Markets

ക്രൂഡ് ഓയിൽ നിരക്ക് വീണ്ടും ഉയർന്നാൽ സ്വർണം, വെള്ളി വില 10% ഇടിയാം; എന്തുകൊണ്ട്?

ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 120 ഡോളർ മറികടന്നാൽ സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലകളിൽ 10% വരെ ഇടിവ് നേരിടാമെന്ന് അനലി​സ്റ്റുകൾ.

Dhanam News Desk

പശ്ചിമേഷ്യയിൽ യു.എസ്, ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കാരണം കഴിഞ്ഞ ഒന്നര മാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ കുതിച്ചുകയറ്റം രാജ്യാന്തര കമ്മോഡിറ്റി വിപണിയുടെ ബലതന്ത്രങ്ങളേയും മാറ്റിമറിച്ചിരിക്കുകയാണ്. ഇരുകൂട്ടരും ഏറ്റുമുട്ടൽ തുടരുന്നതിലൂടെ ക്രൂഡ് ഓയിൽ നിരക്ക് വീണ്ടും ഉയരുന്നതിനുള്ള ഇടവരുത്തിയാൽ അത് സ്വർണം, വെള്ളി എന്നിവയുടെ വിപണി വിലയിൽ അടുത്തഘട്ടം തിരുത്തലിന് വഴിതെളിക്കുമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 120 ഡോളർ മറികടന്നാൽ സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലകളിൽ 10% വരെ ഇടിവ് നേരിടാമെന്നാണ് അനലി​സ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത്.

എന്തുകൊണ്ട് സ്വർണം/വെള്ളി ഇടിയാം?

വിപണിയിൽ അനിശ്ചിതത്വം തലപൊക്കുന്ന വേളയിലെ സുരക്ഷിത നിക്ഷേപം എന്ന മേൽവിലാസം പരമ്പരാ​ഗതമായി സ്വർണത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ പെട്രോളിയം സമ്പന്നമായ പശ്ചിമേഷ്യയിലെ സംഘർഷം (ജിയോപൊളിറ്റിക്കൽ റിസ്ക്) കാരണം ആ​ഗോള തലത്തിൽ പണപ്പെരുപ്പം പിടിമുറുക്കുമോ എന്ന സന്ദേഹമാണ് സ്വർണത്തെ ഇത്തവണ എതിർദിശയിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്ന്. പണപ്പെരുപ്പ ഭീഷണി ഉള്ളതിനാൽ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ തീരുമാനിക്കാനുള്ള സാധ്യത കാരണം സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയർന്നു നിൽക്കുന്നതും തിരിച്ചടിയാണ്.

യു.എസ് ഫെ‍ഡറൽ റിസർവ് ഇനി പലിശ നിരക്ക് ഉടനെ താഴ്ത്തിയേക്കില്ലെന്ന നി​ഗമനം ഡോളറിന്റെ വിനിമയമൂല്യം ഉയർത്തുന്നു. രാജ്യാന്തര വിപണിയിലെ ഏറിയ പങ്ക് സ്വർണ വ്യാപാരവും ഡോളറിലായതിനാൽ അതിന്റെ മൂല്യം ഉയരുന്നത് വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്ന ഘടകമായി മാറുന്നു. അതുപോലെ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് കൂടുതൽ ഡോളർ ആവശ്യമായി വരുന്നതും ഡിമാൻഡ് വർധിപ്പിക്കുന്ന ഘടകമാണ്. ചുരുക്കത്തിൽ ഡോളർ ശക്തിയാർജിക്കാനുള്ള സ്ഥിതിവിശേഷം നിലനിൽക്കുന്നത് സ്വർണത്തിന് വെല്ലുവിളിയാണ്.

10% ഇനിയും ഇടിയാമെന്ന് അനലി​സ്റ്റുകൾ

രാജ്യാന്തര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വിപണി വില 120 ഡോളർ മറികടന്നാൽ സ്വർണത്തിന്റെ നിരക്കിൽ 10% വരെ ഇടിവുണ്ടാകാമെന്നാണ് വിവിധ മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. ഒരു ഔൺസ് സ്വർണത്തിന്റെ വില 4,400 ഡോളറിന് താഴേക്കും വെള്ളി വില 67 ഡോളറിന് താഴേക്കും വരെ പോകാമെന്നാണ് ഇവർ പറഞ്ഞത്. നിലവിൽ 4,800 ഡോളർ നിലവാരത്തിലാണ് സ്വർണത്തിലെ വ്യാപാരം പുരോ​ഗമിക്കുന്നത്.

അതേസമയം ക്രൂഡ് ഓയിൽ വില താഴേക്ക് വരികയാണെങ്കിൽ സ്വർണ വില ഉയരാമെന്നും അനലി​സ്റ്റുകൾ സൂചിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിയായി ക്രൂഡ് ഓയിൽ നിരക്ക് 90 ഡോളറിന് താഴേക്ക് വന്നാൽ സ്വർണ വില 5,000 ഡോളറും വെള്ളി നിരക്ക് 80 ഡോളറും മറികടന്നേക്കാമെന്ന് വിവിധ മാർക്കറ്റ് അനലി​സ്റ്റുകൾ പൊതുവായി അഭിപ്രായപ്പെട്ടു. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രതീക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT