canva
Markets

വീണ്ടും യു.എസിന്റെ പൂഴിക്കടകൻ; ഇത്തവണ വീഴ്ത്തിയത് സോളാർ ഓഹരികളെ; 15% വരെ ഇടിവ്; എന്തുകൊണ്ട്?

യു.എസ് 126% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സോളാർ കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ്. കയറ്റുമതിയിൽ നിന്നും ​ഗണ്യമായ വരുമാനം നേടുന്ന കമ്പനികൾക്ക് മുന്നിൽ അനിശ്ചിതത്വം.

Dhanam News Desk

സോളാർ പാനൽ നിർമിക്കുന്ന കമ്പനികളുടേയും പുനരുപയോ​ഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ഓഹരികളിൽ കടുത്ത വിൽപ്പന സമ്മ‌ർദം. യു.എസ് വിപണി ലക്ഷ്യമാക്കി സോളാർ പാനലുകളും സോളാർ സെല്ലുകളും കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് വൻ തിരിച്ചടി നേരിടുന്നത്. 15 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. യു.എസ് ഭരണകൂടം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സോളാർ പാനലുകൾക്കും സെല്ലുകൾക്കും 126 ശതമാനം നിരക്കിലുള്ള ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതാണ് മുഖ്യ കാരണം.

തിരിച്ചടി നേരിടുന്ന ഓഹരികൾ

  • വാരീ എനർജീസ് - 15% ഇടിഞ്ഞ് 2,570 രൂപ വരെ താഴ്ന്നു

  • പ്രീമിയർ എനർജീസ് - 12% വരെ തിരിച്ചടി നേരിട്ട് 699 രൂപ വരെ താഴ്ന്നു

  • വിക്രം സോളാർ - 8% വരെ ഇടിഞ്ഞ് 171 രൂപ വരെ താഴ്ന്നു

യു.എസിലേക്ക് പരിമിതമായ കയറ്റുമതിയേ ഉള്ളൂവെങ്കിലും സെക്ടറുമായ ബന്ധപ്പെട്ട പ്രതികൂല വാർത്ത കാരണം മറ്റ് സോളാർ ഓഹരികളിലും ഇന്ന് തിരിച്ചടി നേരിടുന്നുണ്ട്. ഇൻസൊലേഷൻ എനർജി, എംവീ ഫോട്ടോവോൾട്ടൈയ്ക്ക്, അൽപെക്സ് സോളാർ തുടങ്ങിയ ഓഹരികളും ഇന്ന് ​നഷ്ടത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

യു.എസ് പറയുന്ന ന്യായമെന്ത്?

സോളാർ സെക്ടറിൽ പ്രവർത്തിക്കുന്ന മാനുഫാക്ചറിങ് കമ്പനികൾക്ക്, വൻ തോതിലുള്ള സർക്കാർ സബ്സിഡി നൽകുന്നുണ്ടെന്നും അതുവഴി ലഭിക്കുന്ന മുൻതൂക്കം ഉപയോ​ഗപ്പെടുത്തി വിപണിയിലെ മത്സരത്തിൽ മേൽക്കൈ നേടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഇന്ത്യൻ കമ്പനികൾക്കെതിരെ 126 ശതമാനം ഇറക്കുമതി തീരുവ യു.എസ് വാണിജ്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാന ആരോപണത്തിൽ ഇന്ത്യയ്ക്ക് പുറമെ ഇന്തൊനേഷ്യയ്ക്ക് 104 ശതമാനവും ലാവോസിന് 81 ശതമാനം നിരക്കിലും ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്.

യുഎസിലേക്ക് 60 ശതമാനത്തോളം സോളാർ ഉത്പന്നങ്ങളെത്തുന്നത് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. 2024-ലെ കണക്കുകൾ അനുസരിച്ച് യ.എസിലേക്ക് 79.26 കോടി ഡോളറിന്റെ (ഏകദേശം 7,200 കോടി രൂപ) സോളാർ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നും ഉണ്ടായിട്ടുള്ളത്. എന്തായാലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്ന പകരച്ചുങ്കം യു.എസ് സുപ്രീം കോടതി റദ്ദാക്കിയതു കൊണ്ട് ലഭിക്കുമെന്ന് കരുതിയിരുന്ന ​ഗുണഫലം ഇതോടെ ഇല്ലാതായി.

എന്തുകൊണ്ട് പ്രാധാന്യം?

യു.എസ് വിപണിയിലേക്കുള്ള ഇന്ത്യയുടെ സോളാർ കയറ്റുമതിയിൽ 2022-ൽ നിന്നും 2024-ലേക്ക് എത്തുമ്പോൾ 9 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. 126 ശതമാനം നിരക്കിലുള്ള വമ്പൻ ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നതോടെ യു.എസ് വിപണിയിൽ ഇന്ത്യൻ സോളാർ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഇല്ലാതാകും. ഇതോടെ കയറ്റുമതിയിൽ നിന്നും ​ഗണ്യമായ വരുമാനം കണ്ടെത്തിയിരുന്ന ഇന്ത്യൻ സോളാർ കമ്പനികൾക്ക് തിരിച്ചടിയാകും.

ഭാവി വരുമാനത്തിൽ അനിശ്ചിതത്വം ഉടലെടുക്കുന്നത് നിക്ഷേപക താത്പര്യം കുറയ്ക്കുന്ന ഘടകമാണ്. അതുപോലെ വ്യാപാര നയങ്ങളിൽ പൊടുന്നനേയുണ്ടാകുന്ന മാറ്റങ്ങൾ കാരണം കമ്പനികളുടെ ബിസിനസ് തന്ത്രങ്ങൾ പരിഷ്കരിക്കാൻ നേരിടുന്ന സമ്മർദവും ഓഹരികളിൽ ചാഞ്ചാട്ടത്തിനുള്ള വഴിയൊരുക്കും.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT