പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഇന്ന് വാങ്ങാനുള്ള അവസാന അവസരം; ഓഹരിയൊന്നിന് ₹240 വരെ കിട്ടും; നാളെ ഉയർന്ന ഡിവിഡന്റ് കൈമാറുന്ന 4 ഓഹരികൾ

18 കമ്പനികളാണ് നിക്ഷേപകർക്ക് ഡിവിഡന്റ് കൈമാറുന്നതിനായുള്ള റെക്കോ‍ഡ് തീയതിയായി ജൂലൈ 30 നിശ്ചയിച്ചിട്ടുള്ളത്

Dhanam News Desk

ജൂലൈ 30 റെക്കോഡ് തീയതിയായതിനാൽ ഡിവിഡന്റ് നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ ഇന്ന് തന്നെ ഓഹരി വാങ്ങണം. T+1 സെറ്റിൽമെന്റ് രീതിയിലുള്ള ഇന്ത്യൻ വിപണിയിൽ എക്സ്-ഡിവിഡന്റ് തീയതിക്ക് മുമ്പ് വാങ്ങിയ ഓഹരികൾക്കാണ് അർഹത. അൾട്രാടെക് സിമന്റ് 240 രൂപ, ഷെവിയറ്റ്, ബി.എ.എസ്.എഫ് ഇന്ത്യ 25 രൂപ, ബിർളന്യൂ 15 രൂപ എന്നിങ്ങനെ ഉയർന്ന ഫൈനൽ ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുമ്പോൾ മാരികോ, ഗ്രാന്യൂൾസ് ഇന്ത്യ ഉൾപ്പെടെ 18 കമ്പനികൾക്കും നാളെ ഡിവിഡന്റ് റെക്കോഡ് തീയതിയാണ്.

ഓഹരി നിക്ഷേപകരെ സംബന്ധിച്ച് അധിക വരുമാനം നേടാൻ സഹായിക്കുന്ന പ്രധാന അവസരങ്ങളിലൊന്നാണ് ഡിവിഡന്റ് (ലാഭവിഹിതം). കമ്പനി കരസ്ഥമാക്കിയ ലാഭത്തിൽ നിന്നുള്ള ഒരു പങ്ക് തങ്ങളുടെ ഓഹരി ഉടമകൾക്കായി വീതിച്ചു നൽകുന്ന നടപടിയാണിത്. പണമായോ (Cash), സൗജന്യ ഓഹരികളായോ (Bonus Shares) ഡിവി‍ഡന്റ് വിതരണം ചെയ്യാനാകും. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ വിശ്വസമർപ്പിച്ച് പണം നിക്ഷേപിച്ച ഓഹരി ഉടമകൾക്ക് നൽകുന്ന ഒരു പാരിതോഷികം കൂടിയാണിത്.

അതേസമയം ഡിവിഡന്റുമായി ബന്ധപ്പെട്ട് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട രണ്ട് ദിവസങ്ങളാണ് റെക്കോഡ് തീയതിയും എക്സ്-ഡിവിഡന്റ് തീയതിയും. ഇതിൽ റെക്കോഡ് തീയതിയിൽ (Record Date) ആണ് ഡിവിഡന്റ് ലഭിക്കാൻ അർഹതയുള്ള ഓഹരി ഉടമകളുടെ (Shareholders) പട്ടിക കമ്പനി അന്തിമമാക്കുന്നത്. ഈ പട്ടികയിൽ ഇടംനേടിയിട്ടുള്ള ഓഹരി ഉടമകൾക്കാണ് ഡിവിഡന്റ് നേടാനുള്ള അർഹത ഉണ്ടായിരിക്കുക.

ഈ ലിസ്റ്റിൽ പേര് വരാൻ എക്സ്-ഡിവിഡന്റ് തീയതിക്ക് (Ex-Dividend Date) തൊട്ടുമുമ്പുള്ള ദിവസം എങ്കിലും ഓഹരികൾ വാങ്ങിയിരിക്കണം. കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ ട്രേഡിംഗ് നടക്കുന്നത് T+1 എന്ന സെറ്റിൽമെന്റ് രീതിയിലാണ്. അതായത് ഓഹരി വാങ്ങി ഒരു പ്രവൃത്തിദിനം കഴിഞ്ഞുമാത്രമേ അത് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ എത്തുകയുള്ളൂ. ഈ ദിവസമോ അതിനു ശേഷമോ ഓഹരി വാങ്ങുന്നവർക്ക് ആ തവണത്തെ ഡിവിഡന്റ് ലഭിക്കാനുള്ള അർഹതയുണ്ടാകില്ല.

ഈയൊരു പശ്ചാത്തലത്തിൽ വ്യാഴാഴ്ച (ജൂലൈ 30) ഡിവിഡന്റ് നൽകുന്ന ഓഹരികളെ പരിചയപ്പെടാം. ആകെ 18 കമ്പനികളാണ് നിക്ഷേപകർക്ക് ഡിവിഡന്റ് കൈമാറുന്നതിനായുള്ള റെക്കോ‍ഡ് തീയതിയായി ജൂലൈ 30 നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് ഡിവിഡന്റ് ലക്ഷ്യമിടുന്നവർ ശ്രദ്ധിക്കേണ്ട ദിവസം കൂടിയാണിത്. നാല് കമ്പനികളുടെ പ്രതിയോഹരി ഡിവിഡന്റ് തുക 10 രൂപയിലേറെയാണ്.

ഉയർന്ന ഡിവിഡന്റ് നൽകുന്ന ഓഹരികൾ

ഓഹരിയൊന്നിന് 240 രൂപ വീതം നൽകുന്ന അൾട്രാടെക് സിമന്റ് (BSE: 532538, NSE: ULTRACEMCO) ആണ് പ്രതിയോഹരി ഡിവിഡന്റ് കണക്കിൽ മുന്നിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫൈനൽ ഡിവിഡന്റ് ആണ് കൈമാറുന്നത്. ഇതിനായുള്ള റെക്കോഡ് തീയതിയും എക്സ്-ഡിവിഡന്റ് തീയതിയും ജൂലൈ 30 ആകുന്നു.

  • ബിർളന്യൂ ലിമിറ്റഡ് (BSE: 509675, NSE: BIRLANU) — പ്രതിയോഹരി 15 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു.

  • ഷെവിയറ്റ് കമ്പനി ലിമിറ്റഡ് (BSE: 526817, NSE: CHEVIOT) — പ്രതിയോഹരി 25 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു.

  • ബി.എ.എസ്.എഫ് ഇന്ത്യ ലിമിറ്റഡ് (BSE: 500042, NSE: BASF) — പ്രതിയോഹരി 25 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു.

  • ജൂലൈ 30 റെക്കോഡ് തീയതിയാക്കിയിട്ടുള്ള മറ്റ് ഡിവി‍ഡന്റ് ഓഹരികൾ: മാരികോ ലിമിറ്റഡ്, ദ്വാരികേഷ് ഷു​ഗർ ഇൻഡസ്ട്രീസ്, ആൽബർട്ട് ഡേവിഡ് ലിമിറ്റഡ്, ​ഗ്രാന്യൂൾസ് ഇന്ത്യ, ജി.പി.ടി ഹെൽത്ത്കെയർ, കൊകുയോ കാംലിൻ, ഐ.ജി ഫാർമസ്യൂട്ടിക്കൽസ്, ജെ.കെ ടയർ, ഐ.വി.പി ലിമിറ്റഡ്, യാഷോ ഇൻഡസ്ട്രീസ്, ക്രെസ്റ്റ്കെം ലിമിറ്റഡ്, സൂര്യാംമ്പ സ്പിന്നിം​ഗ് മിൽസ്, ഡോ. ലാൽ പാത്‍ലാബ്സ്, ഷെയർ ഇന്ത്യ സെക്യൂരിറ്റീസ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT