canva
Markets

₹6,325 കോടി ചെലവിട്ട് ബോണസ് ഷെയർ നൽകാൻ എൽ.ഐ.സി; നിക്ഷേപകരെ എങ്ങനെ ഇതു ബാധിക്കും?

എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിക്ഷേപകർക്ക് ബോണസ് ഇഷ്യൂ ചെയ്യുന്നത്.

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ അഥവാ എൽ.ഐ.സി, ഓഹരി ഉടമകൾക്കായി ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചു. 1:1 അനുപാതത്തിലാകും ബോണസ് ഷെയർ വിതരണം ചെയ്യുക. അതായത് അർഹതയുള്ള നിക്ഷേപകർക്ക്, കൈവശമുള്ള ഓരോ എൽ.ഐ.സി ഓഹരിക്കും ഒരു ബോൺസ് ഷെയർ വീതം ലഭിക്കുമെന്ന് സാരം. എൽ.ഐ.സി.യുടെ 22 ലക്ഷത്തോളം വരുന്ന ഓഹരി ഉടമകൾക്ക് ഇതിന്റെ ​ഗുണഫലം ലഭിക്കും. കഴിഞ്ഞ ​ദിവസം (ഏപ്രിൽ 13) ചേർന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

എന്താണ് ബോണസ് ഇഷ്യൂ?

നിർദിഷ്ട റെക്കോഡ് തീയതിയിൽ ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് നിശ്ചിത അനുപാതത്തിൽ സൗജന്യമായി അധിക ഓ​ഹരികൾ വിതരണം ചെയ്യുന്ന കോർപറേറ്റ് നടപടിയാണിത്. പണമായി തന്നെ ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാൻ കഴിയാത്ത അവസരങ്ങളിലോ, കമ്പനിയുടെ പക്കലുള്ള കരുതൽ ധനശേഖരം തന്ത്രപരമായി വിനിയോ​ഗിക്കുന്നതിനായോ, ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനായോ ഒക്കെ കമ്പനികൾ ബോണസ് ഇഷ്യൂവിനെ പ്രയോജനപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ​സ്റ്റോക്ക് ഡിവിഡന്റ് എന്ന വിശേഷണവും ബോണസ് ഇഷ്യൂവിനുണ്ട്.

എൽ.ഐ.സി ബോണസ് ഷെയർ എന്ന് കിട്ടും?

ഡയറക്ടർ ബോ‌ർഡ് യോ​ഗത്തിന്റെ അനുമതി ലഭിച്ചതിനുശേഷം വരുന്ന രണ്ട് മാസത്തിനുള്ളിൽ നിക്ഷേപകർക്ക് ബോണസ് ഷെയർ കൈമാറുമെന്നാണ് എൽ.ഐ.സി അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 2026 ജൂൺ 12-നകം ബോണസ് ഷെയർ വിതരണം പൂർത്തിയാക്കണം. അതേസമയം അർഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനായുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉടൻ അറിയിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.

എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിക്ഷേപകർക്ക് ബോണസ് ഇഷ്യൂ ചെയ്യുന്നത്. കമ്പനിയുടെ ധനശേഖരത്തിൽ നിന്നും 6,325 കോടി രൂപ ഇതിനായി വിനിയോ​ഗിക്കും. 2022 മേയ് മാസത്തിൽ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലി​സ്റ്റ് ചെയ്തതിനുശേഷം ഇതുവരെയായി 5 തവണ ഇടക്കാല ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറിയിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നേട്ടം എങ്ങനെ?

കമ്പനിയിൽ നിന്നും ഓഹരി ഉടമകളെ തേടിയെത്തുന്ന പാരിതോഷികങ്ങളിലൊന്നാണ് ബോണസ് ഇഷ്യൂ (ബോണസ് ഷെയർ). നിക്ഷേപകരെ സംബന്ധിച്ച് അധിക പണം മുടക്കാതെ തന്നെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ ബോണസ് ഇഷ്യൂ ചെയ്യുമ്പോൾ ​സ്റ്റോക്ക് സ്പ്ലിറ്റിൽ സംഭവിക്കുന്നതുപോലെ, ഓഹരിയുടെ മുഖവിലയിൽ (ഫേസ് വാല്യൂ) മാറ്റമൊന്നും ഉണ്ടാകില്ല. അതുകൊണ്ട് ബോണസ് ഇഷ്യൂ വഴി ലഭ്യമാകുന്ന അധിക ഓഹരികൾ മുഖേന ഭാവിയിൽ കമ്പനിയിൽ നിന്നും കിട്ടാവുന്ന ലാഭവിഹിതത്തിലും (ക്യാഷ് ഡിവിഡന്റ്) വർധനയുണ്ടാകും. കാരണം ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് കമ്പനികൾ പൊതുവേ ലാഭവിഹിതം ചെയ്യാറുള്ളത്. ഇതിനെല്ലാം പുറമെ ഓഹരിയുടെ വിപണി വില കാലക്രമേണ വർധിക്കുകയാണെങ്കിൽ മൂലധന നേട്ടവും തേടിയെത്താം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT