Markets

ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വിഭജിക്കാന്‍ തീരുമാനം: കൂടുതല്‍ പേര്‍ക്ക് വാങ്ങാന്‍ അവസരം

ഒരു ഓഹരി 20 ആയിട്ടാണ് വിഭജിക്കുന്നത്

Dhanam News Desk

ഗൂഗിള്‍ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വിഭജിക്കാന്‍ കമ്പനി ബോര്‍ഡിന്റെ അംഗീകാരം. 1 ഓഹരിയെ 20 എണ്ണമായി വിഭജിക്കാനാണ് തീരുമാനം. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കമ്പനിയുടെ ഓഹരിയില്‍ 9% ശതമാനം ഉയര്‍ച്ചയുണ്ടായി.

ആപ്പിളിന്റെ ഭൂരിഭാഗം ഓഹരികളും വിഭജിച്ച് ഒന്നര വര്‍ഷം പിന്നിടുന്നതിനിടെയാണ് ആല്‍ഫബെറ്റും വലിയൊരു നീക്കം നടത്തിയിരിക്കുന്നത്. വിപണിമൂല്യം ട്രില്യണില്‍ എത്തിച്ച ചുരുക്കം കമ്പനികളുടെ കൂട്ടത്തിലെ മുമ്പന്മാരാണ് ആപ്പിളും ആല്‍ഫബെറ്റും. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും ഓഹരി വിഭജനം നടത്തിയിരുന്നു.

ക്ലാസ് എ, ക്ലാസ് ബി, ക്ലാസ് സി ഷെയറുകളാണ് ആല്‍ഫബെറ്റ് വിഭജിക്കുക. തീരുമാനത്തിന് ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇതു കൂടി ലഭ്യമായാല്‍ അടുത്ത ജൂലൈയോടെയാണ് മാറ്റം പ്രാബല്യത്തില്‍ വരിക.

2012ലാണ് വോട്ടിംഗ് അവകാശമില്ലാതെ ക്ലാസ് സി എന്ന തേര്‍ഡ് ക്ലാസ് ഷെയറുകള്‍ ഗൂഗിള്‍ കൂട്ടിയത്. ഒരു ഷെയറിന് ഒരു വോട്ട് എന്ന നിലയ്ക്കാണ് ക്ലാസ് എ ഷെയറുകളുള്ളത്. സ്ഥാപകരും ആദ്യകാല നിക്ഷേപകരും അടക്കം 10 വോട്ടുകള്‍ക്ക് അധികാരമുള്ളവരാണ് ക്ലാസ് ബി ഷെയറുകള്‍ ഉടമസ്ഥപ്പെടുത്തിയിരിക്കുന്നത്. 2015 ഗൂഗിളിനെ ആല്‍ഫബെറ്റായി മാറ്റുമ്പോഴും ഈ ഓഹരി ഘടന തന്നെ നിലനിര്‍ത്തിയിരുന്നു.

മഹാമാരിക്കാലത്തെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും വന്‍ വര്‍ധനയാണ് ആല്‍ഫബെറ്റിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 32% വളര്‍ച്ചയാണ് ഇപ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റെല്ലാ ടെക് ഭീമന്മാരെയും അതിജയിച്ച് 65% ഉയര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം ആല്‍ഫബെറ്റിന്റെ ഓഹരിയിലുണ്ടായത്. പ്രതീക്ഷിച്ചതിലും കൂടുതലാണ് എല്ലാ തല വരുമാനങ്ങളിലും ആല്‍ഫബെറ്റിനുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില കണക്കുകള്‍ കാണാം:

ഇപിഎസ് -ഏര്‍ണിംഗ് പെര്‍ ഷെയര്‍

ലഭിച്ചത്: 30.69 ഡോളര്‍

പ്രതീക്ഷിച്ചിരുന്നത്: 27.34 ഡോളര്‍

വരുമാനം

ലഭിച്ചത്: 75.33 ബില്യണ്‍ ഡോളര്‍

പ്രതീക്ഷിച്ചിരുന്നത്: 72.17 ബില്യണ്‍ ഡോളര്‍

യൂട്യൂബ് പരസ്യ വരുമാനം

ലഭിച്ചത്: 8.63 ബില്യണ്‍ ഡോളര്‍

പ്രതീക്ഷിച്ചിരുന്നത്: 8.87 ബില്യണ്‍ ഡോളര്‍

ഗൂഗിള്‍ ക്ലൗഡ് വരുമാനം

ലഭിച്ചത്: 5.54 ബില്യണ്‍ ഡോളര്‍

പ്രതീക്ഷിച്ചിരുന്നത്: 5.47 ബില്യണ്‍ ഡോളര്‍

ടിഎസി- താരിഫ് അക്വിസിഷന്‍ കോസ്റ്റ്‌സ്

ലഭിച്ചത്: 13.43 ബില്യണ്‍ ഡോളര്‍

പ്രതീക്ഷിച്ചിരുന്നത്: 12.84 ബില്യണ്‍ ഡോളര്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT