ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റിലും നിരാശ. ഗ്രോ, സെരോധ, ഏയ്ഞ്ചല്‍ വണ്‍, അപ്‌സ്റ്റോക്‌സ് എന്നീ രാജ്യത്തെ നാല് മുന്‍നിര കമ്പനികള്‍ക്ക് സംയുക്തമായി നഷ്ടപ്പെട്ടത് ഏഴ് ലക്ഷത്തോളം ഇടപാടുകാരെയാണ്. 2025ന്റെ ആദ്യ പകുതിയില്‍ മാത്രം ഈ കമ്പനികളുടെ ഇടപാടുകാരുടെ എണ്ണത്തില്‍ 20 ലക്ഷത്തോളം കുറവു രേഖപ്പെടുത്തിയിരുന്നു.
മിറെ അസറ്റ് ക്യാപിറ്റല്‍, ഫോണ്‍പേ വെല്‍ത്ത്, ഷെയര്‍ഖാന്‍, കോട്ടക് സെക്യൂരിറ്റീസ്, മോട്ടിലാല്‍ ഔസ്വാള്‍ ഫിനാന്‍ഷ്യല്‍ എന്നിവയുടെ ഇടപാടുകാരിലും ഓഗസ്റ്റില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കൊണ്ടുവന്ന കര്‍ശനമായ നിയന്ത്രണ നടപടികളെത്തുടര്‍ന്ന് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് തുടര്‍ച്ചയായ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
മാര്‍ജിന്‍ ആവശ്യകതകള്‍ കര്‍ശനമാക്കിയത്, ആഴ്ചതോറുമുള്ള കാലാവധി കുറച്ചത്, മൂലധന പരിധികള്‍ കുത്തനെ ഉയര്‍ന്നത്, നികുതി വര്‍ധനഎന്നിവയെല്ലാം ഡെറിവേറ്റീവുകളുടെ വ്യാപാരത്തെ ചില്ലറ നിക്ഷേപകര്‍ക്ക് ആകര്‍ഷകമല്ലാതാക്കി.
മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, ഇതര നിക്ഷേപ ഫണ്ടുകള്‍ തുടങ്ങിയ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന മേഖലകളിലേക്കുള്ള നിക്ഷേപകരുടെ മുന്‍ഗണനയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഗ്രോയ്ക്ക് ജൂലൈയില്‍ 1.23 കോടി ഇടപാടുകാരുണ്ടായിരുന്നത് ഓഗസ്റ്റില്‍ 1.20 ആയി കുറഞ്ഞു. 2.80 ലക്ഷം ഇടപാടുകാരാണ് കൊഴിഞ്ഞു പോയത്. സെരോധയുടെ ഇടപാടുകാരുടെ എണ്ണത്തില്‍ 1.71 ലക്ഷത്തിന്റെ കുറവുണ്ട്. 74.34 ലക്ഷത്തില്‍ നിന്ന് 72.63 ലക്ഷമായി. ഏയ്ഞ്ചല്‍ വണ്‍ ഇടപാടുകാരുടെ എണ്ണം 71.97 ലക്ഷത്തില്‍ നിന്ന് 1.51 ലക്ഷം കുറഞ്ഞ് 70.46 ലക്ഷമായി. അപ്‌സ്റ്റോക്‌സിന് 97,000 പേരെയും മിറെ അസറ്റിന് 46,000 ഇടപാടുകാരെയും ഓഗസ്റ്റില്‍ നഷ്ടമായി.
അതേസമയം, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഗസ്റ്റില്‍ 6,512 ഇടപാടുകാരെ കൂട്ടിച്ചേര്‍ത്തു. എസ്ബിഐകാപ് സെക്യൂരിറ്റീസിന് 7,400 പേരെയും പേയ്ടിഎം മണി 11,983 പേരെയും പുതുതായി നേടി.
Read DhanamOnline in English
Subscribe to Dhanam Magazine