Image : Narendra Modi and Nirmala Sitharaman/twitter and Canva 
Markets

സോപ്പ് മുതല്‍ പാല്‍ വരെ, സിമന്റ് മുതല്‍ കാര്‍ വരെയും കുറഞ്ഞ വിലയ്ക്ക് കിട്ടും; ജിഎസ്ടിയില്‍ 'സന്തോഷ' പരിഷ്‌കാരം 22 മുതല്‍

സാധാരണക്കാരുടെ കുടുംബബജറ്റില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ജിഎസ്ടി പരിഷ്‌കരണത്തിന് സാധിക്കും. അവശ്യ സാധനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുന്നത് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ കൂടുതല്‍ പ്രകാശമുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ

Dhanam News Desk

രാജ്യത്ത് സാമ്പത്തികക്രയ വിക്രയത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ജിഎസ്ടി പരിഷ്‌കരണത്തിന് അനുമതി. ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. നാല് സ്ലാബുകളില്‍ നിന്ന് 2 സ്ലാബുകളിലേക്ക് ജിഎസ്ടി മാറും. ഇനി മുതല്‍ 5%, 18% സ്ലാബുകളാകും ഉണ്ടാകുക. 12%, 28% സ്ലാബുകള്‍ പിന്‍വലിച്ചു. ആഡംബര ഉത്പന്നങ്ങള്‍ക്ക് 40% ആയിരിക്കും ജിഎസ്ടി.

സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി ഘടനയില്‍ മാറ്റംവരുത്തിയത്. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കിയത് ഈ മേഖലയുടെ വളര്‍ച്ച വേഗത്തിലാക്കും. കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കും. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

വില കുറയും നിത്യോപയോഗ സാധനങ്ങള്‍ക്ക്

യു.എസ് ഇരട്ട താരിഫ് പ്രഖ്യാപിച്ചത് കയറ്റുമതിയെ ബാധിച്ചിരുന്നു. ഇതും പരിഷ്‌കരണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചു. ജിഎസ്ടിയില്‍ ഇളവ് വന്നതോടെ ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി തുടങ്ങിയവയ്ക്ക് ജിഎസ്ടി ഉണ്ടാകില്ല.

32 ഇഞ്ചിന് താഴെയുള്ള ടിവി, 1200 സിസിക്ക് താഴെയുള്ള കാറുകള്‍ എന്നിവയ്ക്ക് വില കുറയും. 350 സിസിക്ക് താഴെയുള്ള ബൈക്കുകളുടെ ജിഎസ്ടി 18 ശതമാനമായി കുറയും.

കുടുംബങ്ങള്‍ക്ക് ആശ്വാസം

സാധാരണക്കാരുടെ കുടുംബബജറ്റില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ജിഎസ്ടി പരിഷ്‌കരണത്തിന് സാധിക്കും. അവശ്യ സാധനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുന്നത് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ കൂടുതല്‍ പ്രകാശമുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്നതിനാല്‍ വില്പന വര്‍ധിക്കുമെന്നത് കമ്പനികള്‍ക്കും കൂടുതല്‍ വാങ്ങാമെന്നത് ഉപയോക്താക്കള്‍ക്കും ഗുണകരമാകും.

സിമന്റിന്റെ നികുതി അഞ്ച് ശതമാനമായി കുറച്ചത് നിര്‍മാണ മേഖലയ്ക്ക് ഗുണകരമാകും. ഭവന നിര്‍മാണ മേഖല ഉണരുമെന്നാണ് പ്രതീക്ഷ.

കാര്‍ വില്പന കുതിക്കുമോ?

ചെറുകാറുകള്‍ക്ക് നേരത്തെ 28 ശതമാനമായിരുന്നു ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്കാണ് കുറച്ചത്. 10 ലക്ഷം രൂപ വിലയുള്ള കാറിന് 2.8 ലക്ഷം രൂപ ജിഎസ്ടിയും ചേര്‍ത്ത് 12.8 ലക്ഷം രൂപ നല്‌കേണ്ടിയിരുന്നു. ഇനിയത് 11.8 ലക്ഷം കൊടുത്താല്‍ മതിയാകും. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ലാഭം കിട്ടും. ഇടത്തരക്കാരുടെ വാങ്ങല്‍ ശേഷിയെ സ്വാധീനിക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ.

GST reform slashes prices on essentials and vehicles from September 22 with simplified 5% and 18% slabs

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT