Markets

എല്‍ഐസി ഐപിഒ ഏപ്രില്‍ പകുതിയോടെ

പുതുക്കിയ ഡിആര്‍എച്ച്പിക്ക് സെബിയുടെ അനുമതി ലഭിക്കുന്നതിന് പിന്നാലെ ഐപിഒയുടെ തീയതി പ്രഖ്യാപിച്ചേക്കും

Dhanam News Desk

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) പ്രഥമിക ഓഹരി വില്‍പ്പന (IPO) 2-3 ആഴ്ചക്കുള്ളില്‍ നടത്തിയേക്കും. ഐപിഒയുമായി ബന്ധപ്പെട്ട് പുതുക്കിയ Draft Red Herring Prospectus (DRHP) സെബിക്ക് എല്‍ഐസി സമര്‍പ്പിച്ചു. പുതുക്കിയ ഡിആര്‍എച്ച്പിക്ക് സെബിയുടെ അനുമതി ലഭിക്കുന്നതിന് പിന്നാലെ ഐപിഒയുടെ തീയതിയും വിശദാംശങ്ങളും പ്രഖ്യാപിച്ചേക്കും.ഡിസംബര്‍ പാദത്തിലെ വിശദാംശങ്ങള്‍ അടങ്ങിയതാണ് പുതുക്കിയ ഡിആര്‍എച്ച്പി.

നിലവില്‍ വിപണി സാഹചര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ചു വരുകയാണ്. യുഎസ് ഫെഡറല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വോളറ്റൈല്‍ ഇന്‍ഡക്സ് ( Nifty VIX) തിങ്കളാഴ്ച ക്ലോസ് ചെയ്തത് 24.62ല്‍ ആണ്. സാധരണ ഗതിയില്‍ 14-15ല്‍ ആണ് വോളറ്റൈല്‍ ഇന്‍ഡക്‌സ് നില്‍ക്കേണ്ടത്.

മാര്‍ച്ച് 31 ഓടെ എല്‍ഐസിയെ ലിസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. എന്നാല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ലോക വിപണിയില്‍ ഉണ്ടായ തിരിച്ചടികളെ തുടര്‍ന്ന് ഐപിഒ നീട്ടിവെക്കുകയായിരുന്നു. എല്‍ഐസി ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പര്‍ അനുസരിച്ച് 31 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ആണ് എല്‍ഐസി ഒരുങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT