canva
Markets

സര്‍ക്കാരിന്റെ കടമെടുപ്പിനെ നിക്ഷേപകര്‍ എന്തിന് ഭയക്കണം? കമ്മിയും വിപണിയും തമ്മിലുള്ള ബന്ധമെന്ത്? ഇന്ത്യയുടെ കടം എത്ര!

വരവിനേക്കാള്‍ കൂടുതല്‍ ചെലവാക്കുമ്പോള്‍ കടമെടുക്കും. ഇത് കണക്കില്ലാതെ വര്‍ധിച്ചാല്‍ എന്തു ചെയ്യും?

T C Mathew

ഓഹരി വിപണികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബജറ്റ് കമ്മി. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മാത്രമല്ല, വര്‍ഷം മുഴുവനും ഈ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സര്‍ക്കാരിന്റെ ചെലവ് സംബന്ധിച്ച ഓരോ പ്രഖ്യാപനവും വരവ് സംബന്ധിച്ച വാര്‍ത്തകളും വിപണി സസൂക്ഷ്മം നിരീക്ഷിക്കും. എന്താണ് കമ്മിക്കാര്യത്തിലെ ഈ ജാഗ്രതയ്ക്ക് കാരണം? ഇതിന് ഉത്തരം, അത് കമ്മിയുടെ സ്വഭാവം തന്നെയെന്നതാണ്. ബജറ്റില്‍ കമ്മി വരുമ്പോഴാണ് സര്‍ക്കാര്‍ കടമെടുക്കുക. പക്ഷേ ആ കടം പലിശ സഹിതം തിരിച്ചുനല്‍കുകയും വേണം. ഇത് കാലങ്ങളായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ വലിയ കടബാധ്യതയിലാണ്.

സര്‍ക്കാര്‍ പ്രധാനമായും കടമെടുക്കുന്നത് ആഭ്യന്തര വിപണിയില്‍ നിന്നാണ്. അങ്ങനെ കടമെടുക്കുമ്പോള്‍ സ്വകാര്യ സംരംഭകര്‍ക്ക് കിട്ടേണ്ട പണമാണ് കുറയുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്ലതുമല്ല. സര്‍ക്കാരിന് കടം നല്‍കുന്നത് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഇഷ്ടമാണ്. തിരിച്ചുകിട്ടുമോ എന്ന ആശങ്ക സാധാരണ ഗതിയില്‍ വേണ്ട. സര്‍ക്കാരല്ലേ വായ്പ എടുക്കുന്നത് എന്ന ന്യായം ഉണ്ട്. സര്‍ക്കാരിന് വായ്പ നല്‍കുമ്പോള്‍ പലിശ കുറവായിരിക്കും.

അതിലെ നഷ്ടം ബാങ്കുകള്‍ മറ്റ് വായ്പകളിലെ പലിശയില്‍ നികത്തും. അതായത് സംരംഭകര്‍ക്ക് വായ്പാലഭ്യത കുറയും,പലിശഭാരം കൂടും. സ്വാഭാവികമായും വലിയ ലാഭ മാര്‍ജിനുള്ള വ്യവസായങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും മാത്രമേ ഈ അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാനാകൂ. ഇവ മാത്രമല്ല, കമ്മി വര്‍ധനയെ എതിര്‍ക്കുന്നതിന്പിന്നിലുള്ളത്. കടം കൂടി അത് തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നാലോ എന്ന ചോദ്യവും ഉണ്ട്. രാജ്യങ്ങള്‍ അല്ലേ, സര്‍ക്കാരുകള്‍ അല്ലേ, അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് കരുതിയാല്‍ തെറ്റും. സാധാരണ അങ്ങനെ സംഭവിക്കില്ല എന്നത് ശരിതന്നെ. പക്ഷേ എപ്പോഴും അങ്ങനെയല്ല.

എങ്കിലും രാജ്യങ്ങളെല്ലാംഇപ്പോഴും വരവിനേക്കാള്‍ കൂടുതല്‍ ചെലവാക്കുന്നു. അധികച്ചെലവ് കടമെടുത്തു നടത്തുന്നു. ഇത് കണക്കില്ലാതെ വര്‍ധിച്ചാല്‍ എന്തു ചെയ്യും? അതാണ് വിപണികള്‍ ചോദിക്കുന്നത്.

ജിഡിപിയുടെ 83 ശതമാനം കടമുള്ള ഇന്ത്യയും 123 ശതമാനം കടമുള്ള അമേരിക്കയും അഭിമുഖീകരിക്കുന്ന ചോദ്യം. 252% കടമുള്ള സുഡാനാണ് ബാധ്യതാ പട്ടികയില്‍ മുന്നില്‍. ജപ്പാന്‍ (235%) രണ്ടും സിംഗപ്പുര്‍ (175%) മൂന്നും പഴയ അവശരാജ്യം ഗ്രീസ് (142%) നാലും സ്ഥാനങ്ങളിലാണ്.

അഞ്ച് സാധ്യതകള്‍

ഹാര്‍വഡിലെ ധനശാസ്ത്ര പ്രൊഫസറും പ്രശസ്ത ഗ്രന്ഥകാരനുമായ ഗ്രിഗറി മാങ്ക്യൂ (Mankiw) ഈ വിഷയത്തെപ്പറ്റി ഈയിടെ പ്രസംഗിച്ചു. മാസച്യുസെറ്റ്‌സിലെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ മാര്‍ട്ടിന്‍ ഫെല്‍ഡ്‌സ്‌റ്റൈന്‍ സ്മാരക പ്രഭാഷണമായിരുന്നു വേദി. കടം അമിതമായി കൂടിയാല്‍ ഉള്ള അഞ്ച് സാധ്യതകള്‍ മാങ്ക്യൂ പരിശോധിച്ചു.

1. അസാധാരണ വളര്‍ച്ച: ശരാശരി ജിഡിപി വളര്‍ച്ച മൂന്നില്‍ നിന്ന് ആറ് ശതമാനമാകാം എന്ന് നിക്ഷേപ വിദഗ്ധ കാത്തീ വുഡ് പറയുന്നു. അപ്പോള്‍ പ്രശ്‌നമില്ല. പക്ഷേ അങ്ങനെ നല്ല രീതിയില്‍ തീരാന്‍ സാധ്യത തീരെ കുറവെന്ന് മാങ്ക്യൂ വിലയിരുത്തി.

2. തിരിച്ചടവില്‍ വീഴ്ച: പല രാജ്യങ്ങളും (റഷ്യ,ഗ്രീസ്, അര്‍ജന്റീന) ഇങ്ങനെ ചെയ്തിട്ടുണ്ട്. എങ്കിലും സുഗമമായ വഴിയല്ല. രാജ്യാന്തര സമൂഹത്തില്‍ നാണക്കേടും ഒറ്റപ്പെടലും അനുഭവിക്കണം.

3. കറന്‍സി പ്രളയം:

കമ്മിപ്പണം അടിച്ചിറക്കി രക്ഷപ്പെടാന്‍ നോക്കിയാല്‍ നാണയപ്പെരുപ്പം അനിയന്ത്രിതമാകും. സമീപകാലത്ത് സിംബാബ്വേയ്ക്ക് 100 ട്രില്യണ്‍ (നൂറ് ലക്ഷം കോടി) കറന്‍സി പോലും ഒരു നേരത്തെ ഭക്ഷണം കിട്ടാന്‍ മതിയാകാതെ വന്നു.

4. ചെലവ് ചുരുക്കല്‍: പലിശയും

പ്രതിരോധവും സാമൂഹ്യക്ഷേമ, ആരോഗ്യരക്ഷാ ചെലവുകളും ചേരുന്നതാണ് മിക്ക രാജ്യങ്ങളുടെയും ബജറ്റിന്റെ സിംഹഭാഗം. ഒന്നും കുറയ്ക്കാവുന്നതല്ല.

5. നികുതി കൂട്ടല്‍: ശേഷിക്കുന്ന മാര്‍ഗം നികുതി വര്‍ധനയാണ്. ചെറിയ വിമര്‍ശനങ്ങള്‍ ഉണ്ടായാലും പ്രായോഗികമായ ഏക മാര്‍ഗം ജിഡിപിയുടെ 40 ശതമാനത്തിലധികം നികുതിയായി പിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വഴിയേ അമേരിക്കയടക്കം മറ്റു രാജ്യങ്ങളും നീങ്ങേണ്ടിവരും എന്നാണ് മാങ്ക്യൂ പറയുന്നത്.

സര്‍ക്കാര്‍ വരവിലധികം ചെലവാക്കിയാല്‍ ജനം (കമ്പനികള്‍ അടക്കം) വരവിന്റെ അധികഭാഗം നികുതി നല്‍കേണ്ടി വരും എന്ന് ചുരുക്കം. (ഇന്ത്യ ക്കാരും ഓര്‍ത്തിരിക്കേണ്ട പാഠം).

വ്യക്തികളുടെ നികുതിഭാരം കൂടുമ്പോള്‍ അവര്‍ക്ക് ചെലവാക്കാനും ഉല്ലാസത്തിനും മിച്ചംവെയ്ക്കാനും നിക്ഷേപത്തിനും തുക കുറവാകും. ഓഹരികളില്‍ നിക്ഷേപിക്കാന്‍ കുറച്ചു പേര്‍ മാത്രമേ ഉണ്ടാകൂ. അപ്പോള്‍വിപണി താഴ്ചയിലാകും.

കമ്പനികള്‍ക്ക് നികുതി കൂടുമ്പോള്‍ അവയുടെ അറ്റാദായം കുറയും. പ്രതി ഓഹരി വരുമാനം (ഇപിഎസ്) കുറയും. സ്വാഭാവികമായും ഓഹരിയുടെ വില കുറയും. വിപണി താഴും. ഇതാണ് കമ്മിയും വിപണിയും

തമ്മിലുള്ള ബന്ധം. കമ്മി കുറവായാല്‍ മാത്രമേ നികുതി കുറയ്ക്കാന്‍ പറ്റൂ. അപ്പോള്‍ കമ്പനികള്‍ക്ക് ലാഭവും വ്യക്തികള്‍ക്ക് നിക്ഷേപത്തിന് പണവും കൂടുകയും വിപണികള്‍ ഉയരുകയും ചെയ്യും.

ഇന്ത്യയുടെകടം എത്ര!

കേന്ദ്ര സര്‍ക്കാരിന്റെ കടം, സംസ്ഥാനങ്ങളുടെ കടം, വിദേശ കടം എന്നിവ ചേര്‍ന്ന മൊത്തം ബാധ്യത അതാത് വര്‍ഷത്തെ ജിഡിപിയുടെ എത്ര ശതമാനം എന്ന് കാണിക്കുന്ന പട്ടിക.

വര്‍ഷം ശതമാനം

  • 2018-19 70.4

  • 2019-20 75.1

  • 2020-21 87.8

  • 2021-22 83.0

  • 2022-23 81.3

  • 2023-24 80.4

  • 2024-25 79.6

കമ്മിയുടെ പരിണാമം

കമ്മി എന്നത് സര്‍ക്കാരിന്റെ കടമെടുക്കലാണ്. വരവില്‍ കൂടുതല്‍ ചെലവ് വരുമ്പോള്‍ വേണ്ടിവരുന്ന കാര്യം. രാജ്യങ്ങള്‍ വരവുചെലവ് കണക്കുകള്‍ എഴുതി പരസ്യപ്പെടുത്തുന്ന കാലം മുതല്‍ കമ്മി ഉണ്ട്. നികുതികളും ഫീസുകളും മറ്റും വഴി കിട്ടുന്ന വരുമാനത്തില്‍ ചെലവ് ഒതുക്കാന്‍ പറ്റാറില്ല. അപ്പോള്‍ സമ്പന്നരായ വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ ചിലപ്പോള്‍ മറ്റു രാജ്യങ്ങളിലോ നിന്ന് പണം കടം വാങ്ങും.

കാലാവധിയാകുമ്പോള്‍ പലിശ സഹിതം മടക്കിക്കൊടുക്കും. യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും ഒക്കെ വരുമ്പോള്‍ മാത്രം അവലംബിച്ചിരുന്ന കാര്യം. പിന്നീട് ഇത് സാധാരണ കാലങ്ങളിലേക്കും വ്യാപിച്ചു.

ഇത് സാധാരണ ഗതിയില്‍ പ്രശ്‌നമുള്ള കാര്യമല്ല. രാജ്യങ്ങളുടെ വരുമാനം വര്‍ധിക്കും. അപ്പോള്‍ കടം മടക്കിക്കൊടുക്കാം. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് നാണയങ്ങള്‍ ഇറക്കിയിരുന്ന കാലത്ത് ചില രാജ്യങ്ങള്‍ നാണയങ്ങളുടെ തൂക്കവും അതിലെ ലോഹത്തിന്റെ മാറ്റും കുറച്ച് തട്ടിപ്പും നടത്തിയിരുന്നു.

ആധുനിക കാലമായപ്പോള്‍ ഈ തട്ടിപ്പ് വേറൊരു രൂപത്തിലാണ് അരങ്ങേറിയത്. രാജ്യങ്ങള്‍ നേരിട്ട് കടമെടുക്കല്‍ കുറച്ച്, നിയന്ത്രണമില്ലാതെ പണം അടിച്ചിറക്കി. കമ്മി നികത്താന്‍ ഇത് ചെയ്തപ്പോള്‍ കറന്‍സിയുടെ വിലയിടിഞ്ഞു.

രാജ്യത്ത് വിലക്കയറ്റം കൂടി. വിദേശ കറന്‍സികളുമായുള്ള വിനിമയ നിരക്ക് മോശമായി. കുറേക്കൂടി കാലം കഴിഞ്ഞപ്പോള്‍ കമ്മിപ്പണം അടിച്ചിറക്കുന്നത് നിര്‍ത്തി. ഐഎംഎഫും ലോകബാങ്കും ഒക്കെക്കൂടി രാജ്യങ്ങളെ അതിനു നിര്‍ബന്ധിതരാക്കി. കമ്മി മുഴുവനും കടമാക്കി മാറ്റേണ്ടി വന്നു. സര്‍ക്കാര്‍ കടപ്പത്രമിറക്കി ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും നിന്ന് പണം ശേഖരിക്കുന്നു. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളും സര്‍ക്കാരിന്റെ വിവിധ സമ്പാദ്യ-നിക്ഷേപ പദ്ധതികളിലെ പണവും സര്‍ക്കാര്‍ വായ്പയായി എടുക്കുന്നു.

പോരാതെ വരുന്നത് വിദേശത്ത് നിന്ന് കടം എടുക്കുന്നു. ഇതാണ് ഇപ്പോള്‍ നടക്കുന്നത്.

(ധനം മാഗസിന്‍ ഓഗസ്റ്റ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Government borrowing can influence interest rates, inflation, and market stability. Here’s how fiscal deficit impacts markets, and a look at India’s current debt situation.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT