Gold market canva
Markets

ട്രംപ് ഭീതി: സ്വർണം റെക്കോർഡ് കുതിപ്പിൽ; പവന് 65,000 രൂപ കടക്കും, ഔൺസിന് 3000 ഡോളറിൽ

കേരളത്തിൽ പുതിയ റെക്കോർഡ് വിലയിലേക്ക് ഉയരാം

T C Mathew

സ്വർണം ഇന്നു കേരളത്തിൽ പുതിയ റെക്കോർഡ് വിലയിലേക്ക് ഉയരും. ഇന്നലെ പവന് 440 രൂപകയറി 64,960 രൂപ ആയിരുന്നു. അതിനു ശേഷം ലോകവിപണിയിൽ സ്വർണവില 1.83 ശതമാനം കുതിച്ച് ഔൺസി (31.1 ഗ്രാം)ന് 2989.60 ഡോളറിൽ എത്തി. ഇതിൻ്റെ പ്രതികരണമായി പവൻ വില കുത്തനേ ഉയരും.

ന്യൂയോർക്കിൽ ഇന്നലെ സ്വർണ അവധിവില ഔൺസിന് 3002.55 ഡോളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. ജൂൺ മാസം ആകുമ്പോഴേക്കു സ്വർണം 3150 ഡോളർ വരെ എത്തുമെന്നാണ് ചില ബ്രോക്കറേജുകൾ പറയുന്നത്. വർഷാന്ത്യത്തിനകം 3500 ഡോളർ വരെ കയറാം എന്നു പറയുന്നവരും ഉണ്ട്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവ ചുമത്തലിനെ ഭയന്നാണു സ്വർണം അസാധാരണ ഉയരങ്ങളിലേക്കു കയറുന്നത്. മൂന്നു രീതിയിലാണ് ''ട്രംപ് ഭീതി'' മഞ്ഞലോഹത്തെ ബാധിക്കുന്നത്. ഒന്ന്: ട്രംപിൻ്റെ തീരുവയുദ്ധം സാമ്പത്തിക - വാണിജ്യ രംഗങ്ങളിൽ കോളിളക്കം ഉണ്ടാക്കി. ഇതു പരത്തുന്ന ഭീതിക്കിടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്കു മാറുന്നു.

ഇന്നലെയും യുഎസ് ഓഹരിവിപണി ഒരു ശതമാനത്തിലധികം ഇടിഞ്ഞത് സ്വർണം വാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ഇത് ആവശ്യം കൂട്ടി, വില ഉയർന്നു. രണ്ട്: ട്രംപ് സ്വർണ ഇറക്കുമതിക്കും തീരുവ ചുമത്തുമോ എന്ന ആശങ്ക വിപണികളിൽ ഉണ്ട്. ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ സ്വർണച്ചുങ്കത്തിനുള്ള സാധ്യത വിപണി തള്ളിക്കളയുന്നില്ല.

കാനഡയിൽ നിന്നാണ് അമേരിക്കയിലേക്കു കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്നത്. കാനഡയുമായി ഉടക്കിലായതുകൊണ്ട് എന്താണു സംഭവിക്കുക എന്നു പറയാനാവില്ല.മൂന്ന്: സ്വർണത്തിനു തീരുവ വന്നാലോ എന്നു ഭയപ്പെട്ട് വലിയ ബാങ്കുകളും വാണിജ്യസ്ഥാപനങ്ങളും ലണ്ടനിൽ നിന്നു സ്വർണബാറുകൾ ന്യൂയോർക്കിലേക്കു മാറ്റുന്നു. ട്രംപിൻ്റെ തെരഞ്ഞെടുപ്പിനു ശേഷം ലണ്ടനിൽ നിന്ന് 500-ലേറെ ടൺ സ്വർണം ന്യൂയോർക്കിലേക്കു മാറ്റി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നു തന്നെ നൂറിലധികം ടൺ നീങ്ങി.

ചില വലിയ ബാങ്കുകൾക്ക് ന്യൂയോർക്ക് കോമക്സിലെ സ്വർണ വ്യാപാരത്തിൽ വന്ന നഷ്ടം പരിഹരിക്കാനും ഇക്കാലയളവിൽ ടൺ കണക്കിനു സ്വർണം ലണ്ടനിൽ നിന്ന് അമേരിക്കയിലേക്കു മാറ്റേണ്ടി വന്നു.അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ കിഴക്കു ഭാഗത്തു നിന്നു പടിഞ്ഞാറോട്ടു സ്വർണത്തിൻ്റെ ഇത്രയും വലിയ ഒഴുക്ക് ഒന്നും രണ്ടും ലോകയുദ്ധ കാലങ്ങളിൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ. 

തീരുവയുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരും എന്നാണു വിപണിയിലെ സംസാരം. ഏഷ്യയിൽ നിന്ന് അസാധാരണമായ ഡിമാൻഡ് ഉണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. കേന്ദ്രബാങ്കുകളുടെ വാങ്ങലും കുറഞ്ഞിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT