ഓഹരി വിപണിയിലെ ഡെറിവേറ്റീവ് വിഭാഗത്തിലെ (ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് - F&O) ഇടപാടുകൾക്ക് ചുമത്തുന്ന സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്കിൽ 150 ശതമാനം വരെ വർധനയാണ് ഇത്തവണത്തെ പൊതുബജറ്റിൽ നിർമല സീതാരാമൻ നിർദേശിച്ചിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എസ്ടിടി നിരക്ക് വർധയ്ക്ക്, ആഭ്യന്തര വിപണിയിലെ എഫ്&ഒ ട്രേഡിങ്ങിനെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയുമെന്നതാണ് വസ്തുത.
ഇക്വിറ്റി ഡെറിവേറ്റീവ് വിപണിയിൽ സമീപകാലത്ത് ക്രമാതീതമായി വർധിച്ച ഊഹാടിസ്ഥാനത്തിലുള്ള വ്യാപാര ഇടപാടുകളെ (Speculative trading) ഒരുപരിധിവരെ നിയന്ത്രിക്കാൻ എസ്ടിടി വർധന സഹായിച്ചേക്കും. ഇതിലൂടെ റീട്ടെയിൽ നിക്ഷേപകരെ അച്ചടക്കത്തോടെയുള്ള ദീർഘകാല നിക്ഷേപത്തിലേക്ക് വഴിതിരിച്ചുവിടാനും പ്രേരണയേകാം. നിരക്ക് ഉയർത്താനുള്ള ന്യായമെന്ന നിലയിൽ സർക്കാർ ചൂണ്ടിക്കാട്ടിയതും ഇക്കാര്യങ്ങളാണ്. എന്നാൽ ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്നതുപോലെ, എസ്ടിടി നിരക്ക് വർധന കാരണം ചില ദോഷങ്ങളും വിപണിയിൽ തലപൊക്കാനുള്ള സാധ്യതയുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
ഇക്വിറ്റി ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളുടെ എസ്ടിടി നിരക്ക് 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനത്തിലേക്കാണ് ഉയർത്തിയത്. 150 ശതമാനത്തിന്റെ വർധന. അതുപോലെ ഓപ്ഷൻസ് കോൺട്രാക്ടുകളിലെ എസ്ടിടി നിരക്ക് 0.10 ശതമാനത്തിൽ നിന്നും 0.15 ശതമാനത്തിലേക്കും വർധിപ്പിച്ചു. ഇത് ഹൈ-ടേണോവർ (High‑turnover) തന്ത്രങ്ങളിൽ അധിഷ്ഠിതവും ചെറിയ വില വ്യത്യാസത്തിൽ നിന്നും നേട്ടം കൊയ്യാനും ശ്രമിക്കുന്ന എച്ച്എഫ്ടി (ഹൈ ഫീക്വൻസി ട്രേഡിങ്), സ്കാൽപ്പിങ് (Scalping), അൽഗോരിഥമിക് ട്രേഡിങ് (ഇൻട്രാഡേ അൽഗോയിലാകും കൂടുതൽ സ്വാധീനം) എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തും.
ഉദ്ദാഹരണത്തിന് നിഫ്റ്റി സൂചികയുടെ ഫ്യൂച്ചേഴ്സിൽ ട്രേഡ് ചെയ്യുന്നവർക്ക് എസ്ടിടിയുടെ ചെലവ് മാത്രം നേരിടാൻ നേരത്തെ 4 മുതൽ 5 വരെ പോയിന്റ് മാറിക്കിട്ടിയാൽ മതിയായിരുന്നു. എന്നാൽ നിരക്ക് ഉയർത്തുന്നതോടെ എസ്ടിടിയുടെ ചെലവ് മാത്രം വസൂലാക്കാൻ 10 മുതൽ 12 വരെ പോയിന്റ് സൂചികയിൽ മാറിക്കിട്ടണം. ഇതിന് പുറമെ ബ്രോക്കറേജ്, എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ചാർജ് എന്നിങ്ങനെയുള്ള മറ്റ് ചെലവുകൾ കൂടി കണക്കിലെടുത്താൽ നിഫ്റ്റി ഫ്യൂച്ചേഴ്സിൽ എടുക്കുന്ന ഒരു ട്രേഡ് ലാഭകരമായി മാറുവാൻ നേരത്തെയുള്ള 5 പോയിന്റിന് പകരം 20-25 പോയിന്റ് വരെ മാറിക്കിട്ടേണ്ടിവരും.
ഇത് സൂചികയിലെ നേരിയ വ്യത്യാസത്തിനിടയിൽ നിന്നുള്ള ലാഭം നോട്ടമിട്ട് തയ്യാറാക്കിയ നിരവധി എച്ച്എഫ്ടി, അൽഗോ, ഇൻട്രാഡേ ട്രേഡിങ് പ്രോഗ്രാമുകളെ അല്ലെങ്കിൽ അൽഗോരിഥങ്ങളെ സാമ്പത്തികമായി മെച്ചമല്ലാതാക്കും. ഇതു സൂചികയിൽ കുറച്ചുകൂടി വലിയ വ്യത്യാസത്തിൽ വരുന്ന മാറ്റങ്ങളിൽ നിന്നുമാത്രമേ നേട്ടം കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കും. ചുരുക്കത്തിൽ റിസ്ക്-റിവാർഡ് (ഒരു ട്രേഡിനുമേലുള്ള റിസ്ക് ഘടകങ്ങളും അതിൽ നിന്നും കിട്ടാവുന്ന ആദായസാധ്യതയും തമ്മിലുള്ള അനുപാതം) റേഷ്യോ അനാകർഷമാക്കും.
എസ്ടിടി നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ എഫ്&ഒ ട്രേഡിങ് ഇടപാടുകളുടെ എണ്ണത്തിൽ (വോളിയം) 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിഗമനം. എസ്ടിടി വർധനയോടെ വമ്പൻ സ്ഥാപനങ്ങൾ ട്രേഡ് കുറയ്ക്കുകയാണെങ്കിൽ അത് ഡെറിവേറ്റീവ് വിപണിയിലെ മൊത്തം ലിക്വിറ്റിഡിയിലും കുറവുണ്ടാക്കും.
എഫ്&ഒയിലെ എസ്ടിടി നിരക്ക് വർധനയോടെ ഇടപാടുകൾക്ക് ചെലവേറിയതോടെ ലാഭക്ഷമത കുറയുന്നതിനാൽ നിലവിലുള്ള എച്ച്എഫ്ടി, അൽഗോ സ്ട്രാറ്റജികളിലെ ഒരുവിഭാഗത്തിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. നേരിയ വില വ്യതിയാനത്തിൽ നേട്ടം കൊയ്യാനിരിക്കുന്ന ഇത്തരം ട്രേഡർമാരുടെ പിന്മാറ്റം ചാഞ്ചാട്ടങ്ങളിലും (Volatility) കുറവുണ്ടാക്കാം. എന്നാൽ മറുവശത്ത് ലിക്വിഡിറ്റിയും താഴുന്നതിനാൽ വിപണിയിൽ സമ്മർദമേറുന്ന ഘട്ടങ്ങളിൽ വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകളിലെ വില വ്യത്യാസം അഥവാ സ്പ്രെഡ് (Bid–Ask Spreads) വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് മറ്റൊരു തരത്തിൽ വിലയിലെ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങളിലേക്ക് നയിക്കാം.
ചുരുക്കത്തിൽ എസ്ടിടി ഉയർന്നതോടെ വിലയിലെ ചാഞ്ചാട്ടങ്ങളിലും പൊടുന്നനേ നേരിടുന്ന വലിയ വ്യതിയാനങ്ങളിലും കാര്യമായ കുറവുണ്ടാകാതിരിക്കുകയും എന്നാൽ ഇടപാട് പൂർത്തിയാകാനുള്ള ചെലവ് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലൂടെ റിസ്ക് മാനേജ്മെന്റ് അല്ലെങ്കിൽ ഹെഡ്ജ് ചെയ്യാൻ ശ്രമിക്കുന്നതും ചെലവേറിയതാകും. ഇത് യാഥാർത്ഥ പ്രൊഫഷണലായ റീട്ടെയിൽ നിക്ഷേപകർക്കും തിരിച്ചടിയേകുന്നതാണ്. ഇടയ്ക്കിടെ ഡെറിവേറ്റീവ് വിഭാഗങ്ങളിലെ നികുതിയിൽ വരുത്തുന്ന മാറ്റങ്ങൾ ഭരണനയങ്ങളിലെ അസ്ഥിരത സംബന്ധിച്ച ആശങ്ക സൃഷ്ടിക്കാം എന്നതിനാൽ എല്ലാത്തരം സജീവ നിക്ഷേപകരുടെയും ദീർഘകാല തന്ത്രങ്ങളെ അത് സങ്കീർണമാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine