Markets

സ്വര്‍ണ ഇ.ടി.എഫില്‍ മുഴുവന്‍ തുകയുടെ ഭൗതിക സ്വര്‍ണം ഇനി സൂക്ഷിക്കില്ലേ? പേപ്പര്‍ ഗോള്‍ഡായി മാറുമോ? നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍...

ഭൂരിഭാഗം നിക്ഷേപവും തുടര്‍ന്നും ഭൗതിക സ്വര്‍ണത്തില്‍ തന്നെ. ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകള്‍ ഉപയോഗിക്കുന്നത് ചെറിയൊരു വിഹിതത്തില്‍ മാത്രമായിരിക്കും

Dhanam News Desk

ഇന്ത്യയിലെ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (Gold ETFs) തത്തുല്യ തുകയുടെ ഭൗതിക സ്വര്‍ണം സൂക്ഷിക്കുന്ന സമ്പ്രദായം മാറുകയാണോ? നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്. ഡിജിറ്റല്‍ ഗോള്‍ഡിന്റെ കാര്യത്തിലെന്ന പോലെ, മതിയായ ഭൗതിക സ്വര്‍ണം ഈടായി വെയ്ക്കുന്ന രീതി ഇ.ടി.എഫിന്റെ കാര്യത്തിലും ഇല്ലാതാവുന്നില്ല. ഓഹരി വിപണി നിയന്ത്രകരായ സെബി കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ ETFകളുടെ നിക്ഷേപ ഘടനയില്‍ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും, അവ പൂര്‍ണമായും സ്വര്‍ണത്തില്‍നിന്ന് വിട്ടുമാറുന്നില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ ഗോള്‍ഡ് വേറെ, ഇ.ടി.എഫ് വേറെ

സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യാവുന്ന ഗോള്‍ഡ് ETFകള്‍ സാധാരണയായി നിക്ഷേപകരുടെ പണം ഉപയോഗിച്ച് ഭൗതിക സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ETF യൂണിറ്റുകളുടെ വില നേരിട്ട് സ്വര്‍ണവിലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. എന്നാല്‍ സെബി (SEBI) അടുത്തിടെ അനുവദിച്ച മാറ്റങ്ങള്‍ പ്രകാരം, ഗോള്‍ഡ് ETFകള്‍ക്ക് ഇപ്പോള്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് പോലുള്ള ഡെറിവേറ്റീവുകളിലും പരിമിതമായ നിക്ഷേപം നടത്താന്‍ സാധിക്കും.ETFകള്‍ പൂര്‍ണമായും 'പേപ്പര്‍ ഗോള്‍ഡ്' ആയി മാറുന്നുവെന്നല്ല ഇതിനര്‍ഥം. നിലവിലെ ചട്ടങ്ങള്‍ പ്രകാരം, ഫണ്ട് നടത്തിപ്പുകാര്‍ കുറഞ്ഞത് 95 ശതമാനം വരെ സ്വര്‍ണം, അല്ലെങ്കില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ആസ്തികളില്‍ നിക്ഷേപിച്ചിരിക്കണം. അതായത്, ഭൂരിഭാഗം നിക്ഷേപവും തുടര്‍ന്നും ഭൗതിക സ്വര്‍ണത്തില്‍ തന്നെ.  ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകള്‍ ഉപയോഗിക്കുന്നത് ചെറിയൊരു വിഹിതത്തില്‍ മാത്രമായിരിക്കും.

പ്രവര്‍ത്തന സൗകര്യത്തിന്

ഗോള്‍ഡ് ഫ്യൂച്ചേഴ്സ് പോലുള്ളവ ഉപയോഗിക്കുന്നത് ഫണ്ടുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ പ്രവര്‍ത്തനശേഷി നല്‍കാനാണ്. വലിയ തോതില്‍ പണം ഫണ്ടിലേക്ക് എത്തിയാല്‍ ഉടന്‍ ഭൗതിക സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഫ്യൂച്ചേഴ്സ് വഴി വിലയോട് അടുത്ത ബന്ധം നിലനിര്‍ത്താന്‍ സാധിക്കും. ഇതിലൂടെ 'ട്രാക്കിംഗ് എറര്‍' കുറയ്ക്കാനും, പണത്തിന്റെ ഉപയോഗക്ഷമത വര്‍ധിപ്പിക്കാനും ഫണ്ടുകള്‍ക്ക് സാധിക്കും.അതേസമയം, ചില അപകടസാധ്യതകളും ഇതോടൊപ്പം ഉണ്ടാകും. ഫ്യൂച്ചേഴ്സ് വിലയും യഥാര്‍ത്ഥ സ്വര്‍ണവിലയും തമ്മില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാം. കൂടാതെ, ഫ്യൂച്ചേഴ്സ് കരാറുകള്‍ പുതുക്കേണ്ടതിനാല്‍ ചില അധിക ചെലവുകളും ഉണ്ടാകും. ഇത് ETFകളുടെ ലാഭത്തില്‍ ചെറിയ തോതില്‍ സ്വാധീനം ചെലുത്താന്‍ ഇടയാക്കാം.

നിക്ഷേപകര്‍ ചെയ്യേണ്ടത്...

എങ്കിലും, വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, ഈ മാറ്റം ETFകളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റുന്നതല്ല. മറിച്ച്, വിപണി അനിശ്ചിതത്വങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന ഒരു ഉപാധിയായാണ് ഇത് കാണേണ്ടത്. ഭൗതിക സ്വര്‍ണത്തെ ആധാരമാക്കിയ നിക്ഷേപ മാതൃക തുടരുന്നതിനൊപ്പം, പ്രവര്‍ത്തന സൗകര്യം വര്‍ധിപ്പിക്കുന്ന ഒരു ഘടനാപരമായ പരിഷ്‌കരണമാണിത്.നിക്ഷേപകര്‍ ETFകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഫണ്ടുകളുടെ നിക്ഷേപ ഘടനയും സ്‌കീം വിവരങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. ഭൗതിക സ്വര്‍ണത്തിന്റെ വിഹിതം എത്രയാണെന്നും ഡെറിവേറ്റീവ് എക്സ്പോഷര്‍ എത്രയാണെന്നും മനസ്സിലാക്കുന്നത് ഭാവി ലാഭനഷ്ടങ്ങള്‍ വിലയിരുത്താന്‍ സഹായകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT