Markets

ഈ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 60,094 കോടി രൂപ!

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം പ്രവഹിക്കുന്നു

Dhanam News Desk

ആഗോളതലത്തില്‍ ഓഹരി വിപണികള്‍ ഉയരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഈ മാസം ഇത് വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നിക്ഷേപിച്ചത് 60,094 കോടി രൂപയാണ്.

ഡിസംബര്‍ മാസം ഒന്ന് മുതല്‍ 24 വരെയുള്ള ഡെപ്പോസിറ്ററികളുടെ കണക്കുകള്‍ പ്രകാരം എഫ്പിഐകള്‍ 56,643 കോടി രൂപ സ്‌റ്റോക്കുകളിലും 3,451 കോടി രൂപ ഡെബ്റ്റ് അനുബന്ധിച്ച ഉപകരണങ്ങളിലും നിക്ഷേപിച്ചു. അവലോകന കാലയളവിലുള്ള മൊത്തനിക്ഷേപം 60,094 കോടി രൂപയാണ്.

നവംബര്‍ മാസത്തിലുള്ള എഫ്പിഐ മൊത്തനിക്ഷേപം 62,951 കോടി രൂപയായിരുന്നു.

യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് എഫ്പിഐയുടെ വരവ് വര്‍ധിച്ചതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പിടിഐയോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ നിക്ഷേപങ്ങള്‍ പലരും നിര്‍ത്തിവച്ചു. പോസിറ്റീവ് ഫലം ആഗോള ഇക്വിറ്റി മാര്‍ക്കറ്റില്‍ ശുഭാപ്തിവിശ്വാസം സൃഷ്ടിച്ചു, വ്യാപാര നയത്തില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരെ തുണച്ചു.

നിരവധി പരിഷ്‌കാരങ്ങള്‍ മൂലം മറ്റ് എമേര്‍ജിങ് മാര്‍ക്കറ്റുകളെ അപേക്ഷിച്ചു ഇന്ത്യയ്ക്ക് നിക്ഷേപകരുടെ ആനുകൂല്യം കൂടുതലായി ലഭിച്ചു.

നികുതി പരിഷ്‌കാരങ്ങള്‍, കോവിഡ് 19 നിയന്ത്രണം, പ്രഖ്യാപിച്ച പുതിയ നടപടികളായ പിഎല്‍ഐ, എന്‍പിഎ, MSME ഗ്യാരണ്ടി എന്നിവയും, ശക്തമായ ഫാര്‍മ സാധ്യതകളും മറ്റ് എമേര്‍ജിങ് മാര്‍ക്കറ്റുകളെ മറികടക്കാന്‍ സഹായിച്ചെന്ന് നായര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ എട്ട് മാസത്തിനിടെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ ഡോളറിന് എതിരെ സ്ഥിരമായി കുതിക്കുന്നു.

വര്‍ഷം തോറുമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളര്‍ന്നുവരുന്ന മറ്റ് വിപണികളേക്കാള്‍ (ചൈനയൊഴികെ) മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു.

'വാലുവേഷന്‍ ഏറ്റവും ഉയര്‍ന്നതും പ്രീമിയം തലത്തിലുള്ളതുമാണ്. കൂടാതെ ഇത് മറ്റ് എമേര്‍ജിങ് മാര്‍ക്കറ്റുകളെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്,' അദ്ദേഹം പറഞ്ഞു.

എഫ്പിഐകള്‍ മുന്‍ഗണന നല്‍കുന്നത് ഐടി, സ്ഥിരതയുള്ള ഔട്ട്‌ലൂക്ക് കമ്പനികള്‍, ഫാര്‍മ, കെമിക്കല്‍, എഫ്എംസിജി തുടങ്ങിയ മേഖലകളാണ്.

എന്നാല്‍ ആഗോള ചാഞ്ചാട്ടത്തിന്റെ വര്‍ദ്ധനവ് മൂലം എഫ്പിഐയുടെ വരവ് ഹ്രസ്വകാലത്തേക്ക് മന്ദഗതിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT