Hyundai website
Markets

വിപണി വിഹിതം കുറയുന്നതിനിടെ വന്‍ തിരിച്ചു വരവിന് ഹ്യുണ്ടായ്, ₹ 45,000 കോടിയുടെ നിക്ഷേപ പദ്ധതി, പുതിയ സി.ഇ.ഒ; ഓഹരി മുന്നേറ്റത്തില്‍

നിക്ഷേപം പുതിയ മോഡലുകൾ അവതരിപ്പിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും സഹായിക്കും

Dhanam News Desk

ഓഹരി വിപണിയിൽ മികച്ച മുന്നേറ്റവുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ (Hyundai Motor India - HMI) ഓഹരികൾ. കമ്പനിയുടെ സുപ്രധാന നിക്ഷേപ പ്രഖ്യാപനങ്ങളും മാനേജ്‌മെന്റിലെ അഴിച്ചുപണികളുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ഇന്ത്യൻ ഉപസ്ഥാപനമായ HMI, 2030 ഓടെ രാജ്യത്ത് 45,000 കോടി രൂപയുടെ വൻ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹന (EV) ഉത്പാദനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നിക്ഷേപം, ഇന്ത്യയിലെ വളർച്ചാ സാധ്യതകളിൽ കമ്പനിക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

15% വിപണി വിഹിതം

2030 ഓടെ ഏഴ് പുതിയ കാറുകൾ ഉൾപ്പെടെ 26 കാറുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ എന്നിവയുമായി മത്സരിക്കുന്ന ഒരു മൾട്ടി പർപ്പസ് വാഹനവും മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി എന്നിവയെ നേരിടാൻ ഒരു ഓഫ്-റോഡ് എസ്‌യുവിയും ഇതിൽ ഉൾപ്പെടുന്നു. 2030 ആകുമ്പോഴേക്കും 15 ശതമാനം വിപണി വിഹിതവും 30 ശതമാനം കയറ്റുമതിയും ഇന്ത്യയിൽ നിന്ന് നേടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിൽ വിപണി വിഹിതം കുറയുന്ന സാഹചര്യത്തിൽ, ഈ നിക്ഷേപം പുതിയ മോഡലുകൾ അവതരിപ്പിക്കാനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഈ പ്രഖ്യാപനത്തിന് പിന്നാലെ, HMI-യുടെ ഓഹരി വില 2.5 ശതമാനം വരെ ഉയർന്നു. വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം കമ്പനി പ്രഖ്യാപിക്കുന്ന വലിയ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ഇത്.

പുതിയ സി.ഇ.ഒ

നിക്ഷേപ പദ്ധതിക്ക് പുറമെ, കമ്പനിയുടെ മാനേജ്‌മെന്റിൽ വരുത്തിയ മാറ്റങ്ങളും ഓഹരി മുന്നേറ്റത്തിന് കാരണമായി. തരുൺ ഗാർഗിനെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിച്ചതാണ് സുപ്രധാന തീരുമാനം. നിലവിലെ CEO ആയിരുന്ന ഉൻസൂ കിം ആഗോള തലത്തിലുള്ള പുതിയ ചുമതലയിലേക്ക് മാറും.

പുതിയ നിക്ഷേപവും നേതൃമാറ്റവും കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇത് ഓഹരികളെ ആകർഷകമാക്കുകയും വിപണിയിൽ ശക്തമായ പ്രതികരണം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കമ്പനി കരുതുന്നത്.

ഉച്ചകഴിഞ്ഞ് 2 ശതമാനത്തോളം ഉയര്‍ന്ന് 2,458 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Hyundai Motor India announces ₹45,000 crore investment plan and new CEO as stock surges amid market share revival efforts.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT