Image : Canva 
Markets

കേരളത്തിലെ സ്വര്‍ണവില പുതിയ ഉയരത്തില്‍; പ്രവചനങ്ങള്‍ ഫലിച്ചു

കഴിഞ്ഞ 6 വര്‍ഷത്തിനിടെ സ്വര്‍ണത്തിന് 25,000 രൂപയിലധികം വിലവര്‍ധന

Dhanam News Desk

സ്വര്‍ണ വിലയില്‍ റെക്കോഡുകളുടെ വര്‍ഷമാണ് 2023. 2020 ഓഗസ്റ്റിന് ശേഷം 2023 ജനുവരി ജനുവരി 24നാണ് സ്വര്‍ണം പുത്തന്‍ റെക്കോഡ് കുറിച്ചത്. പിന്നീട് ഇങ്ങോട്ട് നിരവധി റെക്കോഡുകള്‍. 2023 അവസാനിക്കുമ്പോള്‍ ഈ വര്‍ഷത്തെ പതിനാലാമത്തെ റെക്കോഡ് വിലയിലാണ് സ്വർണമുള്ളത്.

ഗ്രാമിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5,890 രൂപയും പവന്‍ 320 രൂപ ഉയര്‍ന്ന് 47,120 രൂപയുമായി.  സ്വർണം പുതിയ  ഉയരങ്ങൾ കീഴടക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നു, ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സ്വര്‍ണ വിലയിലെ മുന്നേറ്റം. 

ഈ മാസം നാലിലെ റെക്കോഡ് ആണ് ഇന്ന് തിരുത്തിയത്. ഡിസംബര്‍ നാലിന് പവന് 47,080 രൂപയും ഗ്രാമിന് 5,885 രൂപയുമായിരുന്നു.

ഈ വര്‍ഷം ഗ്രാമിന് 830 രൂപയും പവന് 6,640 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സ്വർണം പവന് 25,000 രൂപയുടെ വില വര്‍ധനയാണ് ഉണ്ടായത്. 2017 ജനുവരി 1ന് ഗ്രാമിന് 2,645 രൂപയും പവന് 21,160 രൂപയുമായിരുന്നു. 118 ശതമാനം ആണ് വര്‍ധന. അതായത് പവന് 25,960 രൂപ കൂടി.

ആഗോള വിപണിയിലെ മാറ്റം

ആഗോള വിപണിയിലെ വില ചാഞ്ചാട്ടങ്ങള്‍ക്കൊപ്പമാണ് ആഭ്യന്തര വിപണികളിലും വില വര്‍ധിക്കുന്നത്. ആഗോള വിപണിയില്‍ 2017 ജനുവരി ഒന്നിന് സ്‌പോട്ട് സ്വര്‍ണം 1,150 ഡോളറിലായിരുന്നു. ഇന്ന് 2,083 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സ് സ്വര്‍ണ വിലയില്‍ 80 ശതമാനം വര്‍ധനയാണുണ്ടായത്. 

18 കാരറ്റ് സ്വര്‍ണവും വെള്ളിയും ഇന്ന്

18 കാരറ്റ് സ്വര്‍ണവും ഇന്ന് റെക്കോഡ് വിലയിലാണ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,875 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 81 രൂപ.

(വിവരങ്ങള്‍ നല്‍കിയത്: അഡ്വ.എസ്.അബ്ദുല്‍ നാസര്‍, സംസ്ഥാന ട്രഷറര്‍, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT