Markets

ഹിന്ദുസ്ഥാന്‍ സിങ്ക് ലാഭവീതം നല്‍കുന്നതിലെ തന്ത്രം

3750 ശതമാനമാണ് ഓഹരി ഉടമകള്‍ക്ക് വീതിക്കുമെന്ന് കമ്പനി അറിയിച്ചത്

T C Mathew

ഹിന്ദുസ്ഥാന്‍ സിങ്ക് ഈ വര്‍ഷം നാലാമത്തെ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. രണ്ടു രൂപ മുഖവില ഉള്ള ഓഹരി ഒന്നിന് 26 രൂപ. ഇതോടെ ഈ വര്‍ഷം പ്രഖ്യാപിച്ച ഇടക്കാല ലാഭവീതങ്ങള്‍ ഓഹരി ഒന്നിന് 75.50 രൂപയായി. 3750 ശതമാനം. മൊത്തം 32,000 കോടി രൂപ വരും ലാഭവീത വിതരണം.

തട്ടിപ്പ് എങ്ങനെ?

ഓഹരി ഉടമകളോടുള്ള വലിയ പ്രതിബദ്ധതയാണ് ഈ അസാധാരണ ലാഭവീത വിതരണത്തില്‍ എന്നു കരുതിയാല്‍ തെറ്റി. പഴയ പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ റിസര്‍വ് സ്വന്തമാക്കാനുള്ള വേദാന്ത ഗ്രൂപ്പിന്റെ തന്ത്രമാണിത്. അനില്‍ അഗര്‍വാളിന്റെ കമ്പനിയുടെ റിസര്‍വ് സ്വന്തമാക്കാന്‍ നടത്തിയ ഒരു ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് ഈ വഴി.

വേദാന്തയുടെ വിദേശത്തെ സിങ്ക് ഖനികള്‍ ഹിന്ദുസ്ഥാന്‍ സിങ്കിനു നല്‍കി 300 കോടി ഡോളര്‍ (25,000 കോടി രൂപ) സ്വന്തമാക്കി ഗ്രൂപ്പിന്റെ കടം കുറയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനെ ഗവണ്മെന്റ് എതിര്‍ത്തു.

വേദാന്ത

വേദാന്തയ്ക്ക് ഹിന്ദുസ്ഥാന്‍ സിങ്കില്‍ 64.9 ശതമാനം ഓഹരിയുണ്ട്. ഗവണ്മെന്റിന് 29.54 ശതമാനവും. 32,000 കോടി ലാഭവീതം നല്‍കുമ്പോള്‍ 20,750 കോടിയില്‍ പരം രൂപ വേദാന്തയ്ക്കു കിട്ടും. ഗവണ്മെന്റിന് 9450 കോടി ലഭിക്കും. ആദ്യ നിര്‍ദേശം നടപ്പായെങ്കില്‍ ഗവണ്മെന്റിന് ഒന്നും കിട്ടുമായിരുന്നില്ല.

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി വില ഇന്ന് നാലു ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 33,437 കോടി രൂപയാണ് കമ്പനിയുടെ റിസര്‍വ്. ഈ ലാഭവീത വിതരണം കഴിയുമ്പോള്‍ റിസര്‍വ് ശുഷ്‌കമാകും. അതുകൊണ്ടാണു ബഹു ഭൂരിപക്ഷം ബ്രോക്കറേജുകളും ഓഹരി വില്‍ക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT