canva
Markets

ഏത് സോഫ്റ്റ്‍വെയറും ഹാക്ക് ചെയ്യും; അതിശക്തം, മാരകം; പുതിയ എ.ഐ മോഡൽ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് ആന്ത്രോപിക്; നെഞ്ചിടിപ്പിൽ വീണ്ടും ഐ.ടി ഓഹരികൾ

പൊതുജനങ്ങൾക്കായുള്ള ക്ലോഡ് മിഥോസിന്റെ റിലീസ് വൈകിപ്പിക്കും. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകാനും ദേശീയ സുരക്ഷയെ ബാധിക്കാനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം.

Dhanam News Desk

പ്രമുഖ യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്, ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തവും അത്യാധുനികവും ഉയർന്ന പ്രകടന ശേഷി കാഴ്ചവെക്കുന്നതുമായ തങ്ങളുടെ പുതിയ എ.ഐ മോഡൽ ആയ ക്ലോഡ് മിഥോസ് (Claude Mythos) പൊതുജനങ്ങൾക്കായി റിലീസ് ചെയ്യുന്നത് വൈകിപ്പിക്കുമെന്ന് അറിയിച്ചു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകാനും ദേശീയ സുരക്ഷയെ ബാധിക്കാനും സാധ്യതയുള്ളത് മുൻനിർത്തിയാണ് ഈ പ്രഖ്യാപനം.

എന്തുകൊണ്ട് ഭീഷണിയാകും?

ഇന്റലിജൻസിന്റേയും റീസണിങ്ങിന്റേയും കാര്യത്തിൽ ക്ലോഡ് ഓപസ് ശ്രേണിയുടെ മുകളിൽ സ്ഥാനമുള്ള എ.ഐ മോഡലാണ് ക്ലോഡ് മിഥോസ്. പൊതു കാര്യങ്ങൾക്കു വേണ്ടിയാണ് രൂപകൽപ്പന ചെയ്തതെങ്കിലും സോഫ്റ്റ്‍വെയർ സംവിധാനങ്ങളിലെ തെറ്റുകളും അറിയാതിരുന്ന ന്യൂനതകളും കണ്ടെത്തുന്നതിൽ അഭൂതപൂർവമായ കഴിവ് പ്രകടിപ്പിക്കുന്നു. എ.ഐ സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനമായാണ് ക്ലോഡ് മിഥോസിനെ കണക്കാക്കുന്നത്. സൈബർ സെക്യൂരിറ്റി മേഖലയിൽ ക്ലോഡ് മിഥോസിന് മേൽക്കൈ ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം നിലവിലെ സോഫ്റ്റ്‍വെയർ സംവിധാനങ്ങളിൽ ക്ലോഡ് മിഥോസ് ഉപയോ​ഗപ്പെടുത്തി കണ്ടെത്തുന്ന തകരാറുകളും പാളിച്ചകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് പൊതുവായുള്ള റിലീസിങ് നടത്തുന്നതിൽ പിന്തിരായൻ ആന്ത്രോപിക് കമ്പനിയെ പ്രേരിപ്പിച്ച മുഖ്യഘടകം. മുൻകാലങ്ങളിൽ സൈബർ രം​ഗത്ത് അതീവ വൈദ​ഗ്ധ്യമുള്ളവർക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന ഹാക്കിങ് പോലുള്ള കാര്യങ്ങൾ, സോഫ്റ്റ്‍വെയർ പരിജ്ഞാനം പോലുമില്ലാത്തവർക്കും ക്ലോഡ് മിഥോസ് ഉപയോ​ഗപ്പെടുത്തി ചെയ്യാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതായത്, ഭൗതിക ലോകത്തെ യഥാർത്ഥ സുരക്ഷ പിഴവുകളെ കണ്ടെത്താനും അത് മുതലെടുക്കാനും കഴിയുന്ന വിധത്തിൽ എ.ഐ സാങ്കേതികവിദ്യ വളർന്നു കഴിഞ്ഞുവെന്ന് സാരം.

പ‌കരം കമ്പനി ചെയ്യുന്നതെന്ത്?

പൊതുവായ റിലീസ് നടത്തുന്നതിന് പകരം വിശ്വസ്തരായ 12 മുതൽ 40 വരെ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മാത്രം ക്ലോഡ് മിഥോസ് കൈകാര്യം ചെയ്യുന്നതിനുള്ള അനുവാദം പരിമിതപ്പെടുത്താനാണ് ആന്ത്രോപിക് തീരുമാനിച്ചിരിക്കുന്നത്. നിർണായക സോഫ്റ്റ്‍വെയർ, ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നിന്നുള്ള കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. സൈബർ സുരക്ഷയ്ക്കു വേണ്ടി ​​ഗ്ലാസ്‍വിങ് പ്രോജക്ട് എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ​ഗൂ​ഗിൾ, മൈക്രോസോഫ്റ്റ്, എ.ഡബ്ല്യൂ.എസ്, എൻവീഡിയ പോലുള്ള വമ്പൻ ടെക് കമ്പനികളും ഇക്കാര്യത്തിൽ ആന്ത്രോപികുമായി സഹകരിക്കുന്നുണ്ട്.

ഐടി ഓഹരികൾ സമ്മർദത്തിലാകുമോ?

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ത്രോപിക് റിലീസ് ചെയ്ത ക്ലോഡ് ഓപസ് 4.6 എന്ന മോഡലും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക എ.ഐ ടൂളുകളായ ക്ലോ‍‍ഡ് കോവർക്ക്, ക്ലോഡ് കോ‍ഡ് എന്നിവയാണ് ആ​ഗോള തലത്തിൽ തന്നെ ഐ.ടി ഓ​ഹരികളുടെ തകർച്ചയിലേക്ക് തള്ളിവിട്ടത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ക്ലോഡ് മിഥോസ് ആകട്ടെ, ഓപസ് ശ്രേണിയേക്കാളും ബുദ്ധിശക്തിയും കാര്യശേഷിയും വേ​ഗതയും പ്രകടിപ്പിക്കുന്ന എ.ഐ മോഡലാണ്. ചുരുക്കത്തിൽ സൈബർ സുരക്ഷാ മേഖലയിലും വെല്ലുവിളി ഉയർത്തുന്ന എ.ഐ മോഡൽ കൂടി അവതരിച്ചതോടെ, ഐ.ടി ഓഹരികൾ വീണ്ടും സമ്മർദത്തിലാകുമോ എന്നാണ് നിക്ഷേപക ലോകവും ഉറ്റുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT