Image courtesy: Canva
Markets

നിരാശപ്പെടുത്തി ഇന്ത്യയിലെ ആദ്യ എ.ഐ ഐപിഒ; ഫ്രാക്റ്റൽ അനലിറ്റിക്സ് ഓഹരികളിൽ 5% ത്തിലധികം ഇടിവ്

എഐ മേഖലയിലെ ഉയർന്ന മൂല്യനിർണയവും വിപണി വികാരവും ഓഹരി വിലയില്‍ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാമെന്ന് വിലയിരുത്തല്‍

Dhanam News Desk

ഇന്ത്യയിലെ ആദ്യ എ.ഐ ഐപിഒ എന്ന വിശേഷണത്തോടെ എത്തിയ ഫ്രാക്റ്റൽ അനലിറ്റിക്സിന് (Fractal Analytics) ഓഹരി വിപണിയിൽ തണുപ്പൻ തുടക്കം. ഇന്ന് (ഫെബ്രുവരി 16) വിപണിയിൽ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ എഐ കമ്പനിയുടെ ഓഹരികൾ ഐപിഒ (IPO) വിലയേക്കാൾ താഴെയാണ് വ്യാപാരം തുടങ്ങിയത്.

ലിസ്റ്റിംഗ് വിവരങ്ങൾ

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) 876 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 900 രൂപയില്‍ നിന്ന് ഏകദേശം 2.6 ശതമാനം കുറവാണ് ഇത്. ലിസ്റ്റ് ചെയ്തതിനുശേഷം ഓഹരികളില്‍ വൻ തോതിലുളള വിറ്റൊഴിയല്‍ പ്രകടമായി. ഇത് ഓഹരിയെ വ്യാപാരത്തിനിടെ 852 രൂപ എന്ന നിലവാരത്തിലെത്തിച്ചു. ലിസ്റ്റിംഗ് വിലയേക്കാൾ 2.73 ശതമാനം കുറവും ഇഷ്യു വിലയേക്കാൾ 5.33 ശതമാനം ഇടിവുമാണ് ഇത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) ഓഹരികൾ മാറ്റമില്ലാതെ (Flat) വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിനിടെ ലിസ്റ്റിംഗ്, ഇഷ്യു വിലകളേക്കാള്‍ 5.38 ശതമാനം വരെ താഴ്ന്ന് ഓഹരി 851.55 രൂപ എന്ന നിലവാരത്തിലെത്തി.

നിക്ഷേപകരുടെ ആശങ്കയും കാരണങ്ങളും

എഐ മേഖലയിലെ ഓഹരികളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളാണ് ഈ തണുപ്പൻ തുടക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഒ സമയത്ത് 2.66 ഇരട്ടി സബ്സ്ക്രിപ്ഷൻ നേടാൻ കമ്പനിക്ക് സാധിച്ചിരുന്നു. ലിസ്റ്റിംഗിന് പിന്നാലെ കമ്പനിയുടെ വിപണി മൂല്യം 15,476.86 കോടി രൂപയായി രേഖപ്പെടുത്തി. ഐപിഒയിലൂടെ സമാഹരിച്ച തുക അമേരിക്കയിലെ സബ്‌സിഡിയറി കമ്പനിയിൽ നിക്ഷേപിക്കാനും ഗവേഷണ വികസന പ്രവർത്തനങ്ങൾ (R&D), കടം വീട്ടൽ, ഇന്ത്യയിൽ പുതിയ ഓഫീസുകൾ സ്ഥാപിക്കൽ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.

നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപകർ സംതുലിതമായ സമീപനം സ്വീകരിക്കണമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. എഐ മേഖലയിലെ ഉയർന്ന മൂല്യനിർണയവും (Valuation) വിപണി വികാരവും തുടക്കത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. എന്നിരുന്നാലും, ആഗോളതലത്തിൽ വളരുന്ന എഐ-അനലിറ്റിക്സ് വിപണിയിൽ കമ്പനിക്കുള്ള ശക്തമായ സാന്നിധ്യം കണക്കിലെടുത്ത് ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ നേട്ടത്തിലാകാനുളള സാധ്യതകളുമുണ്ട്.

Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.

India’s first AI IPO, Fractal Analytics, saw a weak listing with shares falling 5% amid valuation concerns and cautious investor sentiment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT