canva
Markets

പ്രതിസന്ധികള്‍ ഏറെ, കാണേണ്ടത് വഴികള്‍

ലോകം അപ്രതീക്ഷിതമായി വലിയൊരു പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുമ്പോള്‍ സംരംഭകര്‍ എന്താണ് ചെയ്യേണ്ടത്?

Dhanam News Desk

'Today is difficult, tomorrow is more difficult, but the day after tomorrow is beautiful. Etnrepreneurs who survive uncertainty reach that third day.''

ആലിബാബ സ്ഥാപകന്‍ ജാക്ക് മയുടെ ഏറെ വിഖ്യാതമായ ഉദ്ധരണിയാണിത്. പ്രതിസന്ധികാലത്ത് എവിടെ തിരിഞ്ഞാലും കാണാനും കേള്‍ക്കാനും സാധിക്കും ആലിബാബയുടെയും ജാക്ക് മയുടെയും കഥകള്‍. പ്രതിസന്ധികള്‍ക്കിടയിലെ അവസരങ്ങളാണ് ജാക്ക് മ കണ്ടത്ത്. അതാണ് ആലിബാബയെ വളര്‍ത്തിയതും.

വെറും 72 മണിക്കൂറിനിടെയാണ് ലോകം മറ്റൊരു യുദ്ധത്തിന്റെ മധ്യത്തിലേക്ക് വീണത്. തുടങ്ങിയത് വേഗമാണെങ്കിലും അവസാനിക്കുന്നത് എപ്പോഴെന്ന് നിശ്ചയമില്ലാത്ത സ്ഥിതിയാണ്.

ചരിത്രത്തിലെ ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളുടെയെല്ലാം അവസാനം പൊതുവെ ലോകം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ദീര്‍ഘനാള്‍ എടുത്താണ് സംഭവിക്കുക. അതുകൊണ്ട് അടുത്ത ദിവസമോ, അടുത്ത ആഴ്ചയോ മധ്യേഷ്യന്‍ യുദ്ധം അവസാനിച്ചേക്കാം. പക്ഷേ അതുമൂലമുണ്ടായ ചില കീഴ്‌മേല്‍ മറിക്കലുകള്‍ സ്ഥിരമായി തന്നെ അവിടെ കാണും. ഈ സാഹചര്യത്തില്‍ ബിസിനസുകാര്‍ എന്ത് ചെയ്യണം?

മധ്യേഷ്യന്‍ യുദ്ധം എന്നതുപോലെ തന്നെ എന്തും അതിവേഗമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രംഗത്തെയും മാറ്റുന്നത് അതിവേഗമാണ്. ലോകത്തിലെ വാണിജ്യക്രമം കീഴ്‌മേല്‍ മറിയുന്നത് അതിവേഗമാണ്. ഈ ലോകത്തിന്റെ മുഖമുദ്ര തന്നെ സ്പീഡാണ്. സംരംഭകര്‍ ചെയ്യേണ്ട ആദ്യകാര്യം അത് മനസിലാക്കുകയെന്നതാണ്. ലോകത്തിലെ മാറ്റങ്ങള്‍ ബിസിനസുകളെ നിര്‍ബന്ധിതമായി മാറ്റുന്നതിന് മുമ്പേ സ്വയം മാറുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.

പിടിച്ചുനില്‍ക്കുന്നവര്‍ വിജയികള്‍

പ്രതിസന്ധികള്‍ പുതുമയുള്ള കാര്യമല്ല. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍, ഡോട്ട് കോം തകര്‍ച്ച, കോവിഡ് വ്യാപനം എന്നുതുടങ്ങി ഒട്ടേറെ സംഭവവികാസങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചുനിന്ന് ക്ഷമയോടെ കരുക്കള്‍ നീക്കുന്നവരാണ് പിന്നീട് ചരിത്രം രചിച്ചിട്ടുണ്ടാവുക. ഉദാഹരണമായി ഒരു മലയാളി തന്നെയുണ്ട്- ലുലു ഗ്രൂപ്പ് സാരഥി എം.എ യൂസഫലി. ഇറാഖ്, കുവൈത്തിനെ ആക്രമിച്ചപ്പോള്‍ ഗള്‍ഫ് മേഖലയില്‍ അസ്ഥിരത നടമാടി. ബിസിനസുകള്‍ തകര്‍ന്നു.

സപ്ലൈ ചെയ്‌നുകള്‍ താറുമാറായി. ആയിരക്കണക്കിന് പ്രവാസികള്‍ ഭയചകിതരായി. പക്ഷേ യൂസഫലി അവിടെ തന്നെ ഉറച്ചുനിന്നു. അവിടത്തെ സര്‍ക്കാരും സപ്ലയര്‍മാരും പൊതുസമൂഹവും ഒക്കെയുമായി ബന്ധം ശക്തിപ്പെടുത്തി. പ്രതിസന്ധി മാറിയപ്പോള്‍ അതിശക്തമായൊരു റീറ്റെയ്ല്‍ ശൃംഖലയായി ലുലു മാറി. സാഹചര്യം ഏതായാലും അതുമായി ഇഴുകിച്ചേരുകയെന്നതാണ് നിലനില്‍ക്കാനുള്ള ഒരു വഴി. |

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ബിസിനസുകള്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

ചെലവ് പരിശോധിക്കുക: ലോകം വലിയൊരു ഊര്‍ജ പ്രതിസന്ധിയുടെ മധ്യത്തിലാണ്. നമ്മുടെ വീടുകളിലെ അടുക്കളയില്‍ വരെ അത് എത്തിത്തുടങ്ങി. ഏതൊരു പ്രതിസന്ധി വരുമ്പോഴും സ്വന്തം ബിസിനസിലെ ഏത് മേഖലയെയാണ് അത് ബാധിക്കുകയെന്ന് പരിശോധിക്കുക. ചെലവ് ചുരുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുക.

കീഴ്‌മേല്‍ മറിക്കലിനുള്ളിലുള്ള അവസരങ്ങള്‍ കാണുക: 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധികളാണ് എയര്‍ബിഎന്‍ബി, ഊബര്‍ പോലുള്ള കമ്പനികളുടെ പിറവിക്ക് കാരണമായത്. അതായത് ഉപഭോക്താക്കളുടെ താല്‍പര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ പുതിയൊരു ബിസിനസ് മോഡലിന്റെ സൃഷ്ടിക്ക് കാരണമാകും. കോവിഡ് കാലത്താണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ടെലിമെഡിസിന്‍ പോലുള്ള സംവിധാനങ്ങളും അതിദ്രുത വളര്‍ച്ച നേടിയത്. ഓരോ ഡിസ്‌റപ്ഷനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളില്‍ സ്ഥിരമായൊരു മാറ്റം കൊണ്ടുവരുന്നുണ്ട്. ആ മാറ്റമാണ് പുതിയ അവസരം തുറന്നിടുന്നത്.

നിങ്ങളുടെ മനോഭാവം എന്താണ്?

'ഓരോ സര്‍ക്കാരുകളും അധികാരമേല്‍ക്കുമ്പോള്‍ ഒരു പ്രസ്താവന നടത്തും. ഇനി കേരളത്തില്‍ ലോഡ്‌ഷെഡ്ഡിങ്ങും വോള്‍ട്ടേജ് പ്രശ്‌നങ്ങളും ഉണ്ടാവില്ല. അത് കേള്‍ക്കുമ്പോള്‍ ഞാനൊന്ന് ഉലയും. വോള്‍ട്ടേജ് പ്രശ്‌നമില്ലെങ്കില്‍ എന്റെ ബിസിനസ് പൂട്ടില്ലേ, ഞാന്‍ എന്ത് ചെയ്യും? ഇതുപോലെ കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധികളാണ് എന്നെ പുതിയ ബിസിനസ് മേഖലകളിലേക്ക് നയിച്ചത്, ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടന്ന എംഎസ്എംഇ സമിറ്റില്‍ പങ്കെടുത്ത് ഒരിക്കല്‍ വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിയ തുറന്നുപറച്ചിലാണിത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടക്കമിട്ട പ്രസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് മലയാളികള്‍ക്കറിയാം. ഇപ്പോള്‍ അദ്ദേഹം സ്ഥാപിച്ച കമ്പനികളില്‍ മൂന്നാമത്തേതിന്റെ ലിസ്റ്റിങ്ങിനുള്ള ഒരുക്കത്തിലാണ്. എങ്ങനെയാണ് അദ്ദേഹത്തിന് ഇതൊക്കെ സാധിച്ചത്? ഉത്തരം ലളിതമാണ് അവസരങ്ങളില്‍ മാത്രം നോക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. ലോകത്തെ വിജയിച്ച

ഏതൊരു സംരംഭകന്റെയും മനോഭാവം ഇതുതന്നെയാണ്. പ്രതിസന്ധികളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ കാണാതെ വരും. വിപണി അതിവേഗം മാറുമ്പോള്‍ അതിലേറെ വഴക്കത്തോടെ സംരംഭകരും മാറണം.

'നാം പണിയെടുത്താല്‍ നമുക്ക് ജീവിക്കാം,' പലരും പറയുന്ന കാര്യമാണിത്. പക്ഷേ ഈ ലോകത്ത് സ്വന്തം കാര്യം നോക്കി മറ്റൊന്നിലും ശ്രദ്ധിക്കാതെ നടക്കുന്നത് അപകടകരമാണ്. ലോകത്ത് എന്ത് നടക്കുന്നുവെന്നത് സൂക്ഷ്മമായി തന്നെ അറിയുക. ഇപ്പോള്‍ തന്നെ നോക്കൂ. യുദ്ധം തുടങ്ങി ആഴ്ചയൊന്ന് പിന്നിടും മുമ്പേ വഴിയരികിലെ ചായക്കട പൂട്ടി. ലോകത്ത് എന്ത് നടന്നാലും ഇന്ന് ഏതൊരു ബിസിനസിനെയും ബാധിക്കും. ഏത് പുതിയ ടെക്‌നോളജി വന്നാലും അതിനെ സാധ്യമായത്ര വിധത്തില്‍ ബിസിനസില്‍ ഉള്‍ക്കൊള്ളിക്കുക. ഡിജിറ്റലാകാതെ ഇനി വളര്‍ച്ചയില്ല.

കാണേണ്ടത് മനുഷ്യരെ

യുദ്ധങ്ങള്‍ വരും. ടെക്‌നോളജികള്‍ ബിസിനസുകളില്‍ പിടിമുറുക്കും. ചുങ്കപ്പോരുകള്‍ ഇനിയും വരാം. പ്രതിസന്ധികളുടെ സ്വഭാവമേ മാറുകയുള്ളൂ. പ്രതിസന്ധി മാറില്ല. ഇതിനിടെ വളരാന്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്കുപരിയുള്ള കാഴ്ചപ്പാട് ബിസിനസുകള്‍ക്കും സംരംഭകര്‍ക്കും വേണം. ചുറ്റിലുമുള്ള മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തലാണ് തങ്ങളുടെ ലക്ഷ്യം. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാണ് തങ്ങളുടെ ദൗത്യമെന്ന് കരുതിയാല്‍ മുന്നില്‍ അവസരങ്ങള്‍ തനിയെ തുറന്നുവരും.പ്രതിസന്ധികള്‍ അതിജീവിക്കുക തന്നെ ചെയ്യും. 'If you don't give up, you still have a chance. Giving up is the greatest failure.' ജാക്ക് മയുടെ തന്നെ മറ്റൊരു പ്രസിദ്ധമായ വാചകമാണിത്.

അടിസ്ഥാന തത്വങ്ങള്‍ മറക്കാതിരിക്കുക

വെല്ലുവിളികള്‍ നിറയുന്ന കാലത്ത് ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് മൂന്നിടങ്ങളിലാണ്.

1. ഉപഭോക്താക്കള്‍: ആരാണ് എന്റെ ഉപഭോക്താക്കള്‍? എന്താണ് അവരുടെ ആവശ്യം? ഇക്കാര്യം വീണ്ടും വീണ്ടും പരിശോധിച്ച് വ്യക്തമായി മനസിലാക്കുക. സംരംഭകരെ പോലെ തന്നെ അവരുടെ ജീവനക്കാരും ഇടപാടുകാരും എല്ലാം ഒരേ വാര്‍ത്തകളാണ് വായിക്കുന്നത്. ഒരേ റീലുകളാണ് കാണുന്നത്. ആശങ്കകളും ഒരുപോലെയാകും. പ്രതിസന്ധികള്‍ വന്നപ്പോള്‍ സ്ഥിരം ഉപഭോക്താക്കളുടെ ആവശ്യങ്ങളിലും ചില മാറ്റങ്ങള്‍ വന്നുകാണും. അത് മനസിലാക്കി സേവനങ്ങള്‍/ഉല്‍പന്നങ്ങള്‍ നവീകരിക്കുക.

2. ജീവനക്കാര്‍: ടീമിനെ കൂടെ നിര്‍ത്തുക. ശക്തമായ, നൂതന ആശയങ്ങള്‍ വരുന്ന, ഒരു സ്റ്റാര്‍ട്ടപ്പിന്റേത് പോലെ വഴക്കമുള്ള ടീമുണ്ടെങ്കില്‍ മാറ്റങ്ങളെ അതിവേഗം മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും.

3. മറ്റ് പങ്കാളികള്‍: ബിസിനസിന്റെ ഭാഗമായി നില്‍ക്കുന്ന നിക്ഷേപകര്‍, സപ്ലയര്‍മാര്‍, വിതരണക്കാര്‍ എന്നിങ്ങനെ എല്ലാവരെയും വേണ്ട രീതിയില്‍ പരിഗണിക്കുക.

New pain, New Opportuntiy. ഇതാണ് ഓരോ പ്രതിസന്ധികളും ബിസിനസുകാരെ പഠിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരെ കാണാന്‍ പോലുമുള്ള അവസരം കോവിഡ് കാലത്തുണ്ടായില്ല. വേദനാജനകമായ സംഭവമായിരുന്നു അത്. ആ വേദന ടെലിമെഡിസിന്‍ പോലുള്ളവയുടെ വളര്‍ച്ചക്ക് കാരണമായി. സ്വന്തമായൊരു വാഹനം വാങ്ങി, ആര്‍ഭാടത്തോടെ എല്ലായിടത്തും പോകാന്‍ പറ്റാത്ത സ്ഥിതിവിശേഷം സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങള്‍ക്കുണ്ടായി. അതിന്റെ ഫലമായി ആസ്തി വളരെ കുറഞ്ഞ, സാങ്കേതിക മികവുള്ള, കരുത്തുറ്റ ഒരു ബിസിനസ് മോഡല്‍ ഉയര്‍ന്നുവന്നു. ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി അഗ്രിഗേറ്റര്‍ കമ്പനികള്‍ ഇതിന് ഉദാഹരണമാണ്.

മാര്‍ച്ച് 31 ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT