പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യു.എസ് സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കവേ, രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില കാര്യമായ ഉയർച്ച താഴ്ച്ചകളില്ലാതെ നീങ്ങുന്നു. നിലവിൽ ഒരു ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില 5,000 ഡോളർ നിലവാരത്തിൽ തുടരുകയാണ്. എന്നാൽ, ഇറാൻ യുദ്ധം പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ കാലം നീണ്ടുനിന്നാൽ സ്വർണത്തിലും കനത്ത തിരിച്ചടി നേരിടാമെന്ന് യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ആർ.ജെ.ഒ ഫ്യൂച്ചേഴ്സിലെ മുതിർന്ന കമ്മോഡിറ്റി ബ്രോക്കർ ആയ ഡാനിയേൽ പവിലോണിസ് മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങൾ യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് (ബോണ്ട് യീൽഡ്), ക്രൂഡോയിൽ വില എന്നിവയാണെന്ന് ഡാനിയേൽ പവിലോണിസ് പറഞ്ഞു. 10 വർഷ കാലാവധിയുള്ള യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയരുന്നതിനൊപ്പം ക്രൂഡോയിൽ നിരക്കും വർധിക്കുന്ന സ്ഥിതിവിശേഷമാണെങ്കിൽ സ്വർണം, വെള്ളി പോലുളള വിലയേറിയ ലോഹങ്ങൾക്ക് തിരിച്ചടിയാകും.
കാരണം, ക്രൂഡോയിൽ വില ഉയരുമ്പോൾ പണപ്പെരുപ്പം വർധിക്കാനുള്ള കളമൊരുങ്ങും. ഇതോടെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി പണപ്പെരുപ്പത്തെ മെരുക്കാൻ ശ്രമിക്കും. പലിശ നിരക്ക് ഉയരുന്നത് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കും മുകളിലേക്ക് കൊണ്ടുവരും. ഇത് സ്വർണത്തിന്മേലുള്ള നിക്ഷേപം അനാകർഷകമാക്കും.
4-6 ആഴ്ച വരെ യുദ്ധം നീളാമെന്നാണ് യു.എസ് ഭരണകൂടം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇറാൻ ശക്തിയോടെ എതിർത്ത് നിന്നാൽ യുദ്ധം വിചാരിച്ചതിലും നീണ്ടുനിൽക്കുകയും ക്രൂഡോയിൽ വില ഉയർന്നു നിൽക്കുകയും ചെയ്താൽ സ്വർണത്തിന്റെ വില 4,200 ഡോളർ വരെ താഴാമെന്ന് ഡാനിയേൽ പവിലോണിസ് സൂചിപ്പിച്ചു. ഇത് നിലവിലെ വിപണി വിലയേക്കാൾ 16% താഴെയാണെന്നതും ശ്രദ്ധേയം.
ആഗോള കമ്മോഡിറ്റി വിപണിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്ന കിറ്റ്കോ ന്യൂസ് (Kitco News), അമേരിക്കയിലെ 15 പ്രമുഖരായ അനലിസ്റ്റുകൾക്കിടയിലും 270 മുൻനിര നിക്ഷേപകർക്കിടയിലും അടുത്തിടെ നടത്തിയ സർവ്വേ പ്രകാരം, 2026-ൽ സ്വർണ വിലയിലുണ്ടാകാവുന്ന നീക്കങ്ങളെ കുറിച്ച് ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തിയത്. പ്രമുഖ അനലിസ്റ്റുകളിൽ 40 ശതമാനം പേർ സ്വർണവില കയറാമെന്ന് പറഞ്ഞപ്പോൾ 40 ശതമാനം പേർ വില ഇടിയാമെന്നും ബാക്കിയുള്ള 20 ശതമാനം പേർ സ്വർണ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.
എന്നാൽ റീട്ടെയിൽ നിക്ഷേപകരിൽ 63 ശതമാനം പേരും 2026-ൽ സ്വർണ വില ഉയരുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. 12 ശതമാനം നിക്ഷേപകർ മാത്രമാണ് ഈ വർഷം സ്വർണം ഇടിയാമെന്ന് സൂചിപ്പിച്ചത്. ബാക്കിയുള്ള 25 ശതമാനം പേർ സ്വർണ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ സ്വർണ വിപണിയുടെ 2026-ലെ പ്രകടനത്തെ കുറിച്ച് ഭിന്നാഭിപ്രായമാണെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine