Markets

വിപണിയില്‍ ഗ്രോ മാജിക്! ലിസ്റ്റിംഗിനു ശേഷം ഉയര്‍ച്ച 36%; ലെന്‍സ്‌കാര്‍ട്ടും ഓര്‍ക്‌ലയും പോലെയല്ല...

കമ്പനിയുടെ വിപണി മൂല്യം ഇതോടെ 91,500 കോടി രൂപയായി

Dhanam News Desk

ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോയുടെ (Groww) മാതൃകമ്പനിയായ ബില്യണ്‍ബ്രെയ്ന്‍സ് ഗരാജ് വെഞ്ചേഴ്‌സ് (Billionbrains Garage Ventures) ഇന്നലെയാണ് ഓഹരി വിപണിയില്‍ ആദ്യമായി ലിസ്റ്റ് ചെയ്ത്. 100 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ബി.എസ്.ഇയില്‍ 14 ശതമാനം പ്രീമിയത്തോടെ 114 രൂപയിലും എന്‍.എസ്.ഇയില്‍ 112 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിന് ശേഷം വില ഏകദേശം 20 ശതമാനം വരെ ഉയരുകയും ചെയ്തു. ഇന്നിപ്പോള്‍ വീണ്ടും ഓഹരി കുതിപ്പ് തുടരുകയാണ്. ഇന്ന് രാവിലത്തെ സെഷനില്‍ 16.5 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. ഓഹരി വില 153.09 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയില്‍ നിന്ന് ഓഹരിയുടെ വില 53 ശതമാനം ഉയര്‍ന്നു. ലിസ്റ്റ് ചെയ്ത വിലയില്‍ നിന്ന് 36 ശതമാനം മുന്നേറ്റം. കമ്പനിയുടെ വിപണി മൂല്യം ഇതോടെ 91,500 കോടി രൂപയായി.

കാലിടറി സമകാലീനര്‍

വളരെ ആവേശത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയിലെത്തിയ പല കമ്പനികളും നിക്ഷേപകരെ നിരാശപ്പെടുത്തിയ സ്ഥാനത്താണ് ഗ്രോയുടെ കുതിപ്പ്.

ഐ.പി.ഒയില്‍ 28 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയ ലെന്‍സ്‌കാര്‍ട്ട് ഇഷ്യുവിലയില്‍ നിന്ന് മൂന്ന് ശതമാനം താഴ്ന്നാണ് ലിസ്റ്റ് ചെയ്തത്. നവംബര്‍ 10ന് ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരിയുടെ ഇതുവരെയുള്ള നേട്ടം വെറും മൂന്ന് ശതമാനമാണ്.

നവംബര്‍ ഏഴിന് സ്റ്റഡ്‌സ് ആക്‌സസറീസ് ലിസ്റ്റ് ചെയ്തതും ഇഷ്യു വിലയേക്കാള്‍ മൂന്ന് ശതമാനം താഴ്ന്നാണ്. നിലവില്‍ ഇഷ്യു വിലയേക്കാള്‍ രണ്ടര ശതമാനത്തോളം താഴ്ന്നാണ് ഓഹരി വ്യാപാരം നടത്തുന്നത്.

കേരളത്തില്‍ നിന്നുള്ള ഈസ്റ്റേണിന്റെ മാതൃകമ്പിയായ ഓര്‍ക്‌ല നവംബര്‍ ആറിനാണ് ലിസ്റ്റിംഗ് നടത്തിയത്. ഐ.പി.ഒ വിലയേക്കാള്‍ വെറും മൂന്ന് ശതമാനം മാത്രം ഉയര്‍ന്നായിരുന്നു ലിസ്റ്റിംഗ്. 760 രൂപ വരെ ഉയര്‍ന്ന ഓഹരി വില ഇപ്പോള്‍ 663 രൂപയിലെത്തി.

ചെലവേറിയിട്ടും ആവശ്യക്കാര്‍

താരതമ്യേന ചെലവേറിയ നിലയിലായിരുന്നിട്ടും ഗ്രോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താത്പര്യം കാണിക്കുന്നുവെന്നതാണ് ഓഹരിയുടെ ഉയര്‍ച്ച സൂചിപ്പിക്കുന്നത്. ഗ്രേ മാര്‍ക്കറ്റില്‍ വെറും അഞ്ച് ശതമാനം മാത്രം ഉയര്‍ന്നായിരുന്നു ഓഹരിയുടെ വ്യാപാരം. അതുമായി നോക്കുമ്പോള്‍ മാര്‍ക്കറ്റ് പ്രവണതയ്ക്ക് വിരുദ്ധമായി അപ്രതീക്ഷിത മുന്നേറ്റമാണ് ഓഹരി കാഴ്ചവയ്ക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

നവംബര്‍ നാല് മുതല്‍ ഏഴ് വരെ നടന്ന ഗ്രോയുടെ ഐ.പി.ഒയ്ക്ക് 17.6 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ഐ.പി.ഒ വഴി 6,632.30 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിച്ചത്. 2016 ല്‍ സ്ഥാപിതമായ ബ്രോക്കിംഗ് കമ്പനിക്ക് 2025 ജൂണ്‍ വരെയുള്ള കണക്കുകളനുസരിച്ച് 12.6 മില്യണ്‍ സജീവ ഇടപാടുകാരുണ്ട്. വിപണി വിഹിതം 26 ശതമാനവും. ഐ.പി.ഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഗ്രോ 2,984.5 കോടി രൂപ സമാഹരിച്ചിരുന്നു.

പ്രമുഖ ആഗോള നിക്ഷേപകരായ ടൈഗര്‍ ക്യാപിറ്റല്‍, പീക്ക് എകസ് വി, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല എന്നിവര്‍ക്കെല്ലാം നിക്ഷേപമുള്ള സ്ഥാപനമാണ് ഗ്രോ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT