Markets

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച: കേരളത്തില്‍ സ്വര്‍ണവിലയുടെ കുതിപ്പ്‌

മാര്‍ച്ചില്‍ കേരളത്തില്‍ 3.30% ഉയര്‍ന്നു, അന്താരാഷ്ട്ര വില 1900 ഡോളറിന് മുകളില്‍

Sreekumar Raghavan

സിലിക്കണ്‍ വാലി ബാങ്ക് (എസ്.വി.ബി) ഉള്‍പ്പെടെ അമേരിക്കയില്‍ ഒറ്റയടിക്ക് മൂന്ന് പ്രമുഖ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിപ്പോയത് സ്വര്‍ണത്തിന്റെ വിലക്കുതിപ്പിന് വളമാകുന്നു. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതിനെ തുടര്‍ന്ന് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്.

ആഗോളതലത്തില്‍ ഓഹരിവിപണികള്‍ക്കാകെ എസ്.വി.ബി പ്രതിസന്ധി തിരിച്ചടിയായതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്. ഇത് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമാകുന്നു.

മാര്‍ച്ചില്‍ ഇതുവരെ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് 1830 ഡോളറില്‍ നിന്ന് 1916 ഡോളറിലെത്തി. കേരളത്തില്‍ പവന് 3.30 ശതമാനം ഉയര്‍ന്ന് 42,520 രൂപയായി. ഗ്രാം വില 5315 രൂപ.

ഈ വര്‍ഷം ഫെബ്രുവരി രണ്ടിലെ 42,880 രൂപയാണ് പവന്റെ എക്കാലത്തെയും ഉയര്‍ന്ന വില. ഗ്രാമിന് അന്ന് 5360 രൂപയായിരുന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈയാഴ്ച തന്നെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചേക്കും.

വില മുന്നോട്ട്

ബാങ്കുകളുടെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്വര്‍ണത്തിന് വില കൂടുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്.  അബ്ദുല്‍ നാസര്‍ അഭിപ്രായപെട്ടു.

ചൊവ്വാഴ്ച്ചത്തെ ഉപഭോക്തൃവില സൂചിക, മാര്‍ച്ച് 22ലെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് തീരുമാനം എന്നിവയും സ്വര്‍ണവിപണിയുടെ ദിശയെ സ്വാധീനിക്കുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. സ്വര്‍ണാഭരണ ഡിമാന്‍ഡും നിക്ഷേപക ഡിമാന്‍ഡും വര്‍ദ്ധിക്കുന്നതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ നല്‍കുന്ന സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT