തിരിച്ചുവരവിന്റെ സൂചനകള്‍ നല്കിയ ഒക്ടോബറിനു ശേഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വീണ്ടും കൈവിടുന്നോ? നവംബറിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിറ്റൊഴിവാകല്‍ നല്കുന്നത് ഈ സൂചനകളാണ്. നവംബറില്‍ ചുരുങ്ങിയ ദിവസം കൊണ്ട് 12,569 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.
ഒക്ടോബറില്‍ 14,610 കോടി രൂപയുടെ നിക്ഷേപം വന്നിടത്താണ് നവംബറില്‍ തിരിച്ചടിയുടെ സൂചനകള്‍ വരുന്നത്. ജിഎസ്ടി പരിഷ്‌കാരത്തിലൂടെ വന്ന ഉണര്‍വായിരുന്നു ഒക്ടോബറിനെ രക്ഷിച്ചത്. എന്നാല്‍ രണ്ടാംപാദ കോര്‍പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷിച്ച പ്രകടനം നല്കാത്തതും ഇന്ത്യന്‍ വിപണിയുടെ ഉയര്‍ന്ന വാല്യുവേഷനും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു.
സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 23,885 കോടി രൂപയുടെ ഓഹരികളാണ്. ഓഗസ്റ്റില്‍ ഇത് 34,990 കോടി രൂപയായിരുന്നു. ജൂലൈയില്‍ 17,700 കോടി രൂപയും. ഈ ട്രെന്റിന് കഴിഞ്ഞ മാസം മാറ്റം വന്നിരുന്നു. എന്നാല്‍ വിപണിയില്‍ വീണ്ടും നിക്ഷേപകരുടെ ആത്മവിശ്വാസം ഇടിയുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദം നവംബറിലെ എല്ലാ വ്യാപാര ദിവസങ്ങളിലും ഉണ്ടായെന്നത് ശ്രദ്ധേയമാണ്. വിദേശ മാര്‍ക്കറ്റുകളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയുടെ പ്രകടനം ഈ വര്‍ഷം അത്ര മികച്ചതല്ല. കൂടുതല്‍ മികച്ച മാര്‍ക്കറ്റുകളിലേക്ക് വിദേശ നിക്ഷേപകര്‍ തിരിയാന്‍ കാരണമിതാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റര്‍ജിസ്റ്റ് വി.കെ വിജയകുമാര്‍ പറയുന്നു.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ഹള്‍ യുഎസ്, ചൈന, ദക്ഷിണകൊറിയ, തായ്‌വാന്‍ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലേക്ക് തിരിയുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഈ മാര്‍ക്കറ്റുകളിലെ എഐ അധിഷ്ടിത ടെക് സ്‌റ്റോക്കുകളിലേക്കാണ് വിദേശ നിക്ഷേപകരുടെ ഒഴുക്ക്. എഐ സ്റ്റോക്കുകള്‍ ഏതു നിമിഷവും പൊട്ടാമെന്ന ധാരണ രൂപപ്പെടുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ഒഴുക്കിന്റെ വേഗം കുറയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
എഐ നിക്ഷേപം ലാഭകരമല്ലെന്ന തിരിച്ചറിവ് വിദേശ നിക്ഷേപക സ്ഥാപനങ്ങളിലേക്ക് എത്തപ്പെട്ടാല്‍ ഇന്ത്യയിലേക്കുള്ള വരവ് വീണ്ടും തുടരുകയും അത് വിപണിക്ക് സ്ഥിരത നല്കുകയും ചെയ്യുമെന്നാണ് പൊതുവിലയിരുത്തല്‍. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 1.5 ലക്ഷം കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine