ഓഹരി ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ ഗ്രോയുടെ മാതൃകമ്പനിയായ ബില്യണ്‍ ബ്രെയിന്‍സ് ഗ്യരാജ് വെഞ്ചേഴ്‌സ് (BILLIONBRAINS GARAGE VENTURES ) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായുള്ള രേഖകള്‍ (DRHP) സെബിക്ക് സമര്‍പ്പിച്ചു.
മേയ് 24നാണ് രഹസ്യ ഫയലിംഗ് രീതി (പ്രീ-ഫയലിംഗ്) വഴി രേഖകള്‍ സമര്‍പ്പിച്ചത്. 6,000 കോടി രൂപ മുതല്‍ 8,500 കോടി രൂപ വരെയാണ് ഗ്രോ പ്രാഥമിക ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന റീറ്റെയ്ല്‍ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഗ്രോ. പീക്ക് എക്‌സ്‌വി, ടൈഗര്‍ ക്യാപിറ്റല്‍, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല തുടങ്ങി നിരവധി നിക്ഷേപകര്‍ പിന്തുണയ്ക്കുന്ന സ്ഥാപനമാണ് ഗ്രോ.
പുതു ഓഹരികളും നിലവിലുള്ള പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലും (OFS) ഐ.പി.ഒയിലുണ്ടാകുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ ടെക്‌നോളജി വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാണ് ഐ.പി.ഒ തുക വിനിയോഗിക്കുക. എന്‍.എസ്.ഇ.ഇയിലും ബി.എസ്.ഇയിലും ഓഹരി ലിസ്റ്റ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
ഫ്‌ളിപ്കാര്‍ട്ട് മുന്‍ എക്‌സിക്യൂട്ടിവുകളായ ഹര്‍ഷ് ജെയിന്‍, ലളിത് കേസര്‍, നീരജ് സിംഗ്, ഇഷാന്‍ ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് ബംഗളൂരു ആസ്ഥാനമായി സ്ഥാപിച്ചതാണ് ഗ്രോ. വണ്‍ ടൈ നികുതി ബാധിച്ചെങ്കിലും 2023-204 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കാന്‍ ഗ്രോയ്ക്ക് സാധിച്ചു.
കമ്പനിയുടെ ആസ്ഥാനം യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 1,340 കോടി രൂപയുടെ ഒറ്റത്തവണ നികുതി അടയ്‌ക്കേണ്ടി വന്നതു മൂലം കമ്പനി 805 കോടി രൂപയുട നഷ്ടം രേഖപ്പെടുത്തി. അതേസമയം, പ്രവര്‍ത്തന ലാഭം 535 കോടി രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 458 കോടി രൂപയില്‍ നിന്നാണ് പ്രവര്‍ത്തന ലാഭം ഉയര്‍ന്നത്.
സിംഗപ്പൂരിലെ സോവറിന്‍ ഫണ്ട് ജി.ഐ.സി ബില്യണ്‍ ബ്രെയിന്‍സ് ഗരേജ് ലെഞ്ച്വേഴ്‌സിന്റെ 2.14 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി ട്രേഡ് നിയന്ത്രണ ഏജന്‍സിയായി സി.സി.ഒയുടെ അനുമതി തേടിയതായി ഈ മാസം ആദ്യം പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഐ.പി.ഒയ്ക്ക് ഒരുങ്ങുമ്പോള്‍ തന്നെ കമ്പനിയുടെ ലാഭ-നഷ്ടക്കണക്കുകള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്താകാതിരിക്കാനാണ് കമ്പനികള്‍ ഇത്തരം രീതി സ്വീകരിക്കുന്നത്. 2022ലാണ് സെബി ഐ.പി.ഒയ്ക്ക് മുമ്പ് കമ്പനികള്‍ക്ക് വിവരങ്ങള്‍ രഹസ്യമായി ഫയല്‍ ചെയ്യാനുള്ള അനുവാദം നല്‍കിയത്. ഇത്തരത്തില്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സെബിക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും മാത്രമാണ് പരിശോധിക്കാനവുക.
ഐ.പി.ഒ ആരംഭിക്കുന്നതിനു മുന്നോടിയായി പുതുക്കിയ രേഖകള്‍ കമ്പനി സമര്‍പ്പിക്കും. ആ സമയത്താകും രേഖകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുക. ഇതു കൂടാതെ മറ്റ് ചില നേട്ടങ്ങളുമുണ്ട്. സാധാരണ ഐ.പി.ഒ ഫയലിംഗ് പ്രക്രിയ അനുസരിച്ച് 12 മാസത്തിനുള്ളഇല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ പ്രീ ഫയലിംഗ് വഴിയാണെങ്കില്‍ 18 മാസത്തെ സമയം ലഭിക്കും. പുതുക്കിയ രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഐ.പി.ഒയുടെ വലിപ്പം 50 ശതമാനം മാറ്റാനും അനുവദിക്കുന്നുണ്ട്.
ടാറ്റ പ്ലേയാണ് ഈ മാര്‍ഗം വഴി ആദ്യം ഐ.പി.ഒയ്ക്ക് അപേക്ഷിച്ചത്. പക്ഷെ പിന്നീട് കമ്പനി ഐ.പി.ഒയില്‍ നിന്ന് പിന്‍മാറി. സ്വിഗ്വി, ഒയോ, വിശാല്‍ മെഗാമാര്‍ട്ട്, ഫിസിക്‌സ് വാല, ഇമാജിന്‍ മാര്‍ക്കറ്റിംഗ് (ബോട്ട്) തുടങ്ങിയ പല കമ്പനികളും ഇതിനു മുന്‍പ് രഹസ്യ ഫയലിംഗ് നടത്തിയിട്ടുണ്ട്. യു.എസ്, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളില്‍ ഇത്തരം രഹസ്യ ഫയലിംഗ് സാധാരണമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine