ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ ഇന്ധന ക്ഷാമം വർദ്ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സ്. ഇറാൻ യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്ന ഭയവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളുമാണ് ഊർജ വിപണിയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യം ഏഷ്യൻ രാജ്യങ്ങളെയും പ്രത്യേകിച്ച് ഇന്ത്യയെയും സാരമായി ബാധിക്കുമെന്നും ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഇന്ധന ലഭ്യത കുറയുന്നതിനും ഇറക്കുമതി ചെലവ് കുതിച്ചുയരുന്നതിനും ഈ പ്രതിസന്ധി കാരണമാകും. ഇത് വ്യവസായ ശൃംഖലകളെ സമ്മർദത്തിലാക്കുകയും രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. പേർഷ്യൻ ഗൾഫിൽ നിന്നുള്ള വിതരണ തടസം കാരണം ഇന്ത്യയിലെ ഇന്ധന വിതരണത്തിൽ ശരാശരി 34 ശതമാനം ഇടിവുണ്ടാകാമെന്നാണ് ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നത്.
ഇതിൽ വിമാന ഇന്ധനത്തിന്റെ (Jet fuel) ലഭ്യതയിൽ 76 ശതമാനം ഇടിവുണ്ടാകുമെന്നത് വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. കൂടാതെ ഫ്യൂവൽ ഓയിൽ വിതരണത്തിൽ 55 ശതമാനവും നാഫ്തയിൽ 43 ശതമാനവും കുറവുണ്ടാകാൻ സാധ്യതയുണ്ട്.
മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഇന്ധന സംഭരണ ശേഷി പരിമിതമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ പക്കൽ ഏകദേശം 20 ദിവസത്തെ ക്രൂഡ് ഓയിൽ ശേഖരവും 16 ദിവസത്തെ ശുദ്ധീകരിച്ച ഇന്ധന ശേഖരവുമാണുള്ളത്. ചൈനയെയും ജപ്പാനെയും പോലുള്ള രാജ്യങ്ങൾക്ക് വലിയ തന്ത്രപ്രധാന ശേഖരങ്ങൾ ഉള്ളതിനാൽ അവർക്ക് ഈ ആഘാതം നേരിടാൻ കൂടുതൽ ശേഷിയുണ്ടാകും.
വിലക്കയറ്റം: ഫെബ്രുവരി 27 മുതൽ ഇന്ത്യയിൽ ഡീസൽ (Gasoil) വിലയിൽ ബാരലിന് 198 ഡോളറിന്റെയും വിമാന ഇന്ധനത്തിന് 137 ഡോളറിന്റെയും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.74 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലെ അസ്ഥിരത തുടരുന്നത് ഇന്ത്യയുടെ ഊർജ സുരക്ഷയെയും സാമ്പത്തിക സ്ഥിതിയെയും കൂടുതൽ ദുർബലമാക്കുമെന്ന വിലയിരുത്തലാണ് ഗോൾഡ്മാൻ സാക്സ് പങ്കുവെക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine