീ മേഖലകളിലും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചു.
ഐടി മേഖലയിലെ വിൽപന സമ്മർദ്ദം ഗണ്യമായി കുറഞ്ഞത് വിപണിക്ക് ആശ്വാസമായി. ക്രൂഡ് ഓയിൽ വില കുറയുന്നതും എഫ്‌സിഎൻആർ (FCNR) ഡിപ്പോസിറ്റുകൾ വർദ്ധിക്കുന്നതും ഭാവിയിൽ രൂപയുടെ മൂല്യം വർദ്ധിപ്പിക്കുമെന്നും ഇത് വിദേശ നിക്ഷേപം കൂടാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine