പ്രതീകാത്മക ചിത്രം Image Source: Canva
Markets

ക്രൂഡ് ഓയിൽ വിലയിൽ വൻ മുന്നേറ്റം; സ്വർണവും വെള്ളിയും ഇടിഞ്ഞു; കമ്മോഡിറ്റി വിപണിയിൽ ഇനിയെന്ത്?

വരും ദിവസങ്ങളിൽ സെൻട്രൽ ബാങ്കുകളുടെ പ്രഖ്യാപനങ്ങൾ സ്വർണം, വെള്ളി വിപണികളെ സ്വാധീനിക്കുമ്പോൾ, കലുഷിതമായ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളായിരിക്കും ക്രൂഡ് ഓയിൽ വിലയുടെ ഗതി നിർണ്ണയിക്കുക

Jose Mathew T

അന്താരാഷ്ട്ര കമ്മോഡിറ്റി വിപണിയിൽ ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂലൈ 13-17) വലിയ ചാഞ്ചാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചു. യു.എസ് ഡോളറിന്റെ കരുത്തും ശക്തമായ സാമ്പത്തിക കണക്കുകളും വിലയേറിയ ലോഹങ്ങളായ സ്വർണത്തിനും വെള്ളിക്കും തിരിച്ചടിയായപ്പോൾ ആ​ഗോള സംഘർഷങ്ങളും (Geopolitics) വിതരണ ശൃംഖല വീണ്ടും താറുമാറാകുമോ എന്ന ആശങ്കയും ക്രൂഡ് ഓയിൽ വിലയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കി.

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) പലിശ നിരക്ക് തീരുമാനം, യു.കെയിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകൾ, യു.എസ് തൊഴിലില്ലായ്മ നിരക്ക്, പി.എം.ഐ ഡാറ്റ, ഇ.ഐ.എയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇൻവെന്ററി റിപ്പോർട്ടുകൾ എന്നിവ പുറത്തുവരാനിരിക്കുന്നതിനാൽ പുതിയ വ്യാപാര ആഴ്ചയിലും (ജൂലൈ 20-24) വിപണിയിൽ കടുത്ത ചാഞ്ചാട്ടത്തിനുള്ള സാധ്യതകൾ നിലനിൽക്കുന്നു.

സ്വർണം

ഇക്കഴി‍ഞ്ഞയാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില 2.47 ശതമാനം ഇടിവ് നേരിട്ട് 4,018 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ശക്തിയാർജിക്കുന്ന യു.എസ് ഡോളറും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് (Treasury Yields) വർധനയുമാണ് സ്വർണത്തിന് തിരിച്ചടിയായത്.

  • സപ്പോർട്ട് ലെവലുകൾ: $3,940 — $3,791

  • റെസിസ്റ്റൻസ് ലെവലുകൾ: $4,086 — $4,175

  • ഇനിയെന്ത് പ്രതീക്ഷിക്കാം?: നിലവിൽ സ്വർണം ഒരു തിരുത്തൽ ഘട്ടത്തിലാണുള്ളത്. വരും ദിവസങ്ങളിൽ ആ​ഗോള സംഘർഷങ്ങൾ കാരണമുള്ള അനിശ്ചിതത്വങ്ങൾ ഉയർന്നാൽ മാത്രം സുരക്ഷിത നിക്ഷേപം (Safe-haven) എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപക താത്പര്യം മടങ്ങിയെത്താം.

വെള്ളി

സ്വർണത്തിൽ നേരിട്ടതിനേക്കാൾ വലിയ ഇടിവാണ് വെള്ളിയുടെ വിലയിൽ ഇക്കഴിഞ്ഞയാഴ്ച ദൃശ്യമായത്. ആഴ്ച കാലയളവിൽ 6.56 ശതമാനം ഇടിഞ്ഞ് 55.91 ഡോളർ നിലവാരത്തിലേക്ക് എത്തിച്ചേർന്നു.

  • സപ്പോർട്ട് ലെവലുകൾ: $54.50 — $49.35

  • റെസിസ്റ്റൻസ് ലെവലുകൾ: $59.85 — $64.00

  • വിലയിരുത്തൽ: ഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടയിൽ സുപ്രധാന സപ്പോർട്ട് ലെവലുകൾ തകർത്ത് താഴേക്ക് പതിച്ച വെള്ളിക്ക്, സാങ്കേതികമായൊരു തിരിച്ചു വരവ് (Technical Bounce) സാധ്യമാകണമെങ്കിൽ വില 54.50 ഡോളറിന് മുകളിൽ നിലനിൽക്കേണ്ടതുണ്ട്.

ബ്രെന്റ് ക്രൂഡ് ഓയിൽ

കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ മുന്നേറ്റം പ്രകടമാക്കിയ പ്രധാന കമ്മോഡിറ്റി, ക്രൂഡ് ഓയിലായിരുന്നു. ഏകദേശം 17.35 ശതമാനം വർധനയോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88.27 ഡോളർ എന്ന നിലവാരത്തിലേക്ക് കുതിച്ചുയർന്നു. ലോകത്തെ ഏറ്റവും പ്രധാന എണ്ണ ഉത്പാദക മേഖലയായ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതും യു.എസ് ക്രൂഡ് ഓയിൽ ഇൻവെന്ററിയിൽ രേഖപ്പെടുത്തിയ വലിയ കുറവുമാണ് വില ഉയർത്താൻ വഴിതെളിച്ചത്.

  • സപ്പോർട്ട് ലെവലുകൾ: $82.30 — $71.02

  • റെസിസ്റ്റൻസ് ലെവലുകൾ: $90.00 — $98.00

  • ഇനിയെന്ത് പ്രതീക്ഷിക്കാം: ക്രൂഡ് ഓയിൽ വില 82.30 ഡോളർ നിലവാരത്തിന് മുകളിൽ നിലനിൽക്കുന്നത് 90–98 ഡോളർ നിലവാരത്തിലേക്കുള്ള കുതിപ്പിന് കരുത്തുപകരും. എന്നിരുന്നാലും മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കകൾ കുറഞ്ഞാൽ നിക്ഷേപകർ ലാഭമെടുപ്പിന് (Profit-booking) മുതിർന്നേക്കാം. എങ്കിൽ ക്രൂഡ് ഓയിൽ വില താഴാൻ വഴിയൊരുങ്ങും.

നാച്വറൽ ഗ്യാസ്

തുടർച്ചയായ ഇടിവിലാണ് നാച്വറൽ ഗ്യാസ് വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ 1.13 ശതമാനം താഴ്ന്ന് 2.8822 ഡോളർ നിലവാരത്തിലാണ് നാച്വറൽ ഗ്യാസ് ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ വ്യാപാരം അവസാനിപ്പിച്ചത്. ആവശ്യത്തിന് സംഭരണം ഉള്ളതും പെട്ടെന്ന് ചൂട് കുറഞ്ഞതും നാച്വറൽ ഗ്യാസ് ഡിമാൻഡിനെ ബാധിച്ചു.

  • സപ്പോർട്ട് ലെവലുകൾ: $2.6700 — $2.3700

  • റെസിസ്റ്റൻസ് ലെവലുകൾ: $3.0600 — $3.4000

  • വിലയിരുത്തൽ: വില 3.0600 ഡോളർ നിലവാരത്തിവന് മുകളിലേക്ക് കടന്നാൽ മാത്രമേ നാച്വറൽ ഗ്യാസ് വിപണിയിൽ വീണ്ടും പോസിറ്റീവ് തരംഗം സൃഷ്ടിക്കാൻ സാധിക്കൂ.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT