ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനിയായ ഗ്രോ (Groww) പ്രാഥമിക ഓഹരി വില്പന (IPO) നവംബര്‍ നാലിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ഓഹരി വില്പനയിലൂടെ 6,632 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിറംമങ്ങിയ ആദ്യ പകുതിക്കുശേഷം ഐപിഒകളുടെ പൂക്കാലമാണ് ഇപ്പോള്‍. അടുത്തിടെ നിരവധി ചെറുതും വലുതുമായ ഐപിഒകള്‍ നടന്നിരുന്നു.
ബില്യണ്‍ബ്രെയ്ന്‍സ് ഗാരേജ് വെഞ്ചേഴ്‌സ് (Billionbrains Garage Ventures) ആണ് ഗ്രോയുടെ മാതൃകമ്പനി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായി വളര്‍ന്നത് ചുരുങ്ങിയ കാലയളവിലാണ്. ഈ സ്റ്റാര്‍ട്ടപ്പിന്റെ വിപണിമൂല്യം കണക്കാക്കിയിരിക്കുന്നത് 61,736 കോടി രൂപയാണ്.
റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 150 ഓഹരികളുടെ ലോട്ട് സൈസ് 150 ഓഹരികളാണ്. കുറഞ്ഞത് 15,000 രൂപയ്ക്കടുത്ത് വേണ്ടിവരും ഇതിനായി. നവംബര്‍ 12ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
സെബിക്ക് നല്കിയ അപേക്ഷയില്‍ പറയുന്നതനുസരിച്ച് 75 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്.
ഐപിഒയില്‍ 1,060 കോടി രൂപയുടെ 10.6 കോടി പുതിയ ഓഹരികള്‍ വില്പനയ്ക്ക് വയ്ക്കും. നിലവിലുള്ള നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ 5,572.3 കോടി രൂപയുടെ 55.72 കോടി ഓഹരികളും വിറ്റഴിക്കും. പീക്ക് XV പാര്‍ട്‌ണേഴ്‌സ് (Peak XV Partners), റിബിറ്റ് ക്യാപിറ്റല്‍ (Ribbit Capital), ടൈഗര്‍ ഗ്ലോബല്‍ (Tiger global) തുടങ്ങിയ ആദ്യകാല നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും.
കമ്പനിയുടെ പ്രമോട്ടര്‍മാരായ ലളിത് കെശ്രി, ഹര്‍ഷ് ജയ്ന്‍, ഇഷാന്‍ ബന്‍സാല്‍, നീരജ് സിംഗ് എന്നിവരുടെ കൈവശമാണ് കമ്പനിയുടെ 28 ശതമാനം ഓഹരികള്‍. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക മൂലധന ആവശ്യങ്ങള്‍ക്കും ബ്രാന്‍ഡ് വളര്‍ത്താനും മറ്റ് കോര്‍പറേറ്റ് ചെലവുകള്‍ക്കുമായി മാറ്റിവയ്ക്കും.
2017ല്‍ സ്ഥാപിതമായ ഗ്രോ ചുരുങ്ങിയ കാലം കൊണ്ട് ഓഹരി വിപണിയിലെ നിക്ഷേപകരുടെയിടയില്‍ സ്വീകാര്യത നേടി. ഓഹരികള്‍ വാങ്ങാനും വില്ക്കാനും, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം, ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മികച്ച നേട്ടം കൊയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം വരുമാനം 45 ശതമാനം ഉയര്‍ന്ന് 4,061.65 കോടി രൂപയായി ഉയര്‍ന്നു. തൊട്ടുമുന്‍ വര്‍ഷം 805.45 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്തു ഇത്തവണ 1,824.37 കോടി രൂപ ലാഭം നേടാനായി.
Read DhanamOnline in English
Subscribe to Dhanam Magazine