Markets

ഐപിഒയ്ക്ക് വാട്സാപിലൂടെ അപേക്ഷിക്കാം; സംവിധാനം ഒരുക്കി ജിയോജിത്

ഐപിഒ അപേക്ഷ ലളിതവും ആയാസരഹിതവുമാകും

Dhanam News Desk

രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് വാട്സാപിലൂടെ ഐപിഒക്ക് അപേക്ഷിക്കാന്‍ സംവിധാനം ഒരുക്കി. വാട്സാപിലൂടെയുള്ള ഐപിഒ അപേക്ഷ സേവനം ഇ-ഐപിഒ സംവിധാനത്തിലൂടെയാണ്് സാധ്യമാകുന്നത്. ജിയോജിത് ഇടപാടുകാര്‍ക്ക് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സാപ് ചാറ്റ്വിന്റോയിലൂടെ ഏതു ഐപിഒകള്‍ക്കും അപേക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഇതോടെ ഐപിഒ അപേക്ഷ ലളിതവും ആയാസരഹിതവുമാകും.

ജിയോജിത് ടെക്നോളജീസ് ആവിഷ്‌കരിച്ച സുരക്ഷിതമായ ഈ വാട്സാപ് ചാനലിലൂടെ ഓഹരി ട്രേഡിംഗും മ്യൂച്വല്‍ ഫണ്ട് ഇടപാടുകളും എളുപ്പത്തില്‍ നടത്താം. ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനുള്ള ജിയോജിതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാട്സാപിലൂടെ ഐപിഒ സേവനം ആരംഭിച്ചിരിക്കുന്നതെന്നു ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജയദേവ് എം വസന്തം അറിയിച്ചു. ''ഐപിഒ അപേക്ഷാ സംവിധാനം വാട്സാപിലൂടെ നിക്ഷേപകരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയാണ്. വാട്സാപ് ചാറ്റ് വിന്‍ഡോയിലൂടെ മിനിട്ടുകള്‍ക്കകം അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയും,'' അദ്ദേഹം പറഞ്ഞു. യുപിഐ ഐഡിയുള്ള ഏതു ജിയോജിത് നിക്ഷേപകനും മൊബൈലിലൂടെ ഇതു നിര്‍വഹിക്കാം.

മൂലധന സമാഹരണത്തിന് കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ പ്രാഥമിക വിപണികളിലെത്തുന്ന ഇക്കാലത്ത് വാട്സാപിലൂടെയുള്ള ഐപിഒ അപേക്ഷാ സംവിധാനം ജിയോജിത് നിക്ഷേപകര്‍ക്ക് ഏറെ സഹായകരമാകും. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഐപിഒ തരംഗം വിപണിയില്‍ ഈ വര്‍ഷവും തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്‍ഐസി ഓഹരിവില്‍പന ഇതിന് ആക്കം കൂട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT