Markets

ഇടിച്ചു താഴെയിട്ടവര്‍ ദാ, തിരിച്ചു വരുന്നു, ഓഹരി വിപണിയുടെ ട്രെന്‍ഡ് മാറ്റി വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?

കഴിഞ്ഞ മൂന്ന് വ്യാപാരത്തിനിടെ നിക്ഷേപിച്ചത് 13,746 കോടി

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ശതകോടികളുടെ ഓഹരികള്‍ വിറ്റു പിന്‍മാറിയ വിദേശികള്‍ വീണ്ടും കളം മാറ്റുന്നു. മാര്‍ച്ചില്‍ വീണ്ടും നിക്ഷേപകരായി എത്തിയിരിക്കുകയാണ്. ഇതോടെ മാസങ്ങള്‍ നീണ്ട വില്‍പ്പന സമ്മര്‍ദ്ദത്തില്‍ നിന്ന് ഇന്ത്യന്‍ വിപണിയും ആശ്വാസം നേടി.

കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി തുടര്‍ച്ചയായി ഓഹരി വാങ്ങികൂട്ടുകയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (FPIs). കഴിഞ്ഞ വ്യാഴാഴ്ച 3,239 കോടിയും വെള്ളിയാഴ്ച 7,470 കോടിയും നിക്ഷേപിച്ച വിദേശികള്‍ ഇന്നലെ 3,055 കോടിയുടെ ഓഹരികളും വാങ്ങി. ഇതോടെ 13,746 കോടി രൂപയുടെ നിക്ഷേപമാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരിക്കുന്നത്. 2025ലെ ഇതുവരെയുള്ള നഷ്ടവും തിരിച്ചുപിടിക്കാന്‍ സൂചികകള്‍ക്കായി. അതേസമയം സെപ്റ്റംബറിലെ റെക്കോഡ് ഉയരത്തില്‍ നിന്ന് ഇപ്പോഴും താഴെയാണ് സെന്‍സെക്‌സും നിഫ്റ്റിയും.

നിക്ഷേപകരില്‍ ആത്മവിശ്വാസം

ഇന്ത്യന്‍ വിപണിയുടെ മൊമന്റം തിരിച്ചു പിടിച്ച് നിക്ഷേപകരെ ഉത്സാഹത്തിലാക്കാന്‍ വിദേശികളുടെ വരവ് സഹായിക്കുന്നുണ്ട്. നിഫ്റ്റിയും സെന്‍സെക്‌സും മാര്‍ച്ചില്‍ ഇതുവരെ 7 ശതമാനം വീതമാണ് ഉയര്‍ന്നത്. 2024 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നേട്ടമാണിത്.

വിശാലവിപണിയിലും കരുത്തുറ്റ തിരിച്ചുവരവാണ് ഉണ്ടായത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 10 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 11 ശതമാനവുമാണ് ഈ മാസം ഉയര്‍ന്നത്.

വിപണിക്ക് ഒരു ഉത്തേജനം അനിവാര്യമായ ഘട്ടത്തിലാണ് വിദേശികളുടെ തിരിച്ചുവെന്നതാണ് വലിയ ആശ്വാസം. റീറ്റെയ്ല്‍ നിക്ഷേപകരെ വീണ്ടും പ്രതീക്ഷയുള്ളവരാക്കി മാറ്റാനും ഇതു വഴിവയ്ക്കും. കോവിഡിന് ശേഷം ആഭ്യന്തര വിപണിയുടെ ശ്രദ്ധേയമായ മുന്നേറ്റത്തിന് കാരണമായത് റീറ്റെയ്ല്‍ നിക്ഷേപകരാണ്.

മാര്‍ച്ചില്‍ വിദേശികള്‍ തിരിച്ചെത്തിയെങ്കിലും അറ്റ വില്‍പ്പനക്കാരായി തുടരുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ മൂന്ന് ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. നിഫ്റ്റിയെയും സെന്‍സെക്‌സിനെയും എക്കാലത്തെയും ഉയരത്തില്‍ നിന്ന് 15 ശതമാനം ഇടിവിലാക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പൂര്‍ണമായും നിക്ഷേപപകരായി നിന്നത്. അന്ന് 15,432 കോടി രൂപ അവര്‍ ഇന്ത്യന്‍ വിപണിയില്‍ ഒഴുക്കുകയും ചെയ്തു.

തിരിച്ചു വരാന്‍ കാരണം?

ഡൊണാള്‍ഡ് ട്രംപ് തൊടുത്തുവിട്ട വ്യാപാര സമ്മര്‍ദ്ദങ്ങള്‍ ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സമീപഭാവിയില്‍ മാന്ദ്യത്തിലാക്കുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇത് യു.എസ് ഡോളര്‍ സൂചികയെ മറ്റ് കറന്‍സികള്‍ക്കെതിരെ ആറ് ശതമാനം വരെ ഇടിവിലാക്കുകയും ചെയ്തു. ഡോളര്‍ ദുര്‍ബലമായത് യു.എസ് ഓഹരി വിപണിയെ ആകര്‍ഷകമല്ലാതാക്കി. ഇതോടെ നിക്ഷേപകര്‍ മറ്റു വിപണികളിലേക്ക് വീണ്ടും ശ്രദ്ധമാറ്റാന്‍ കാരണമായി. ഇതുകൂടാതെ യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് പ്രാവശ്യം അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കിയിരുന്നു. പലിശ കുറയുമ്പോള്‍ ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് നിക്ഷേപമിറക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കും.

ഇന്ത്യന്‍ വിപണിയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നവെന്നതായിരുന്നു ചൈന പോലുള്ള മറ്റ് വിപണികളിലേക്ക് മാറാന്‍ വിദേശ നിക്ഷേപരെ ഇടക്കാലത്ത് പ്രേരിപ്പിച്ചത്. തുടര്‍ച്ചയായ വില്‍പ്പനയുണ്ടായതോടെ ഇന്ത്യന്‍ വിപണി മാന്യമായ നിലവാരത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കി. ഇത് വിദേശികളെ വീണ്ടും വിപണിയിലേക്ക് പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്നതും വിപണിക്ക് ഉന്മേഷം നല്‍കുന്നുണ്ട്. മാര്‍ച്ച് പകുതി വരെയുള്ള കാലയളവില്‍ ഡോളറിനെതിരെ രൂപ 39 പൈസയോളം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ മുതല്‍ പാദഫലങ്ങള്‍ പുറത്തു വരുന്നതും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് വിദേശ നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT