ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ലിസ്റ്റിങ് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വെള്ളിവെളിച്ചത്തില്‍ നിന്നിരുന്ന ഒരു മലയാളിയുണ്ട്, ദുബായ് ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പറേഷന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. കൊച്ചിയിലെ ചിന്മയ വിദ്യാലയത്തില്‍ പഠിച്ച്, കര്‍ണാടകയിലും ആന്ധ്രയിലും ഡല്‍ഹിയിലും നിന്നുമെല്ലാം ഉന്നത ബിരുദങ്ങള്‍ നേടിയ ശേഷം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയില്‍ കരിയര്‍ തുടങ്ങി, പിന്നീട് സംരംഭകനും നിക്ഷേപകനുമായ 'ആഗോള മലയാളി'. ബിസിനസിനും നിക്ഷേപത്തിനും അപ്പുറം നീളുന്നതാണ് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍. പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും ദുബൈ ഭരണകൂടത്തിന്റെ 'മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ ഫോര്‍ ഫിലാന്ത്രോപ്പി'യും സിദ്ധാര്‍ത്ഥിനെ തേടിയെത്തിയതും അതുകൊണ്ട് തന്നെ. ജീവകാരുണ്യ - മാനുഷിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ട സംഭാവനകള്‍ നല്‍കുമ്പോഴും അതിനെല്ലാം തികച്ചും വ്യത്യസ്തമായൊരു ഫിലോസഫി സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുണ്ട്.
''വിജയിയായൊരു വ്യക്തിയാണ് ഞാനെന്ന് വിശ്വസിക്കുന്നില്ല. ഒരു യാത്രയുടെ അവസാനമാണ് വിജയമിരിക്കുന്നത്. ഞാന്‍ ഇപ്പോഴും യാത്ര തുടരുകയാണ്,'' എന്ന് വിജയത്തെ നിര്‍വചിക്കുന്ന സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ നിക്ഷേപ ശൈലിയും ബിസിനസിനോടുള്ള കാഴ്ചപ്പാടും വീക്ഷണവും പക്ഷേ വിജയത്തിലേക്കുള്ള വഴികാട്ടിയാകുന്നുമുണ്ട്. സുസ്ഥിരതക്കും മികവിനുമാണ് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ജീവിതത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇവ എങ്ങനെ ഒരു ജീവിത തത്വമായി? ജീവകാരുണ്യ - മാനുഷിക പ്രവര്‍ത്തനങ്ങള്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ ജീവിതത്തിലേക്ക്, നിക്ഷേപശൈലിയിലേക്ക് ഭാഗമായതെങ്ങനെ?
''ഞാന്‍ ഇന്ന് നേടിയ കാര്യങ്ങളിലെല്ലാം കൊച്ചി ഒരു പ്രധാന നാഴികക്കല്ലാണ്,'' കൊച്ചി ചിന്മയയിലെ വിദ്യാഭ്യാസഘട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറയുന്നു.
സംരംഭകനും മാനേജ്‌മെന്റ് പ്രൊഫഷണലും എറണാകുളം സ്വദേശിയുമായ ആര്‍. ബാലചന്ദ്രന്റെയും റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥ സബിത വര്‍മ ബാലചന്ദ്രന്റെയും മകനായ സിദ്ധാര്‍ത്ഥ്, കൊച്ചിയുടെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം വ്യക്തിത്വ വികസനത്തിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറയുന്നു. എന്‍ജിനീയറിങ് പഠനം കര്‍ണാടകയിലായിരുന്നു. ''അക്കാലത്ത് കണ്ട മനുഷ്യരുടെ മുഖങ്ങള്‍ ഒരിക്കലും ഓര്‍മയില്‍ നിന്ന് മായില്ല. പല വഴിയോരത്തും പല മുഖങ്ങള്‍ കണ്ടു. അവരുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ എന്ന ചിന്ത അപ്പോഴൊക്കെ വന്നിട്ടുണ്ട്. അതുകൊണ്ടാകാം സൃഷ്ടിക്കുന്ന സമ്പത്ത് കൃത്യമായി വിതരണം ചെയ്യപ്പെടേണ്ടതാണെന്നും അതൊരു ചാരിറ്റിയല്ലെന്നുമെന്ന ചിന്ത മനസില്‍ വന്നത്.'' മികച്ച നിക്ഷേപകനെന്ന നിലയിലേക്ക്; മനുഷ്യപ്പറ്റുള്ള സംരംഭകനെന്ന തലത്തിലേക്ക് സിദ്ധാര്‍ത്ഥ് വളര്‍ന്നത് ഇങ്ങനെയാണ്.
1995-96 കാലത്ത് തന്നെ ഇക്വിറ്റി ഇന്‍വെസ്റ്റിങ്ങിലേക്ക് സിദ്ധാര്‍ത്ഥ് ഇറങ്ങിയിരുന്നു. ''പക്ഷേ ആ ലോകത്തിന്റെ മനോഹാരിത അധികകാലം നീണ്ടുനിന്നില്ല. ഡോട്ട്‌കോം തകര്‍ച്ചയും കേതന്‍ പരേഖ് തട്ടിപ്പുമെല്ലാം വിപണിയുടെ തകര്‍ച്ചക്കിടയായി. എന്റെ നിക്ഷേപത്തിലും തകര്‍ച്ചയുണ്ടായി. ഒരു 20കാരന്റെ നിക്ഷേപം ഏറെ ഉയരങ്ങളിലേക്ക് എത്തുകയും പിന്നീട് അത് താഴേക്ക് പോവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭൂരിഭാഗം പേരും ആ പരിപാടി നിര്‍ത്തും. പക്ഷേ ഞാനതിനെ ഒരു ശുദ്ധീകരണ അനുഭവമായാണ് എടുത്തത്. എവിടെയാണ് തെറ്റ് പറ്റിയതെന്ന് ഞാന്‍ കൃത്യമായി വിലയിരുത്താന്‍ തുടങ്ങി. അത് വലിയ തിരിച്ചറിവായിരുന്നു. ഈ തകര്‍ച്ചയുടെയും നഷ്ടത്തിന്റെയുമെല്ലാം നല്ലവശം അതായിരുന്നുവെന്നും പറയാം.''
പഠനശേഷം അമേരിക്കന്‍ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ് കമ്പനിയായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിലായിരുന്നു സിദ്ധാര്‍ത്ഥ് കരിയര്‍ ആരംഭിച്ചത്. കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ ബാലന്‍സ് ഷീറ്റുകള്‍, എല്ലാം ജോലിയുടെ ഭാഗമായി തന്നെ കയ്യില്‍ വന്നുചേര്‍ന്ന കാലം. ''അക്കാലത്ത് ആര്‍ത്തിയോടെ ആഴത്തില്‍ ഓരോ ബാലന്‍സ് ഷീറ്റുകളും ഞാന്‍
വായിച്ചു. ഒരു കമ്പനിയെ നല്ലതാക്കുന്നതും മോശമാക്കുന്നതും എന്തൊക്കെയാണെന്ന് ഈ ബാലന്‍സ് ഷീറ്റുകള്‍ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആരംഭിക്കുന്നത് അവിടെ നിന്നാണ്. ശരിക്കു പറഞ്ഞാല്‍ എന്റെ ഇന്‍വെസ്റ്റിങ് കരിയര്‍ ആരംഭിച്ചതും ഇവിടെ നിന്നാണ്,'' സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറയുന്നു.
ജോലി വിട്ട് ദുബായിലേക്ക് ചേക്കേറിയ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ അവിടെ ആദ്യം കെട്ടിട നിര്‍മാണ സാമഗ്രികളുടെ ട്രേഡിങ് രംഗത്താണ് കമ്പനി തുടങ്ങിയത്. ''അവിടെ അപ്പോള്‍ എല്ലാ അസറ്റ് ക്ലാസിലും അഭൂതപൂര്‍വമായ കുതിപ്പായിരുന്നു. 2004 മുതല്‍ 2008 വരെ ഞങ്ങളുടെ കമ്പനിയുടെ മൂല്യവും കുതിച്ചുയര്‍ന്നു. ഞങ്ങളുടെ കമ്പനി വര്‍ഷത്തില്‍ രണ്ടുമാസം പുതിയ വില്‍പനകള്‍ക്ക് ഒരു അവധി കൊടുത്ത്, വിപണിയില്‍ നിന്ന് മുമ്പ് നടത്തിയ വില്‍പനയുടെ പണം തിരിച്ചു പിടിക്കുന്നതിലാകും ശ്രദ്ധ കൊടുക്കുക. 2008ല്‍ ലീമാന്‍ ബ്രദേഴ്സ് തകര്‍ച്ച സംഭവിക്കുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ഒരു ഡീടോക്സ് ഘട്ടത്തിലായിരുന്നു. വിപണിയില്‍ നിന്ന് പണം തിരികെപ്പിടിച്ച് ശരിക്കുംപണം കയ്യില്‍ വെച്ചിരിക്കുന്ന ഒരു ഘട്ടം. പലരും പലവട്ടം ചോദിച്ചിട്ടുണ്ട് തകര്‍ച്ച മുന്‍കൂട്ടി അറിഞ്ഞുള്ള നീക്കമായിരുന്നോ അതെന്ന്. ഞങ്ങളെ തുണച്ചത് ഈ ഡീടോക്‌സ് ശീലമാണ്.''
കഴിഞ്ഞ വര്‍ഷം 500 കോടി രൂപയുടെ കേരള ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും സിദ്ധാര്‍ത്ഥ് പ്രഖ്യാപിച്ചിട്ടുണ്ട്. 'Beyond Profsti, Towards Purpose'. ബ്യൂമെര്‍ക് കോര്‍പറേഷന്റെ ടാഗ്‌ലൈന്‍ ഇതാണ്. ലാഭത്തിനപ്പുറം മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി ഇന്ത്യയിലും യുഎഇയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ക്കും വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. വ്യക്തികളെയും സമൂഹത്തെയും ശാക്തീകരിക്കുന്നതിനും
പുനര്‍നിര്‍മിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്‌സ് എന്‍ഡോവ്‌മെന്റ്, ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഗോള മാനുഷിക സംരംഭങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് പിന്തുണ നല്‍കുന്നുണ്ട്.
കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ഇന്ത്യ ഫൗണ്ടേഷനിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കണ്ടല്‍ക്കാട് പുനഃസ്ഥാപനം, വയനാട്ടിലെ വനപുനഃസ്ഥാപനം എന്നിവക്കെല്ലാം പിന്തുണ നല്‍കിയ ബ്യൂമെര്‍ക് ഫൗണ്ടേഷന്‍, ഉത്തര്‍പ്രദേശിലെ മഥുരക്കടുത്തുള്ള വൈല്‍ഡ്‌ലൈഫ് എസ്ഒഎസ് എലിഫന്റ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നുണ്ട്.
''സമൂഹത്തിന് തിരികെ നല്‍കുന്നത് ഒരു ചാരിറ്റിയല്ല. പണത്തിന്റെ സ്വാഭാവികമായൊരു ചാക്രിക ചലനമാണത്. നമുക്ക് കിട്ടുന്നതെന്തോ, അത് തിരികെ നല്‍കണം. എങ്കില്‍ മാത്രമെ ആ വൃത്തം പൂര്‍ത്തിയാകൂ. അതാണ് പൂര്‍ണത. വന്നുചേരുന്ന പണം കയ്യില്‍ത്തന്നെ സൂക്ഷിച്ചാല്‍ അര്‍ധവൃത്തം പോലെ അത് അപൂര്‍ണമായി നില്‍ക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു കടമയായല്ല കണക്കാക്കുന്നത്. അത് അവകാശമാണ്. കൂടുതല്‍ സുസ്ഥിരമായ ലോക സൃഷ്ടിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം,'' സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ വിശദീകരിക്കുന്നു.
ഇന്ത്യയിലും യുഎഇയിലുമുള്ള കരുത്തുറ്റ കുറച്ച് കമ്പനികളില്‍, കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ നിക്ഷേപ ശൈലി Utlra Longterm, Utlra concetnrated ആണ്. ഇതുപോലെ നിക്ഷേപം നടത്തുന്നവാല്യു ഇന്‍വെസ്റ്റര്‍മാരും ചുരുക്കമാണ്. Buy & Sell എന്ന ലളിതമായ തത്വമല്ല ഓഹരി വിപണിയില്‍ സിദ്ധാര്‍ത്ഥ് പിന്തുടരുന്നതും. ആഴത്തില്‍ പഠിച്ച് ഘട്ടംഘട്ടമായി നിക്ഷേപിച്ച് സുദീര്‍ഘകാലം ക്ഷമയോടെ കാത്തിരിക്കാന്‍ ഇദ്ദേഹം തയാറാണ്. അത് സിദ്ധാര്‍ത്ഥിനും ബ്യൂമെര്‍കിനും സമ്മാനിക്കുന്നത് മഹത്തായ നേട്ടങ്ങളും. ക്ഷമയും ഉത്തമബോധ്യവുമാണ് സിദ്ധാര്‍ത്ഥിന്റെ ഏറ്റവും വലിയ കരുത്ത്. ഇതാണ് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോക്ക് കുതിപ്പ് പകരുന്ന ഘടകവും.
ട്രേഡിങ് ബിസിനസ് വിജയകരമായിരുന്നുവെങ്കിലും സുസ്ഥിരമായ ഒന്നല്ല എന്ന ചിന്ത തനിക്കുണ്ടായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. തലമുറകളോളം നിലനില്‍ക്കുന്ന, സ്ഥിരമായ ഒന്ന് സൃഷ്ടിക്കാനുള്ള ശ്രമമായി പിന്നീട്. വ്യക്തിഗത നിക്ഷേപങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ട് വര്‍ഷത്തെ പഠനത്തിനൊടുവില്‍ സിദ്ധാര്‍ത്ഥ് തന്റെ നിക്ഷേപ ഫിലോസഫി രൂപീകരിച്ചു. പര്‍സ്യൂട്ട് ഓഫ് പെര്‍മനന്‍സ് (Pursuit of Permanence), അസോസിയേറ്റിങ് വിത്ത് എക്‌സലന്‍സ് (Asosciating with Excellence). ഇത് രണ്ടുമാണ് സിദ്ധാര്‍ത്ഥിന്റെ നിക്ഷേപ തത്വശാസ്ത്രം.
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ മാനേജ് ചെയ്യാന്‍ കൂടുതല്‍ സുരക്ഷിതമായ മേഖലകളെ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ആ ഫിലോസഫിയാണ് സിദ്ധാര്‍ത്ഥിനെ ബിഎസ്ഇയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ചതും. ഇന്ത്യ നന്നായി മുന്നേറുക എന്ന് പറഞ്ഞാല്‍ സെന്‍സെക്‌സ് മുന്നേറുന്നു എന്നാണ്. ഇന്ത്യയുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന സ്ഥാപനമേതെന്ന അന്വേഷണമാണ് ബിഎസ്ഇയിലേക്ക് സിദ്ധാര്‍ത്ഥിനെ അടുപ്പിച്ചത്. 2008-09 കാലഘട്ടത്തില്‍ ബിഎസ്ഇയില്‍ നിക്ഷേപം തുടങ്ങുമ്പോള്‍ കമ്പനി ലിസ്റ്റ് ചെയ്തിരുന്നില്ല. 2009 മുതല്‍ 2014 വരെ പടിപടിയായി ബിഎസ്ഇയുടെ ഓഹരികള്‍ സിദ്ധാര്‍ത്ഥ് വാങ്ങിക്കൂട്ടി. ഈ നീക്കത്തിന് തുനിയുമ്പോഴും കമ്പനിയെ കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ 'ടെക് കമ്പനി'കളില്‍ ഒന്നെന്നാണ് സിദ്ധാര്‍ത്ഥ് ബിഎസ്ഇയെ വിശേഷിപ്പിക്കുന്നത്. ''ദശലക്ഷക്കണക്കിന് ട്രാന്‍സാക്ഷനുകള്‍ കുറ്റമറ്റ രീതിയില്‍, സുരക്ഷിതമായി ബിഎസ്ഇയില്‍ നടക്കുന്നുണ്ട്,'' സിദ്ധാര്‍ത്ഥ് വിശദീകരിക്കുന്നു.
എന്‍എസ്ഇയും സമാനമായ കരുത്തുള്ള കമ്പനി ആയതിനാലാണ് രാജ്യത്തെ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചിലും നിക്ഷേപം നടത്തിയത്. രാജ്യത്തെ അഭിമാന സ്ഥാപനങ്ങളായ എസ്ബിഐ, എല്‍ഐസി എന്നിവയിലും സിദ്ധാര്‍ത്ഥിന് ഗണ്യമായ നിക്ഷേപമുണ്ട്. അതുപോലെ തന്നെ യുഎഇയിലെ എമിറേറ്റ്സ് എന്‍ബിഡി ബാങ്കിലും നിക്ഷേപമുണ്ട്.
ഇന്ത്യയിലും യുഎഇയിലും സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായി പ്രാധാന്യവും പാരമ്പര്യവുമുള്ള വന്‍കിട കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് 'Pursuit of Permanence' എന്ന അദ്ദേഹത്തിന്റെ നിക്ഷേപ ഫിലോസഫിയെയാണ് പ്രതിഫലിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ആദ്യ ഘട്ടത്തില്‍ ബിഎസ്ഇ ഓഹരി വാങ്ങുമ്പോള്‍ ഒന്നിന്റെ വില 200 രൂപ ആയിരുന്നു. ഇന്ന് ബോണസ് ഓഹരികളും എല്ലാം ഉള്‍പ്പെടുത്തിയാല്‍ ആ ഒരു ഓഹരിയുടെ മൂല്യം 40,000 രൂപയും! അതായത് അദ്ദേഹത്തിന്റെ പ്രാരംഭ നിക്ഷേപത്തിന്‍ മേലുള്ള നേട്ടം 200 മടങ്ങ്!
ഒന്നുകില്‍ മികവുറ്റവ സൃഷ്ടിക്കുക. അല്ലെങ്കില്‍ ലോകോത്തര തലത്തില്‍ മികവുറ്റവയോട് ചേര്‍ന്നുനില്‍ക്കുക. ഇതാണ് സിദ്ധാര്‍ത്ഥിന്റെ രണ്ടാമത്തെ തത്വം. അതത് രംഗങ്ങളില്‍ ഏറ്റവും മികച്ചവ ഏതാണോ, അത് കണ്ടെത്തി നിക്ഷേപം നടത്തുന്ന ശൈലി ഈ ഫിലോസഫിയുടെ അടിസ്ഥാനത്തിലുള്ളതാണ്.
മികവുറ്റ സ്ഥാപനങ്ങളോട് ചേര്‍ന്നുനില്‍ക്കുക എന്ന അദ്ദേഹത്തിന്റെ ഫിലോസഫിയാണ് രാജ്യത്തെ മുന്‍നിര പ്രസ്ഥാനങ്ങളായ എന്‍എസ്ഇയിലും ബിഎസ്ഇയിലും നടത്തിയ നിക്ഷേപത്തിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന സിദ്ധാര്‍ത്ഥിന്റെ നിക്ഷേപ തന്ത്രം ശരിവെക്കുന്നതുമാണ്. 2010ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 50-75 ലക്ഷമായിരുന്നുവെങ്കില്‍ 2026ല്‍ രാജ്യത്തിന്റെ ഇന്‍വെസ്റ്റര്‍ ബേസ് 20 കോടി എന്ന റെക്കോഡ് തലത്തിലാണ്. ഒരു വികസിത വിപണിക്ക് 25 - 30 ശതമാനം വരെ മാര്‍ക്കറ്റ് പെനട്രേഷന്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഇത് ഒമ്പത് ശതമാനം മാത്രമാണ്. വരും വര്‍ഷങ്ങളില്‍ ഇത് 30 ശതമാനത്തിലേക്ക് ഉയരുമ്പോള്‍, വലിയൊരു കുതിപ്പുണ്ടാകും. 2047 ഓടെ രാജ്യത്തെ ഇന്‍വെസ്റ്റര്‍ ബേസ് 50 കോടിയായി ഉയരുമെന്ന പ്രത്യാശയാണ് സിദ്ധാര്‍ത്ഥ് പങ്കുവെക്കുന്നത്.
യുവ സംരംഭകരോട് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ചിലത് പറയാനുണ്ട്. ഒപ്പം അവസരങ്ങളെയും അത് എങ്ങനെയുള്ളവര്‍ക്കാണ് മുതലാക്കാന്‍ സാധിക്കുകയെന്നും
യുവ സംരംഭകരോട് താങ്കള്‍ക്ക് പറയാനുള്ളത് എന്താണ്? അവര്‍ എന്തിലാണ് ഫോക്കസ് ചെയ്യേണ്ടത്?
എത്രയും നേരത്തെ നിക്ഷേപം തുടങ്ങുക. 18 വയസില്‍ സാധിച്ചാല്‍ അപ്പോള്‍ മുതല്‍. സ്വന്തമായി മൂലധനം ഉണ്ടാക്കാന്‍ യുവസമൂഹം ശ്രമിക്കണം. നേരത്തെ നിക്ഷേപംതുടങ്ങിയാല്‍ 24 - 25 വയസാകുമ്പോള്‍ സാമാന്യം നല്ലൊരു ഫണ്ട് കൈവശമുണ്ടാകും. ഈ പണമുപയോഗിച്ചാവണം നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍. ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ആശയം മാത്രമാണ് കയ്യിലുള്ളത്. മൂലധനം മറ്റെവിടെ നിന്നെങ്കിലും സമാഹരിച്ചതാകും. സ്വന്തം പണം ഉപയോഗിച്ച് സംരംഭം നടത്തുമ്പോള്‍ അവിടെ കളിമാറും. സംരംഭകര്‍ക്ക് കൂടുതല്‍ ശ്രദ്ധ വരും. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സാധിക്കുന്നത്ര നേരത്തെ എസ്‌ഐപി പോലുള്ള മാര്‍ഗങ്ങളിലൂടെ അതിനുള്ള ഫണ്ട് ആദ്യമെ സമാഹരിക്കാന്‍ ശ്രമിക്കണം.
ദുബായില്‍ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കുമുള്ള അവസരങ്ങള്‍ എന്തൊക്കെയാണ്?
ദുബായ് ഹാര്‍ഡ്‌വര്‍ക്കിന് ഫലം തരുന്ന രാജ്യമാണ്. സ്മാര്‍ട്ട് വര്‍ക്കിന് ഫലം തരുന്ന രാജ്യമാണ്. അതുപോലെ നീതിയുക്തമായിചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം തരുന്ന രാജ്യമാണ്. ഹാര്‍ഡ്‌വര്‍ക്ക് ചെയ്യാന്‍ മനസുള്ള, സ്മാര്‍ട്ട് വര്‍ക്ക് ചെയ്യാന്‍ ക്രിയാത്മകതയുള്ള, നിയമാനുസൃതമായി മാത്രം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. തീര്‍ച്ചയായും വെല്ലുവിളികളുണ്ട്. പക്ഷേ അവയെ മറികടക്കാനാകും.
ഇന്ത്യയില്‍ കാണുന്ന അവസരങ്ങളെന്തൊക്കെയാണ്?
ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് വലിയ അവസരമുണ്ട്. രാജ്യത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് മുനമ്പുകളിലേക്ക് രാജ്യത്തിന്റെ ഓരോ ഗ്രാമത്തില്‍ നിന്നും റോഡ് കണക്റ്റിവിറ്റി വേണം. ഇങ്ങനെ വന്നാല്‍ അതൊരു ഗെയിം ചേഞ്ചറാകും. ഗിഫ്റ്റ് സിറ്റി പോലെനിരവധി രാജ്യാന്തര ഫിനാന്‍ഷ്യന്‍ സര്‍വീസ് സെന്ററുകള്‍ വരണം. അതിനുള്ള അവസരം ഇവിടെയുണ്ട്. അങ്ങനെ വന്നാല്‍ നിക്ഷേപം കൂടുതലായി ഇവിടേക്ക് എത്തും. ഇന്ത്യയിലും വെല്ലുവിളികളുണ്ട്. ഒട്ടനവധി മേഖലകളില്‍ ഇനിയും നയപരിഷ്‌കാരങ്ങളും വരേണ്ടിയിരിക്കുന്നു. പക്ഷേ അതിലേറെ അവസരങ്ങളുണ്ട്. രാജ്യത്തെ ജനങ്ങള്‍ കയ്യിലെ പണവും സമ്പത്തും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ്, സമ്പത്ത് സൃഷ്ടിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്താല്‍ ഫിനാന്‍ഷ്യല്‍ വിപണി മുമ്പെങ്ങുമില്ലാത്ത വിധം കുതിക്കും.
എഐയിലെ നിക്ഷേപം ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമാണല്ലോ. താങ്കള്‍ ആ രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ടോ? എഐ കുമിള പൊട്ടുമോ ?
ഞാനൊരു വാല്യു ഇന്‍വെസ്റ്ററാണ്. സുദീര്‍ഘ കാലം മുന്നില്‍ക്കണ്ട് ചുരുക്കം കമ്പനികളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്ന ശൈലി പിന്തുടരുന്ന ഒരാള്‍. ശരിയാണ്; എഐ നിക്ഷേപ രംഗത്ത് മൂല്യം കൂട്ടുന്നുണ്ട്. അസാധാരണ തലത്തിലെത്തിയ ഓഹരി വിലകള്‍ കണ്ണടച്ച് തുറക്കും മുമ്പ് സീറോ ആയത് ഞാന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. കുമിളകള്‍ വരും. കുമിളകള്‍ പൊട്ടും. മികവും സ്ഥിരതയുമുള്ളത് നിലനില്‍ക്കും.
നല്ലതും മോശവും തിരിച്ചറിയുക എന്നതാണ് പ്രധാനം. അതിന് കിന്റര്‍ഗാര്‍ട്ടണ്‍ തലം മുതല്‍ കുട്ടികളെ നാം രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കണം. ഒന്ന്: നിക്ഷേപരീതികള്‍. രണ്ട്: ഡീപ് തിങ്കിങ്. ഇവ രണ്ടും ഭാവിയില്‍ ഗുണം ചെയ്യും.
Prominent NRI investor Siddharth Balachandran reveals his ultra-long-term investment philosophy that generated massive returns, alongside his massive ecosystem plans for Kerala.