കഴിഞ്ഞ ഏതാനും മാസങ്ങളായി ഐടി ഓഹരികൾ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, ടെക് മഹീന്ദ്ര ഉൾപ്പെടെയുള്ള രാജ്യത്തെ മുൻനിര ഐടി കമ്പനികളുടെ ഓഹരികളെല്ലാം ഒരു വർഷത്തെ താഴ്ന്ന വിലനിലവാരത്തിലേക്ക് പതിച്ചു. എൻ.എസ്.ഇ.യുടെ പ്രധാന ഓഹരി വിഭാഗം സൂചികകളിലൊന്നായ (Sectoral Indices) നിഫ്റ്റി ഐടി, കഴിഞ്ഞയാഴ്ച 10 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ശതമാനത്തിലേറെയും വീതം ഇടിവ് കുറിച്ചു. ഇതോടെ ഐടി ഓഹരികളിൽ നേരിട്ട് നിക്ഷേപിച്ചവർ മാത്രമല്ല വിവിധ മ്യൂച്ചൽ ഫണ്ട് വിഭാഗങ്ങളിലെ സ്കീമുകളിൽ നിക്ഷേപിച്ചവരും തിരിച്ചടി നേരിടുകയാണ്.
ഐടി ഓഹരികളുടെ തകർച്ച ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ടെക് ഫണ്ടുകളെയാണ്. ഇവയിൽ 70% മുതൽ 100% വരെ നിക്ഷേപവും ഐടി ഓഹരികളിലായതാണ് മൊത്തത്തിലുള്ള നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) കുറയാൻ ഇടയാക്കിയത്. അതുപോലെ ഐടി ഓഹരികൾക്ക് പൊതുവേ ഉയർന്ന വെയിറ്റേജ് (Weightage) നൽകിയിട്ടുള്ള ഫ്ലെക്സി-ക്യാപ്, ലാർജ്-ക്യാപ് ഫണ്ടുകൾ എന്നിങ്ങനെയുള്ള ഭൂരിഭാഗം ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിലും തിരിച്ചടി നേരിടുന്നുണ്ട്. അതായത് ഐ.ടി ഓഹരി സൂചികയിലെ ഓരോ ശതമാനം ഇടിവും ഇത്തരം മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം പ്രകടനത്തെ സാരമായി ബാധിക്കുന്നുവെന്ന് സാരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഓട്ടോമേഷൻ എന്നിവയുടെ അതിവേഗ വളർച്ചയിലൂടെ ഉരുത്തിരിയുന്ന നൂതന സാങ്കേതികവിദ്യകൾ നിലവിലെ ഐടി സേവന മാതൃകകളെ നിഷ്പ്രഭമാക്കുമോ എന്ന ആശങ്ക വിപണിയിലുണ്ട്. അതുപോലെ ക്ലൗഡ് കമ്പ്യൂട്ടിംഗിൽ നിന്ന് എ.ഐ അധിഷ്ഠിത സേവനങ്ങളിലേക്കുള്ള മാറ്റം കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ലാഭമാർജിനുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. കൂടാതെ ആഗോള തലത്തിൽ ഐടി ബജറ്റുകളിൽ വരുത്തുന്ന നിയന്ത്രണങ്ങളും ഇന്ത്യൻ കമ്പനികളുടെ പുതിയ ഓർഡർ ബുക്കിംഗിനെ ബാധിക്കുന്നുണ്ട്.
ചുരുക്കത്തിൽ വിപണിയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രകടമാകുന്ന കേവലം താത്കാലിക ലാഭമെടുക്കൽ (Profit booking) എന്നതിലുപരിയായി, ആഗോളതലത്തിൽ ഐടി മേഖല നേരിടുന്ന ഘടനാപരമായ മാറ്റങ്ങളുടെ പ്രതിഫലനമായാണ് ഇത്തവണത്തെ തിരിച്ചടിയെ മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അതുപോലെ വിപണിയിൽ മുന്നേറ്റം അലയടിക്കുമ്പോൾ മികച്ച നേട്ടം നൽകുന്ന കേന്ദ്രീകൃത നിക്ഷേപങ്ങൾ (Concentrated exposure), വിപണിയുടെ തിരുത്തൽ ഘട്ടങ്ങളിൽ പോർട്ട്ഫോളിയോയിൽ അത്രതന്നെ വലിയ ആഘാതത്തിന് കാരണമാകുന്നു എന്നതും ഐടി ഓഹരികളിലെ നിലവിലെ സാഹചര്യം വെളിവാക്കുന്നു.
മുൻനിര ഐ.ടി കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) മികച്ച ലാഭം കരസ്ഥമാക്കിയിട്ടുണ്ട്. ടി.സി.എസ് (₹72,398 കോടി), ഇൻഫോസിസ് (₹42,280 കോടി), എച്ച്.സി.എൽ ടെക് (₹26,752 കോടി) എന്നിങ്ങനെയാണ് ലാഭം രേഖപ്പെടുത്തിയത്. 22% മുതൽ 27% വരെയുള്ള ഓപ്പറേറ്റിംഗ് മാർജിൻ നിലനിർത്താനും ഈ കമ്പനികൾക്ക് സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയം.
"നിലവിൽ ഐടി കമ്പനികളുടെ കൈവശമുള്ള വലിയ ക്യാഷ് റിസർവ് ഉപയോഗിച്ച് ആഭ്യന്തര - അന്തർദ്ദേശീയ തലത്തിലുള്ള എ.ഐ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കുക (Acquisitions) എന്നതാണ് ഈ ഘട്ടത്തിൽ സ്വീകരിക്കാവുന്ന യുക്തിസഹമായ നിലപാട്. ഓഹരികൾ തിരിച്ചുവാങ്ങി (Stock Buyback) നേരിടുന്ന ഇടിവിന്റെ ആഘാതം കുറയ്ക്കാൻ ശ്രമിക്കുന്നതിനേക്കാൾ, സാങ്കേതികവിദ്യ ആർജ്ജിക്കുന്നതിനായി മൂലധനം വിനിയോഗിക്കുന്നതാകും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുക. അതായത് നിലവിലെ സാമ്പത്തിക ഭദ്രത പ്രയോജനപ്പെടുത്തി എ.ഐ സ്റ്റാർട്ടപ്പ് കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ വിജയകരമായി പരീക്ഷിച്ചാൽ നിലവിലെ തിരിച്ചടിയിൽ നിന്നും ഐടി ഓഹരികൾക്ക് കരകയറാനുള്ള വഴിതെളിയാമെന്ന് സാരം," സെബി അംഗീകൃത റിസർച്ച് അനലിസ്റ്റും ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമായ ബാലചന്ദ്രൻ വിശ്വറാം പറഞ്ഞു.
"സമീപകാലത്ത് നേരിട്ട കനത്ത തിരിച്ചടി കാരണം, ഐ.ടി ഓഹരികൾക്ക് മുൻഗണന നൽകിയ സെക്ടറൽ ഫണ്ടുകളെയും മ്യൂച്വൽ ഫണ്ടുകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, മ്യൂച്വൽ ഫണ്ടുകൾ പ്രൊഫഷണൽ രീതിയിൽ മാനേജ് ചെയ്യപ്പെടുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിപണിയിൽ പുതിയ എ.ഐ അധിഷ്ഠിത കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ, ഫണ്ട് മാനേജർമാർ പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കുന്നതിലൂടെ നഷ്ടം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അതായത് ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം നേരിടാമെങ്കിലും മേൽസൂചിപ്പിച്ചതു പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സെക്ടറിൽ സംഭവിക്കുകയാണെങ്കിൽ ദീർഘകാലയളവിൽ ഐടി ഓഹരികൾക്ക് തിരിച്ചുവരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്," എന്നും മാർക്കറ്റ് അനലിസ്റ്റ് ബാലചന്ദ്രൻ വിശ്വറാം പറഞ്ഞു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ ഫണ്ടുകളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine