ഉയർന്ന അളവിൽ എഥനോൾ ചേർത്തിട്ടുള്ള പെട്രോളിന്, കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയതോടെ ഷുഗർ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റം. ഒരു ലിറ്റർ പെട്രോളിൽ 22 ശതമാനം എഥനോൾ ചേർത്തിട്ടുള്ള E-22, 25 ശതമാനം എഥനോൾ അടങ്ങിയ E-25, 27 ശതമാനം എഥനോൾ ഉള്ള E-27, 30 ശതമാനം എഥനോൾ ഉള്ള E-30 എന്നിവയ്ക്കാണ് എക്സൈഡ് തീരുവയിൽ കേന്ദ്രം ഇളവ് അനുവദിച്ചത്.
മേൽസൂചിപ്പിച്ച നാല് തരത്തിലുള്ള വാഹന ഇന്ധനങ്ങളുടേയും ബേസിക് എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് & ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ & ഡെവലപ്മെന്റ് സെസ് എന്നിങ്ങനെയുള്ള നാല് തീരുവകളാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ഉയർന്ന എഥനോൾ അടങ്ങിയ പെട്രോളിന്റെ വില കുറയുന്നതിനും അതുവഴി എഥനോൾ ചേർന്ന ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.
പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനങ്ങൾക്കുള്ള (E-22 മുതൽ E-30 വരെ) എക്സൈസ് തീരുവ ഒഴിവാക്കാനുള്ള തീരുമാനം കരിമ്പ് അധിഷ്ഠിത എഥനോളിന്റെ ആഭ്യന്തര ആവശ്യകത ഗണ്യമായി വർധിപ്പിക്കും. ഇതിൽ നിന്നും പ്രധാനമായും രണ്ട് രീതിയിലാണ് രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് (ഷുഗർ കമ്പനി) വലിയ തോതിലുള്ള ബിസിനസ് സാധ്യതകൾ തുറന്നിടുന്നത്.
1. ഉത്പാദന ശേഷിയുടെ ഉയർന്ന വിനിയോഗം: 2021-25 കാലയളവിൽ ഭൂരിഭാഗം പഞ്ചസാര മില്ലുകളും തങ്ങളുടെ ഡിസ്റ്റിലറി ശേഷി വലിയ തോതിൽ വർധിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ഇതിന്റെ 50 ശതമാനത്തോളം മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്. പുതിയ നികുതി ഇളവുകളിലൂടെ ഒയിൽ മാർക്കറ്റിംഗ് കമ്പനികൾ E-22/E-25/E-27/E-30 ഇന്ധന മിശ്രിതങ്ങൾക്കായി കൂടുതൽ അളവിൽ എഥനോൾ സംഭരിക്കാൻ തുടങ്ങുന്നതോടെ മില്ലുകളുടെ ഉത്പാദന ശേഷി കൂടുതൽ വിനിയോഗിക്കാൻ സാധിക്കും. ഇത് കമ്പനികളുടെ മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും ലാഭക്ഷമതയും മെച്ചപ്പെടുത്തും.
2. സുസ്ഥിര വരുമാന സ്രോതസ്സ്: പഞ്ചസാര വിലയിൽ വിപണിയിൽ ഇടിവുണ്ടാകുന്ന ഘട്ടങ്ങളിൽ കമ്പനികൾക്ക് ഒരു സുസ്ഥിര വരുമാന സ്രോതസ്സായി മാറാൻ എഥനോളിന് സാധിക്കും. ഓയിൽ മാർക്കറ്റിങ് കമ്പനികളിൽ നിന്നും എഥനോളിന് സ്ഥിരതയാർന്ന തോതിൽ ഡിമാൻഡ് ഉറപ്പാകുന്നതു വഴി മില്ലുകളിൽ പഞ്ചസാര കെട്ടിക്കിടക്കുന്ന സാഹചര്യം (Inventory risk) ഒഴിവാക്കാനും സഹായകരമാണ്. കൂടാതെ, സർക്കാർ നിശ്ചയിച്ച നിരക്കിൽ കൃത്യമായ വരുമാനം ലഭിക്കുന്നത് വഴി, കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃത്യസമയത്ത് തീർക്കാനും മില്ലുകൾക്ക് സാധിക്കും. പഞ്ചസാര മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
ചുരുക്കത്തിൽ, ഉയർന്ന അളവിലുള്ള എഥനോൾ ബ്ലെൻഡിംഗിന് അനുകൂലമായ ഈ നികുതി ഇളവ്, പഞ്ചസാര വ്യവസായ മേഖലയുടെ ഘടനാപരമായ വളർച്ചയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ സഹായകരമാകുമെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.
ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കുള്ള ഇളവുകളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ചത്തെ (2026 ജൂൺ 11) വ്യാപാരത്തിന്റെ തുടക്കത്തിൽ പ്രമുഖ പഞ്ചസാര കമ്പനികളുടെ ഓഹരികളിൽ ശ്രദ്ധേയമായ നേട്ടം പ്രകടമായി. ബൽറാംപൂർ ചീനി, ധാംപൂർ ഷുഗർ ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ ഓഹരി വിലകൾ 4 ശതമാനം വരെ ഉയർന്നു. ദ്വാരികേഷ് ഷുഗറിന്റെ ഓഹരികളിൽ 3.7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മറുവശത്ത്, എഥനോൾ അധിഷ്ഠിത പ്ലാന്റുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ കമ്പനിയായ പ്രജ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ആ നേട്ടം നിലനിർത്താനായില്ല.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine