പ്രതീകാത്മക ചിത്രം Image courtesy: Canva
Markets

ജിയോയ്ക്ക് പിന്നാലെ ഇന്ത്യൻ ഐപിഒ വിപണി പിടിച്ചുകുലുക്കാൻ കൊക്കോ കോളയും എത്തുന്നു; ഡിആർഎച്ച്പി ഈയാഴ്ച ഫയൽ ചെയ്തേക്കും

കോക്കോ-കോളയുടെ ഇന്ത്യൻ ബോട്ടിലിങ് വിഭാഗമായ ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സ് ഏകദേശം 9,500 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്; ഇതിനായുള്ള DRHP ഈയാഴ്ച തന്നെ സെബിക്ക് സമർപ്പിച്ചേക്കും

Dhanam News Desk

ജിയോ ഐപിഒയ്ക്ക് പിന്നാലെ, ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സ് ഐപിഒയിലൂടെ ഏകദേശം 9,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. കോക്കോ-കോളയുടെ ബോട്ടിലിങ് പ്രവർത്തനങ്ങൾ റീഫ്രാഞ്ചൈസ് ചെയ്യാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സെബിക്ക് മുമ്പാകെ ഐപിഒ അനുമതി തേടിയുള്ള DRHP ഈയാഴ്ച തന്നെ ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിച്ച ജിയോ പ്ലാറ്റ്‌ഫോംസ് പൊതുഓഹരി വില്പനയ്ക്ക് (IPO) പിന്നാലെ ഇന്ത്യയുടെ പ്രൈമറി മാർക്കറ്റിലേക്ക് മറ്റൊരു വൻകിട കമ്പനി കൂടി ചുവടുവെക്കുന്നു. ആഗോള ബ്രാൻഡ് ആയ കോക്കോ-കോളയുടെ (Coca Cola) ഇന്ത്യൻ ബോട്ടിലിങ് വിഭാഗമായ ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സ് (HCCH) പ്രാരംഭ പൊതുഓഹരി വില്പനയ്ക്കുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (DRHP), വിപണി നിയന്ത്രകരായ സെബിക്ക് (SEBI) മുമ്പാകെ ഈയാഴ്ച തന്നെ ഫയൽ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ബില്യൺ ഡോളർ (ഏകദേശം 9,500 കോടി രൂപ) സമാഹരിക്കാനാണ് ഈ മെഗാ ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരി വിപണിയിലേക്ക്

പൂർണമായും ഓഫർ-ഫോർ-സെയിൽ (OFS) മാതൃകയിലായിരിക്കും ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സിന്റെ പ്രാരംഭ പൊതുഓഹരി വില്പന (IPO) നടക്കുകയെന്നാണ് സൂചന. ഇന്ത്യയിലെ ബോട്ടിലിങ് പ്രവർത്തനങ്ങൾ റിഫ്രാഞ്ചൈസ് ചെയ്യാനുള്ള കോക്കോ-കോള കമ്പനിയുടെ തന്ത്രപരമായ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. ഐപിഒ നടപടികൾക്കായി പ്രമുഖ ആ​ഗോള സാമ്പത്തിക ഉപദേശക സ്ഥാപനമായ റോത്ത്‌സ്‌ചൈൽഡ് & കോ ബാങ്കിനെ (Rothschild & Co) കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സിന്റെ ഐപിഒയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലിങ് (DRHP) ഈ ആഴ്ചയിൽ തന്നെ സെബിക്ക് (SEBI) സമർപ്പിച്ചേക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

കമ്പനി വിശദാംശം

രാജ്യത്ത് 1997-ൽ പ്രവർത്തനം ആരംഭിച്ച ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സിന്, നിലവിൽ 10 സംസ്ഥാനങ്ങളിലായി 14 അത്യാധുനിക ബോട്ടിലിങ് പ്ലാന്റുകളുണ്ട്. ആഗോള ബ്രാൻഡുകളായ കോക്കോ-കോള, തംസ് അപ്പ്, സ്‌പ്രൈറ്റ്, ഫാന്റ എന്നിവയുടെ പാക്കേജിംഗും വിതരണവും നിർവഹിക്കുന്നത് ഈ കമ്പനിയാണ്. 2,000-ത്തിലധികം വിതരണക്കാരുടെ ശക്തമായ ശൃംഖലയിലൂടെ 17 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ നേരിട്ടെത്തുന്നുണ്ട്.

ഏകദേശം 5,000 ജീവനക്കാരാണ് ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സിനായി ജോലി ചെയ്യുന്നത്. കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിലേക്ക് വന്നാൽ, 2025 ജൂലൈയിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ ജൂബിലന്റ് ഭാരതിയ ഗ്രൂപ്പ് ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ബാക്കി 60 ശതമാനം ഓഹരികളും കോക്കോ-കോള കമ്പനിയുടെ കൈവശം നിലനിർത്തിയിക്കുന്നു.

എന്തുകൊണ്ട് ഈ ഐപിഒ ശ്രദ്ധേയമാകുന്നു?

ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജ് ബോട്ടിലറുകളിലൊന്ന് പബ്ലിക് മാർക്കറ്റിലേക്ക് എത്തുമ്പോൾ അത് കൺസ്യൂമർ-സ്റ്റേപ്പിൾസ് (അനിവാര്യ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ) സെക്ടറിന് പുതിയ കരുത്തേകും. കോക്കോ-കോള കമ്പനി തങ്ങളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ബിസിനസ് ഘടനയിൽ നിന്ന് ഫ്രാഞ്ചൈസി മോഡലിലേക്ക് മാറുന്നതിന്റെ അടുത്ത നിർണായക ഘട്ടം കൂടിയാണിത്. ഈ മാറ്റത്തോടെ പ്രാദേശിക പങ്കാളികൾക്കായിരിക്കും ഉത്പാദനം, വിതരണം, റീട്ടെയിൽ വിപണനം എന്നിവയുടെ പൂർണ ചുമതല.

സമീപകാലത്ത് വിപണിയിലെത്തിയ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് പിന്നാലെ ഹിന്ദുസ്ഥാൻ കോക്കോ-കോള ഹോൾഡിങ്‌സ് (HCCH) കൂടി എത്തുന്നതോടെ ഇന്ത്യൻ ഐപിഒ വിപണിയുടെ വൈവിധ്യമാണ് വ്യക്തമാകുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തുനിന്നും ദൈനംദിന ഉപഭോക്തൃ ഉൽപ്പന്നങ്ങളിലേക്ക് വിപണിയുടെ ശ്രദ്ധ മാറുന്നു എന്നതിന്റെ സൂചനയാണിതെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

Hindustan Coca-Cola Holdings is reportedly preparing a roughly ₹9,500 crore IPO, with its draft prospectus expected to be filed with SEBI this week.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT